കൊച്ചി: കോയമ്പത്തൂര്‍ അപകടത്തില്‍ നഷ്ടമായത് ഒരു ജീവന് വേണ്ടി കെഎസ്ആര്‍ടിസിയുടെ വഴിതിരിച്ചുവിട്ട കണ്ടക്ടറും ഡ്രൈവറും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉയരുമ്പോഴാണ് നന്മയായി ഡ്രൈവര്‍ ഗിരീഷും കണ്ടക്ടര്‍ ബൈജുവിന്റേയും വാര്‍ത്ത പുറത്തുവരുന്നത്
2018 ജൂണ്‍ മൂന്നിനാണ് യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച യാത്രക്കാരിയെ ആശുപത്രിയിലാക്കാനായി ഗിരീഷും ബൈജുവും ബസ് തിരിച്ചുവിടുന്നത്. ഡോ. കവിത വാര്യര്‍ക്കാണ് പെട്ടന്ന് അസുഖം ബാധിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ബന്ധുക്കളെത്തുവരെ ബൈജു കൂട്ടിരിക്കുകയും ചെയ്തു. അന്ന് കെഎസ്ആര്‍ടിസി എംഡിക്കു വേണ്ടി ഡിടിഒ ഇവരെ ആദരിച്ചിരുന്നു.
കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പലൂടെ ഇക്കാര്യം പുറത്തറിയിക്കുകയും സമൂഹമാധ്യമങ്ങളില്‍ അതന്ന് വന്‍ പ്രചാരം നേടുകയും ചെയ്തിരുന്നു.
ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന് മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു യാത്രക്കാരിക്ക് ഫിറ്റ്സ് ആണത്രെ.
ഞാന്‍ താക്കോല്‍ നല്കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര് വന്നിട്ട് പറഞ്ഞു ”ചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവണ്ടി വരും.” ബാക്കി യാത്രക്കാരും ഒന്നായി പറഞ്ഞു: അതേ അതാണ് വേണ്ടത്.
അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തശേഷം ബാഗ്ലൂര് ഐസിയെ ഇന്‍ഫോം ചെയ്തു. വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നു നിര്‍ദ്ദേശം ലഭിച്ചു. തൃശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനെ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു. സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണേല്‍ അഡ്മിഷന് ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം. അതൊന്നും ഇപ്പോള്‍ നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്റെ കാര്യം അല്ലേ ..! എന്ന് ബെന്നി സാര്‍ പറഞ്ഞു.
ഡോക്ടര്‍ കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്മെന്റ് നടപടികളും ആയി മുന്നോട്ട് പോകുവാന്‍ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ഹോസ്പിറ്റലിന് റിസ്ക്ക് ഏറ്റെടുക്കാന്‍ പറ്റില്ലത്രേ. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബൈജു പറഞ്ഞു ഇവരുടെ ആരെങ്കിലും എത്തും വരെ ഞാന്‍ നില്ക്കാം. കണ്ട്രോള് റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര് പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്ക്കു മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിര്‍ദേശം ലഭിച്ചു…!
അങ്ങനെ ബൈജു ഹോസ്പിറ്റലില്‍ നിന്നു. ബസിലെ മറ്റു യാത്രക്കാരും ആയി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും യാത്രക്കാരിയുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. ബൈജുവിനെ അവര്‍ ഹൊസുര്‍ റെയില്‍വേ സ്റ്റഷനില്‍ ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാംഗ്ലൂര്‍ പീനിയയിലേക്ക് പുറപ്പെട്ടു….! നന്മയുടെ കരം നീട്ടിയ ഗിരീഷിനും ബൈജു ഒരായിരം അഭിനന്ദനങ്ങള്‍… എന്നിങ്ങനെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
സഹജീവികളോട് എന്നു കരുതലോടെയാണ് ഇരുവരും പെരുമാറിയതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. പ്രളയകകാലത്ത് ബെംഗളൂരുവിലെ മലയാളികള്‍ക്ക് സഹായം എത്തിക്കാനും ഗിരീഷും ബൈജുവും ഒട്ടേറെ പരിശ്രമിച്ചിരുന്നു.
ബസിലെ യാത്രാക്കാരെ ഗിരീഷും ബൈജുവും വെറും യാത്രക്കാരെപ്പോലെയല്ല കണ്ടിരുന്നത്. അവരില്‍ ഒരാളെപ്പോലെ തന്നെആയിരുന്നു. ബസ് ജീവനക്കാരെപ്പറ്റി പലപ്പോഴും പരാതികളുയരുമ്പോഴും ഗിരീഷും ബൈജുവുമുള്ള ബസില്‍ ഒറ്റത്തവണ യാത്ര ചെയ്തവര്‍ പോലും അവരെ മറക്കാറില്ല. ഇരുവരുടേയും വിയോഗം കെഎസ്ആര്‍ടിസിയുടെ തീരാ നഷ്ടമായാണ് സഹ പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: