കയ്യിലൊരു പനയോല വിശറി. ചുമലില്‍ ഭസ്മസഞ്ചി. ‘കോവിന്ദ…. കോവാല….’എന്നുറക്കെ ജപിക്കുന്ന കാവിയുടുത്ത ‘കോവാലന്മാര്’. പന്ത്രണ്ടു ശിവക്ഷേത്രങ്ങളില്‍ ചെന്ന് പ്രതീകാത്മകമായി ഭഗവാന്റെ നേര്‍ക്ക് ഭസ്മമെറിഞ്ഞശേഷം പനയോല വിശറികൊണ്ട് വീശി നടത്തുന്ന’ചാലയ ഓട്ട’മെന്ന ‘ശിവാലയ ഓട്ട’ത്തിലെ കാഴ്ചകളാണിത്. ശിവരാത്രി നാളില്‍, ക
ന്യാകുമാരിജില്ലയിലെ പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലാണ് വിഖ്യാതമായ ശിവാലയ ഓട്ടം നടക്കുന്നത്. ശിവരാത്രിയുടെ തലേന്ന് വൈകീട്ട് ദീപാരാധനക്കുശേഷം തിരുമല ക്ഷേത്രത്തില്‍ നിന്ന് ‘ചാലയം’ആരംഭിക്കും. ഭക്തര്‍ നഗ്നപാദരായാണ് ഓടേണ്ടത്. തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിഭാഗം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടക്കോട്, തിരുവിതാങ്കോട്, തൃപ്പന്നിയോട്, തിരുനട്ടാലംഎന്നീ പന്ത്രണ്ട് ക്ഷേത്രങ്ങള്‍ ഇവര്‍ സന്ദര്‍ശിക്കുന്നു. കുളിച്ചീറന്മാറാതെവേണം സന്ദര്‍ശനം.
ശിവാലയ യാത്ര
ശിവാലയക്ഷേത്രങ്ങളില്‍ ആദ്യത്തേതായ തിരുമലദര്‍ശനശേഷം കാപ്പിക്കാട്,വെട്ടുവെന്നി, മാര്‍ത്താണ്ഡത്തെത്തി, ഇടത് തിരിഞ്ഞ് പോലീസ് സ്റ്റേഷന്റോഡ്,
ഞാറാംവിള വഴി ,തിക്കുറിശ്ശിക്ഷേത്രത്തിലെത്തുക. അവിടുന്ന് ചിതറാല്‍, ഇടതുതിരിഞ്ഞ് അരുമന, കളിയല്‍ ഇടത് റോഡ് തൃപ്പരപ്പിലെത്താം. അതു കഴിഞ്ഞ് കുലശേഖരത്തെത്തി ഇടത്തോട്ട് എട്ടു കിലോമീറ്റര്‍ യാത്ര ചെയ്ത് തിരുനന്തിക്കരയെത്താം. വീണ്ടും കുലശേഖരത്തു വന്ന് മംഗലം വഴി പൊന്മന. അവിടുന്ന് വലിയാറ്റുമുഖം, മുട്ടക്കാട് കഴിഞ്ഞെത്തുന്നത് പന്നിഭാഗം. തുടര്‍ന്ന് ചാനല്‍ ബണ്ട് റോഡ് വഴി കല്ക്കുളത്തെത്തി അവിടുന്ന് കോട്ടക്ക്
പുറത്തിറങ്ങി ഇടതുറോഡ് വഴി മേലാങ്കോട്. വീണ്ടും പടിഞ്ഞാറോട്ട് ബ്രഹ്മപുരത്തെത്തി നാഷണല്‍ഹൈവേയിലൂടെ ഇടത്തോട്ട് തിരിഞ്ഞ് വില്ലുക്കുറി. ഇടത്തോട്ടു യാത്രചെയ്ത് തിരുവിടക്കോടെത്തി നാഷണല്‍ ഹൈവേയിലൂടെ വലത്തോട്ട് തക്കല, കേരളപുരം വഴി തിരുവിതാംകോട് ,അവിടുന്ന് കുഴിക്കോട്,പള്ളിയാടി വഴി തൃപ്പന്നിയോടെത്താം. അവിടുന്ന് പള്ളിയാടി മടങ്ങി നട്ടാലം ശ്രീശങ്കരനാരായണക്ഷേത്രത്തില്‍ ഓട്ടം അവസാനിക്കുന്നു.
ശിവാലയ ക്ഷേത്രങ്ങള്‍:
തിരുമല
ശിവാലയ ക്ഷേത്രങ്ങളില്‍ ആദ്യത്തേതാണ് മുഞ്ചിറയിലെ തിരുമല ശിവക്ഷേത്രം. തമിഴ്നാട് കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ നിന്ന്മങ്കാട്ടുകടവുവഴി മുഞ്ചിറയിലെത്താം. പുരാതന ശിലാലിഖിത പ്രകാരം ‘മുഞ്ചിറൈ തിരുമലൈ തേവര്’ എന്നറിയപ്പെടുന്ന ചോള രാജാക്കന്മാരുടേതെന്ന് കരുതുന്ന ക്ഷേത്രമാണ് മുഞ്ചിറയിലുള്ള തിരുമല മഹാദേവര്‍ക്ഷേത്രം. ശൂലപാണിയാണ് ഇവിടുത്തെ മഹാദേവര്‍.
‘നന്ദി’ ഇവിടെ നേര്‍നടയിലല്ല. ശിവഭക്തനായ രാവണന് മഹാദേവനെ തൊഴാനോ കടത്തിക്കൊണ്ടു പോകാനൊ ആയിട്ട് ഇവിടേക്ക് എത്തിയിരുന്നത്രേ. നന്ദിയും രാവണനും തമ്മിലുള്ള പ്രശ്നങ്ങള്‍ പുരാണപ്രസിദ്ധവുമാണ്. രാവണനെ ഭയന്നാണത്രെ നന്ദി നേരുനടയില്‍ നിന്ന് മാറി തിരിഞ്ഞുകിടക്കുന്നതെന്ന് ഭക്തര്‍ കരുതുന്നു. പ്രകൃതി രമണീയമായ ചെറിയൊരു കുന്നിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
തിക്കുറിച്ചി ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ രണ്ടാമത്തെ ക്ഷേത്രമാണ് താമ്രപര്‍ണി തീരത്തെ ‘തിക്കുറിച്ചി മഹാദേവ ക്ഷേത്രം’. കുഴിത്തുറ നദിയാണ് ‘താമ്രപര്‍ണി’യെന്നറിയപ്പെടുന്നത്. അഗസ്ത്യാര്‍ കൂടത്തില്‍നിന്നുത്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന താമ്രപര്‍ണി തിരുനെല്‍വേലി തൂത്തുക്കുടി എന്നിവിടങ്ങളിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. പ്രകൃതിരമണീയമായ ഗ്രാമമാണ് ‘തിക്കുറിച്ചി’ യെന്ന തിക്കുറിശ്ശി. തമിഴിലെ ഐന്തിണകളില്‍ ഒന്നായ കുറിഞ്ഞി നിലമാണിത്. കുറിഞ്ഞി നിലത്തില്‍ നിന്നത്രെ ഈ സ്ഥലത്തിനു കുറിച്ചി എന്ന പേരു ലഭിച്ചത്. ഈ ക്ഷേത്രത്തിലെ നന്ദി പ്രശ്നക്കരനായിരുന്നുവത്രെ. രാത്രിയില്‍ പതിവായി ഒരുകാള കാര്‍ഷിക വിഭവങ്ങള്‍ തിന്നു നശിപ്പിച്ചുവന്നു. കര്‍ഷകര്‍ ക്ഷേത്ര തന്ത്രിയോട് പരാതിപ്പെട്ടു. പ്രശ്നത്തില്‍ മഹാദേവനു മുമ്പിലെ നന്ദി വിഗ്രഹം രാത്രിയില്‍ കാളയൂടെരൂപം ധരിച്ച് പുറത്തിറങ്ങി കൃഷി നശിപ്പിക്കുന്നതാണന്ന് തെളിഞ്ഞു. ഇതോടെ നന്ദിയെ പ്രീതിപ്പെടുത്താനുള്ള പൂജകളുംമറ്റും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. നന്ദിയെ നിലക്കുനിര്‍ത്താന്‍ പരാജയപ്പെട്ട തന്ത്രിക്ക്സ്വപ്നദര്‍ശനമുണ്ടായി. നന്ദി വിഗ്രഹത്തെ നദിയുടെ കയത്തിലാഴ്ത്തി. ഇതു കാരണം തിക്കുറിശ്ശി നന്ദി വിഗ്രഹം ഇല്ലാത്ത മഹാദേവക്ഷേത്രമായി.
തൃപ്പരപ്പ് ശിവക്ഷേത്രം
മൂന്നാമത്തെ ശിവാലയ ക്ഷേത്രമാണ് തൃപ്പരപ്പ് മഹാദേവക്ഷേത്രം. പുരാതനകാലത്ത് ഈ സ്ഥലം ശ്രീവിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്. ദക്ഷനെ വധിച്ച വീരഭദ്രന്റെ ഭാവത്തിലാണ് ശ്രീപരമേശ്വരന് ഇവിടെ കുടികൊള്ളുന്നത്. പടിഞ്ഞാറ് ദര്‍ശനമായാണ് ഭഗവാന് ദര്‍ശനമരുളുന്നത്. വടക്ക് അഭിമുഖമായി നന്ദിവാഹനം കുടികൊള്ളുന്നു. ക്ഷേത്രത്തിന് തെക്ക് കല്‍വഴിയില്‍ ഒരുസര്‍പ്പത്തിന്റേയും സര്‍പ്പത്തെപേടിച്ചോടുന്ന ഒരു തവളയുടേയും ശില്പം കൊത്തിവച്ചിട്ടുണ്ട്. രണ്ടും വെള്ളച്ചാട്ടത്തില്‍ നിന്ന് കയറി വരുന്ന രീതിയിലാണ് ശില്പം.സര്‍പ്പവും തവളയും ക്ഷേത്രത്തില്‍ കയറുമ്പോള്‍ കല്‍പ്പാന്തമാകുമത്രെ. ക്ഷേത്രത്തിന് സമീപം പാറക്കെട്ടുകളിലൂടെ ഒഴുകുന്ന കോതയാറ് മനോഹരമായ ദൃശ്യഭംഗി നല്കുന്നു.
തിരുനന്തിക്കര ശിവക്ഷേത്രം
തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം. നാലാമത്തെ ശിവാലയ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. കോതയാറിന്റെ കൈവഴിയായ നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്തിരു നന്തിക്കര. തിരുനന്തിക്കരയില്‍ നന്ദികേശ്വര ഭാവത്തിലാണ് ശ്രീ പരമേശ്വരന് ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.ഗുഹാക്ഷേത്രമാണ് മൂലക്ഷേത്രം.
പൊന്മന ശിവക്ഷേത്രം
പൊന്മനയിലെ ശിവന് ‘തീമ്പിലാധിപന്‍’ എന്ന പേരിലാണറിയപ്പെടുന്നത്. തീമ്പന് എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ട് ‘തീമ്പിലാങ്കുടി മഹാദേവ ക്ഷേത്രം’ എന്ന പേരുണ്ടായി. പൊന്മനയ്ക്കടുത്തുള്ള മംഗലം എന്ന സ്ഥലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു.
(അവസാനഭാഗം നാളെ)
9495656064
പ്രതികരിക്കാൻ ഇവിടെ എഴുതുക: