തിരുവനന്തപുരം: പോലീസിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കം ഏഴു പേര്‍ക്കെതിരെ അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജാണ് പരാതി നല്‍കിയത്.
പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൂടാതെ, അഡീഷണല്‍ ഡിജിപി (നവീകരണം), ചട്ടവിരുദ്ധമായി ഉപകരണങ്ങള്‍ വാങ്ങാന്‍ ബെഹ്‌റ ചുമതലപ്പെടുത്തിയ സാങ്കേതിക സമിതി അംഗങ്ങള്‍, പജേറോ കാര്‍ വാങ്ങിയ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്, ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി, പാനസോണിക് ഇന്ത്യ കമ്പനി എംഡി, ന്യൂദല്‍ഹി ആസ്ഥാനമായ എല്‍എറ്റി കമ്പനി എംഡി, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കമ്പനി എംഡി എന്നിവര്‍ക്കെതിരെയാണ് പരാതി.
പോലീസ് നവീകരണത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് 151.41 കോടി രൂപയുടെ അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എസ്. സുനില്‍രാജിനെ സാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളായ സ്വകാര്യ കമ്പനികളെ അവിഹിതമായി സഹായിച്ച് ഖജനാവിന് അന്യായ നഷ്ടം വരുത്തി, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, ആഡംബര വാഹനങ്ങള്‍, ജിപിഎസ് സിസ്റ്റം, വോയ്‌സ് ലോഗര്‍ സിസ്റ്റം, എക്‌സ്‌റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം, ശബരിമലയിലേക്കുള്ള സുരക്ഷാ സിസ്റ്റം, മൊബൈല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്ലാറ്റ്‌ഫോം എന്നിവ വാങ്ങിയതിലും വില്ലകള്‍ നിര്‍മിച്ചതിലും അഴിമതി നടത്തിയെന്ന് പരാതിയില്‍ പറയുന്നു. വിജിലന്‍സ് നടപടിയുണ്ടാകാത്തപക്ഷം കോടതിയെസമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: