ഹിമശൈലങ്ങളില്‍ മുഴങ്ങുന്നത് പരമേശ്വര മന്ത്രങ്ങള്‍. തീര്‍ത്ഥാടന പുണ്യത്തിനായി സര്‍വം ത്യജിച്ചെത്തുന്ന ഭക്തര്‍. കൊടും തണുപ്പും ദുര്‍ഘട പാതയും.. ഒന്നുമൊന്നും തടസമല്ല വിശ്വാസികള്‍ക്ക്. ഭഗവാന് ശ്രീ പരമേശ്വരന് പത്നി ശ്രീപാര്‍വതീ ദേവിക്ക് അമര മന്ത്രം ചൊല്ലിക്കൊടുത്ത അമര്‍നാഥ് ഇന്ന് ലക്ഷോപലക്ഷം ഭക്തരുടെ അഭയസ്ഥാനമാണ്.
സ്വയംഭൂവായി ഹിമലിംഗം പ്രത്യക്ഷപ്പെടുന്ന അമര്‍നാഥ് ഗുഹാക്ഷേത്രം ജമു കാശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്. പ്രകൃതി നിര്‍മ്മിതമായ ഗുഹയ്ക്കുള്ളില്‍ മഞ്ഞുകണങ്ങള്‍ ഇറ്റു വീണ് ഉറഞ്ഞ് ശിവലിംഗ രൂപമാകുന്ന അത്ഭുതമാണ് ഇവിടെ കാണപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 13500 അടി ഉയരത്തിലാണ് അമര്‍നാഥ്. 150 അടി ഉയരവും 90 അടി വീതിയുമുണ്ട് അമര്‍നാഥ് ഗുഹയ്ക്ക്. ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞെടുത്ത അമൃതുകൊണ്ട് ശിവന് ദേവന്മാര്ക്ക് അമരത്വം നല്‍കിയെന്നത് ഐതിഹ്യം. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗര്‍ണമി നാളില്‍ പൂര്‍ണ രൂപത്തിലെത്തുകയാണ് പതിവ്. ഇത് 400 വര്‍ഷമായി തുടരുന്നുവെന്നതും ചരിത്രം.
എല്ലാവര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൂര്‍ണരൂപത്തില്‍ പ്രത്യക്ഷമാകുന്ന ഈ ഹിമലിംഗത്തിന് ആറടിയില്‍ കൂടുതല്‍ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗര്‍ണമി മുതല്‍ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവന് ഈ ഗുഹയില്‍ ലിംഗരൂപത്തില്‍ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം. ദര്‍ശന വേളയില്‍ ഗുഹയ്ക്കുളളില്‍ രണ്ട് പ്രാവുകള്‍ പ്രത്യക്ഷഷപ്പെടുന്നു. ഒന്ന് കറുപ്പും മറ്റൊന്ന് വെള്ള നിറത്തിലുള്ളതും. കറുത്ത പ്രാവ് ശിവനെന്നും വെളുത്തത് പാര്‍വതിയെന്നും വിശ്വാസം. ശിവലിംഗത്തിനു പുറമെ ഗുഹയ്ക്കകത്തു പാര്‍വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തില്‍ മാത്രമാണ് ഇവ കാണാനാവുക. ഗുഹാമുഖം തെക്കോട്ടായതിനാല്‍ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തില്‍ സ്പര്‍ശിക്കില്ല. അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയില്‍ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാര്ക്കു നല്‍കാനുള്ള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ ഗുജ്റകള് എന്നറിയപ്പെടുന്ന മുസ്ലിം മതസ്ഥര്‍ക്കാണ്. ഇവര്‍ക്കു തന്നെയാണ് ക്ഷേത്ര നടവരവില്‍ പത്തു ശതമാനത്തിന്റെ അവകാശവും. അമര്‍നാഥിലേക്കുള്ള പാത തെളിച്ച് തീര്‍ത്ഥാടനം സുഗമമാക്കിയതിനാലാണു ഇവര്‍ക്ക് ഈ അവകാശങ്ങള്‍ നല്കപ്പെട്ടത്.
അമര്‍നാഥിനെ തഴുകിയെത്തുന്ന പുണ്യനദിയായ അമരഗംഗയില് സ്നാനം നടത്തുകയെന്നത് ആചാരത്തിന്റെ ഭാഗമാണ്. ജന്മപുണ്യമാണ് അമര്‍നാഥ് ദര്‍ശനമെന്നത് തെറ്റാത്ത വിശ്വാസം. കൊടുമുടി മുകളിലെ ക്ഷേത്രത്തില്‍ എത്തപ്പെടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പഹല്‍ഗാം വഴിയുള്ള പരമ്പരാഗത പാതയിലൂടെ യാത്ര ദുര്‍ഘടമാണ്. പകരം ഭൂരിഭാഗം യാത്രികരും ശ്രീനഗറില്‍ നിന്ന് 130 കി.മീറ്റര്‍ റോഡ് മാര്‍ഗം ബാല്‍താലില്‍ എത്തുന്നു. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ പഞ്ചധരണിയില്‍. ഇവിടെ താല്‍ക്കാലിക ടെന്റുകളില്‍ രാത്രി വിശ്രമം. പിറ്റേന്ന് പുലര്‍ച്ചെ കുതിരപ്പുറത്തും പല്ലക്കുകളിലുമായി ഏഴ് കിലോമീറ്റര്‍ ഹിമാലയ മുകളിലേക്ക് യാത്ര. അപൂര്‍വമായി കാല്നടയത്ര നടത്തുന്നവരുമുണ്ട്. മലയടിവാരത്തെ വീതി കുറഞ്ഞ പാതയില്‍ മഞ്ഞുകട്ടകള്‍ക്ക് മുകളിലൂടെ കൊടുമുടി കയറ്റം പലര്‍ക്കും അസാധ്യം. തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന വഴികളിലൊക്കെ കാവലിന് നിരനിരയായി സൈനീകര്‍. യാത്രികര്‍ക്ക് എന്ത് സഹായത്തിനും തയ്യാറാണവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: