അഹമ്മദാബാദ്: ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുമായി പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഗുജറാത്തില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഹോങ്കോങ് പതാകയുള്ള കപ്പല്‍ പിടിയിലായതോടെ ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒന്നുകൂടി പുറത്തുവന്നു.
ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ വ്യാവസായിക ഡ്രയര്‍ എന്ന പേരില്‍ കപ്പലില്‍ കടത്താനുള്ള ശ്രമം കസ്റ്റംസാണ് പിടികൂടിയത്. ഫെബ്രുവരി മൂന്നിന് തടഞ്ഞ കപ്പല്‍ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് ഡിആര്‍ഡിഒ വിശദമായി പരിശോധിക്കുകയാണ്. ആണവ ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം കൂടി ഈ ആഴ്ച കപ്പല്‍ പരിശോധിക്കും. ആദ്യ സംഘത്തിന്റെ നിഗമനം തന്നെയാണ് രണ്ടാം സംഘത്തിനുമെങ്കില് സാമഗ്രികള്‍ കസ്റ്റംസ് പിടിച്ചെടുത്ത് കപ്പല്‍ ഉടമകള്‍ക്കെതിരെ കയറ്റുമതി നിയന്ത്രണ ചട്ടപ്രകാരം നിയമ നടപടി ആരംഭിക്കും.
ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ജിയാങ്ങിന് തുറമുഖത്ത് നിന്നാണ് കപ്പല്‍ യാത്ര തുടങ്ങിയത്. കപ്പല്‍ പിടിയിലായ വിവരം ദേശീയ സുരക്ഷാ ഏജന്‍സിയുടെയും രഹസ്യ ഏജന്‍സിയുടെയും ഉന്നത തലങ്ങളില്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കപ്പലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ ദേശീയ സുരക്ഷാ ഏജന്‍സികളോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഡ സുയി യുന്‍ എന്ന കപ്പലാണ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പല്‍ തടഞ്ഞത്. 18ഃ4 മീറ്റര്‍ വലിപ്പമുള്ള ഓട്ടോക്ലേവ് കപ്പലിലുണ്ടാകുമെന്ന് ഡിആര്‍ഡിഒ സംശയിച്ചിരുന്നു. സൈനികാവശ്യത്തിനും അല്ലാതെയും ഉപയോഗിക്കാവുന്ന പ്രഷര്‍ ചേംബറാണ് ഓട്ടോക്ലേവ്. പാക്കിസ്ഥാനില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ ചുമതലയുള്ള സ്പേസ് അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷന് സ്ഥിതി ചെയ്യുന്നത് കറാച്ചിയിലാണെന്നുള്ളതും പാക്കിസ്ഥാനെതിരെയുള്ള സംശയം ബലപ്പെടുത്തുന്നു. 1999 കാര്‍ഗില്‍ യുദ്ധസമയത്തും ഇത്തരമൊരു കപ്പല്‍ മിസൈല്‍ സാമഗ്രികളുമായി ഇന്ത്യയുടെ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: