‘ഭവന്തി ഭസ്മസാദ്വൃക്ഷാ
ഭവദഗ്ദ്ധാ യഥാവനേ
തഥാതാവന്തി ദഗ്ദ്ധാനി
പാപാനി ശിവനാമതഃ’
(കാട്ടുതീയാല്‍ മരം കത്തിചാരമാകുന്നത് പോലെ ശിവനാമത്താല് പാപജാലമെല്ലാം ദഹിച്ചീടും) എന്ന് ശിവപുരാണം. ഭാരതത്തില്‍ അങ്ങോളമിങ്ങോളം ശിവാരാധന നടക്കുന്നുണ്ടെങ്കിലും അത് ഏകീകൃതഭാവത്തിലാണെന്ന് വിവക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ശൈവാരാധനപ്രകാരം ശിവരാത്രിക്ക് പ്രാധാന്യം കല്പിച്ചു കാണുന്നു. കുംഭമാസത്തില്‍ കൃഷ്ണപക്ഷ ത്തിലെ 13ാമത്തെ രാത്രിയും 14 ാമത്തെ ദിനവുമാണ് ശിവരാത്രിയായി ആചരിക്കുന്നത്. ആഘോഷങ്ങളുടെ നെറുകയിലാണ് ഹൈന്ദവര്‍ ശിവരാത്രിക്ക് സ്ഥാനം നല്കിയിരിക്കുന്നതെങ്കിലും ഉപവാസത്തിന്റെയും വ്രതാനുഷ്ഠാനങ്ങളുടേയും സമര്‍പ്പണം കൂടിയാണത്.
‘ഒരു കൊല്ലക്കാലമെന്നും
പൂജചെയ്താലെഴുംഫലം
നേടീടും ശിവരാത്രത്തി-
ലെന്നെ പ്പൂജിച്ചുവെങ്കിലോ’
ശിവന് ബ്രഹ്മാവിനോട് ശിവരാത്രിമാഹാത്മ്യത്തെക്കുറിച്ച്പറയുന്നത് ശിവപുരാണത്തില്‍ കാണാം. വ്രതാനുഷ്ഠാനത്തോടെയുള്ള ഉപവാസവും ശിവപൂജയും പഞ്ചാക്ഷരീമന്ത്രവുമാണ് ശിവരാത്രി മാഹാത്മ്യം. ശിവരാത്രിയില്‍ ഉറക്കമൊഴിച്ചുള്ള ശിവകീര്‍ത്തന ആലാപനവും ശിവക്ഷേത്രസന്നിധിയില്‍ കിട്ടുന്ന തീര്‍ത്ഥം മാത്രം സേവിച്ചുള്ള ഉപവാസവും ശിവസ്തോത്രവും നാമാവലിയും, ശിവസഹസ്രനാമവും ചൊല്ലി മഹേശ്വരനെ സ്തുതിക്കുന്നു. അങ്ങനെ കര്‍മ്മങ്ങളാകുന്ന കാടുകടക്കാന്‍ ജന്മജന്മാന്തരങ്ങള്‍ കാത്തിരിക്കുന്ന മനുഷ്യജന്മത്തിന് മോക്ഷ പ്രാപ്തി ലഭിക്കുവാന്‍ ഉതകുന്നതാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശിയില് കുളിച്ച് ശരീരശുദ്ധി വരുത്തിയതിന് ശേഷം ആത്മശുദ്ധിക്കാണ് ഈ വൃതാനുഷ്ഠാനങ്ങള്‍ കൈക്കൊള്ളുന്നത്. പഞ്ചേന്ദ്രിയങ്ങളെ മനോനിയന്ത്രണത്തില് എത്തിക്കുകയെന്നത് ഉത്തമഭക്തിയുടെ ലക്ഷണമാണ്. ഗൃഹസ്ഥാശ്രമിക്ക് തന്റെ അന്തഃകരണത്തില്‍ അടിഞ്ഞുകൂടുന്ന ഭൗതികഭ്രമമായ മാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഭക്തിയും അതില്‍ അല്‍പ്പം യുക്തിയും അനിവാര്യമാണ്. നമ്മുടെ മനസ്സിനെ സങ്കല്പ്പ വികല്‍പ്പങ്ങളുടെ കേന്ദ്രമായിട്ടാണ് ഋഷീശ്വരന്മാര് ദര്‍ശിക്കുന്നത്. ചിന്തകളുടെ മഹാപ്രവാഹത്തിന്റെ പ്രഭവകേന്ദ്രമാണ് മനസ്സെന്നും ആചാര്യമതം. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കാലപ്രവാഹത്തില്‍ പകര്‍ന്നാടുന്ന മനസ്സിനെ നിയന്ത്രണവിധേയമാക്കുവാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരമപ്രധാന പങ്ക് വഹിക്കാനാകും. ഭൗതിക ജീവിതത്തില്‍ നിന്ന് വിമുക്തി നേടിയെങ്കിലേ മുക്തി ലഭിക്കൂ. തമോഗുണങ്ങളുടെ ആലസ്യത്തിലേക്ക് നയിക്കുന്ന വിശപ്പും, ദാഹവും നാക്കിന്റെ രുചിയും ഉറക്കവും മനോനിയന്ത്രണത്തിന് അതീതമായ ഭോഗചിന്തകളും ഇന്ദ്രീയസുഖങ്ങളുമെല്ലാം മനസ്സിനെ അന്ധകാരത്തില്‍ എത്തിക്കുന്നു. ഇത് അതിജീവിക്കാന്‍ ഉപവാസ നിഷ്ഠയോടുള്ള വ്രതാനുഷ്ഠാനത്തിന് കഴിയുന്നു.
വ്രതാനുഷ്ഠാനദിവസം അരിയാഹാരങ്ങള്‍ വര്‍ജ്ജിക്കുന്നത് നന്ന്. അത് തമോഗുണപ്രധാനമാണ്. ഗോതമ്പും, ഇളനീരും, പഴവര്‍ഗ്ഗങ്ങളും ഭക്ഷിക്കാം. ശിവലിംഗപ്രതിഷ്ഠയില്‍ പാല്, തേന്‍, നെയ്യ്, ഇളനീര്, തീര്‍ത്ഥം ഇത് അഭിഷേകം ചെയ്യുന്നത് ഉത്തമം. ഔഷധപ്രാധാന്യമുള്ള കൂവളമാലയാണ് പരമേശ്വരന് പ്രിയം. ശിവപഞ്ചാക്ഷരീമന്ത്രത്തോടൊപ്പം കാലകാലനായ പരമേശ്വരസന്നിധിയില് ശിവരാത്രി ദിവസവും പിറ്റേപുലര്ച്ചയും ബലിതര്‍പ്പണം നടത്തുന്നത് പിതൃദോഷപാപപരിഹാരത്തിന് ഉത്തമമത്രേ. ചുടലഭസ്മധാരിയായ ശിവഭഗവാനെ സ്തുതിക്കുന്ന ശിവരാത്രിയില്‍ ശുദ്ധമായ ചാണകം (നാടന്‍ പശുവിന്റെ കിട്ടുമെങ്കില്‍ ഉത്തമം) ഉണക്കി കത്തിച്ച് ഭസ്മമാക്കി ശരീരമാസകലം പൂശുന്നത് നന്ന്. ഭസ്മത്തിന് തലവേദന, നീര്‍ക്കെട്ട്, സന്ധിവേദന, ജലദോഷം തുടങ്ങിയവ ശമിപ്പിക്കാനാവും.
ശിവരാത്രിയുടെ ഐതിഹ്യത്തെക്കുറിച്ച,് മൂര്‍ത്തിത്രയങ്ങളുടെ മത്സരവും ശിവസന്നിധിയില്‍ നിന്നു വന്ന കൈതപ്പൂവിന്റെ ദര്‍ശനവും കാളകൂടവിഷം കഴിച്ചതുമായകഥകള് പുരാണങ്ങളിലും വായ്മൊഴിയായും നമുക്ക് പ്രചോദനം നല്കുന്നു. ശിവനാമതോണികൊണ്ട് സംസാരബന്ധി കടക്കുന്നവര്‍ക്ക് സര്വപാപവിമുക്തരായി മോക്ഷപ്രാപ്തിനേടുന്നുവെന്ന് ഋഷിപ്രോപ്തം.
9496107399
പ്രതികരിക്കാൻ ഇവിടെ എഴുതുക: