ബെര്‍ലിന്‍ : കായിക രംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ആദ്യമായി ഇന്ത്യയിലേക്ക്. 24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന് ടെന്‍ഡുല്‍ക്കറിനെ 2011ല്‍ ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യന്ടീം തോളിലേറ്റിയ ചിത്രത്തിനാണ് ലോറിയസ് പുരസ്കാരം നേടിത്തന്നിരിക്കുന്നത്.
2000 മുതല്‍ 2020 വരെയുള്ള കാലത്തെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിനിലൂടെ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. അതും എതിരില്ലാതെയാണ് സച്ചിന്റെ പേര് പുരസ്കാരത്തിനായി തെരഞ്ഞടുക്കപ്പെട്ടത്. 2011ലെ ലോകകപ്പ് ജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ വാംഖഡേ സ്റ്റേഡിയത്തെ വലംവച്ചത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്താ പ്രാധാന്യം നേടിയതാണ്. എന്നാല്‍ അതിന് ലോറിയസ് പുരസ്കാരം നേടാനാവുമെന്ന് കരുതിയില്ല.
പോയ വര്‍ഷത്തെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറിയസ് പുരസ്കാരം ഫുട്ബാള്‍ താരം ലിയോണല്‍ മെസ്സിയും ഫോര്‍മുല വണ്‍ കാറോട്ട താരം ഹാമില്‍ട്ടണും നേടി. പുരസ്കാരത്തിന് ചരിത്രത്തിലാദ്യമായാണ് 2 അവകാശികളുണ്ടാകുന്നത്. ലോറിയസ് നേടുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന അംഗീകാരവും മെസ്സി സ്വന്തമാക്കി. ജിംനാസ്റ്റിക്സിലെ അമേരിക്കന്‍ വിസ്മയം സിമോണ്‍ ബൈല്‍സാണ് മികച്ച വനിതാതാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: