തിരുവനന്തപുരം: ഇടതുപക്ഷ യൂണിയന് ഒത്താശ ചെയ്ത് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ മാനേജ്മെന്റ്. ഇടതു യൂണിയന് അംഗങ്ങള്‍ ഉള്‍പ്പെട്ട പരാതികളും അന്വേഷണങ്ങളും മാനേജ്മെന്റ് അട്ടിമറിക്കുന്നു.
ബിഎസ്എന്‍എല്ലിനെ പുനരുദ്ധരീകരിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ പാക്കേജായ സ്വയം വിരമിക്കല്‍ (വിആര്‍എസ്) അട്ടിമറിക്കുന്നതിന് ഇടതു യൂണിയനുകള്‍ പ്രചാരണം സംഘടിപ്പിച്ചപ്പോഴും ജീവനക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ പരിഹരിക്കാത്ത സമീപനമാണ് കേരള സര്‍ക്കിളിലെ മാനേജ്മെന്റ് സ്വീകരിച്ചത്. ഇടതുപക്ഷ യൂണിയന് തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന സമീപനമാണ് ഇവരുടേത്.
പ്രധാനമന്ത്രിയെ ആക്ഷേപിച്ച ജീവനക്കാരിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇടതുപക്ഷം അട്ടിമറിക്കാന്‍ ശ്രമിച്ച വിആര്‍എസ് ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനം അര്‍പ്പിച്ചുള്ള പോസ്റ്ററിന് മുകളില്‍ ഇടതുപക്ഷ യൂണിയനിലെ ജീവനക്കാരി മറ്റു പോസ്റ്ററുകള്‍ പതിപ്പിച്ചു. പ്രധാനമന്ത്രിയുടെ ചിത്രത്തിന് മുകളില്‍ ജീവനക്കാരി മറ്റ് പോസ്റ്ററുകള്‍ പതിക്കുന്ന ചിത്രം സഹിതം ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയനാണ് (ബിഎസ്എന്‍എല്‍) ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കിയത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയില്ല.
കേരളത്തിലെ മാനേജ്മെന്റ് ഇടതുപക്ഷ യൂണിയന്റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം മുമ്പും ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ കയറാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്ത ആക്റ്റിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്കെതിരെ ഒരു നടപടിയും മാനേജ്മെന്റ് സ്വീകരിച്ചില്ല. ഇതിന്റെ പേരില്‍ രഹ്നാ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇടതുപക്ഷ യൂണിയനിലെ പ്രധാന നേതാവ് ഇടപെട്ട് ബിഎസ്എന്‍എല്ലില്‍ നിന്ന് ഇവരെ പുറത്താക്കാതിരിക്കാന്‍ ചരടുവലിച്ചു. ടി.പി. ചന്ദ്രശേഖരന് കൊലപാതകവുമായി ബന്ധപ്പെട്ട് ഫോണ്‍രേഖകള്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് ചോര്‍ത്തി നല്കിയ കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരുന്നപ്പോള്‍ ഒരു ജെഎഒയെ സംരക്ഷിക്കാനും നേതാക്കള്‍ ശ്രമിച്ചു. ഇതിന് പുറമേ തിരുവനന്തപുരം സിജിഎംജി ഓഫീസിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെയും നടപടിയുണ്ടായില്ല. ആക്ഷന്‍ റിപ്പോര്‍ട്ട് പോലും ഇതുവരെ സമര്‍പ്പിച്ചില്ല.
സംസ്ഥാനത്തൊട്ടാകെയുള്ള എക്സ്ചേഞ്ചുകളില്‍ നിന്ന് കേബിളുകള്‍ മോഷണം പോയത്, ശബരിമലയില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച ജീവനക്കാരനെതിരെ ഉള്‍പ്പെടെ ഇടതുപക്ഷ അനുഭാവികള്‍ പ്രതികളായ നിരവധി കേസുകളാണ് പാര്‍ട്ടി സ്വാധീനത്തിന് വഴങ്ങി മാനേജ്മെന്റ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: