ന്യൂദല്‍ഹി: ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ മൊത്തവരുമാന തുകയുടെ കുടിശ്ശിക ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അടച്ചു. കുടിശ്ശിക ഇനത്തില്‍ പതിനായിരം കോടി രൂപയാണ് അടച്ചത്. കുടിശ്ശിക തുക അടച്ചു തീര്‍ക്കുകയാണെന്നും കോടതിയിലെ അടുത്ത വാദത്തിന് മുമ്പ് മുഴുവന്‍ തുകയും അടയ്ക്കുമെന്നും ഭാരതി എയര്‍ടെല്‍ അറിയിച്ചു. വോഡഫോണ്‍ ഐഡിയ ഗ്രൂപ്പ് 2,500 കോടി രൂപയും ടാറ്റാ ഗ്രൂപ്പ് 2,190 കോടിയുമാണ് അടച്ചത്.
നേരത്തെ ടെലികോം കമ്പനികള്‍ മൊത്ത വരുമാന തുക ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അടയ്ക്കാതെ കുടിശ്ശിക വരുത്തിയതിനെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ടാറ്റ ടെലിസര്‍വീസ് എന്നിവയ്ക്കാണ് നോട്ടീസ് അയച്ചിരുന്നത്. മൂന്ന് കമ്പനികളും കൂടി 1.47 ലക്ഷം കോടി രൂപയാണ് ടെലി കമ്യൂണിക്കേഷന്‍ വകുപ്പില്‍ അടയ്ക്കേണ്ടത്.
ജനുവരി 23ന് തുക അടച്ചു തീര്‍ക്കാനായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാല്‍, ടെലികോം കമ്പനികളൊന്നും കുടിശ്ശികയടയ്ക്കാന്‍ തയാറായിരുന്നില്ല. ഇതോടെ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചതോടെയാണ് തുകയടയ്ക്കാന്‍ കമ്പനികള്‍ തയാറായത്. പുതിയ കണക്കനുസരിച്ച് 35,586 കോടിരൂപ എയര്‍ടെല്‍ അടക്കണം. 53,000 കോടിയാണ് വോഡഫോണ്‍-ഐഡിയയുടെ കുടിശ്ശിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: