പാലക്കാട്: കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 19 മരണം. നിരവധി പേര്‍ക്ക് പരിക്ക്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന ബസും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കോയമ്പത്തൂര്‍ അവിനാശിയില്‍വെച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടക്കുന്നത്. അമിത വേഗത്തിലായിരുന്ന കണ്ടെയ്നര്‍ ലോറി ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് കെഎസ്ആര്‍ടിസി സംഘം വിലയിരുത്തുന്നത്. കെഎല്‍ 15 എ 282 ബസാണ് അപകടത്തില്‍പ്പെട്ടത്.
പാലക്കാട് നിന്നുള്ള കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. 10 പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണെന്നാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്നി റാഫേല്‍ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്.
അപകടത്തില്‍പ്പെട്ട ബസ് ഫെബ്രുവരി 17 നാണ് എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയത്. ബസ് 18 വൈകിട്ട് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ ബുധനാഴ്ച രാത്രി ആണ് തിരിച്ചത്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു.
പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്.കണ്ടെയ്നറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: