ന്യൂദല്‍ഹി: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നുവെന്നും ദയാഹര്‍ജി തള്ളിയ നടപടി പുനഃപരിശോധിക്കാനില്ലെന്നും ജസ്റ്റിസുമാരായ ആര്. ഭാനുമതി, അശോക് ഭൂഷണ്, എ.എസ്. ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പ്രതി മാനസികരോഗിയാണെന്ന അഭിഭാഷകന്റെ വാദം തള്ളിയ കോടതി മെഡിക്കല്‍ പരിശോധനാ ഫലം ഇതിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ജയിലിലെ ക്രൂരമായ പീഡനങ്ങള്‍ കാരണം മാനസിക രോഗിയായെന്നും അതിനാല്‍ വധശിക്ഷ ജീവപര്യന്തമാക്കണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.
2012ല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ നാല് പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് കഴിഞ്ഞ ജനവരി 31ന് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി ഒന്നിനാണ് വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളിയത്.
ജനുവരി 14ന് ക്യുറേറ്റീവ് പെറ്റീഷന് സുപ്രീംകോടതിയും നിരസിച്ചിരുന്നു. മറ്റൊരു പ്രതിയായ പവന് ഗുപ്ത ഇതുവരെ ക്യുറേറ്റീവ് പെറ്റീഷനോ ദയാഹര്‍ജിയോ നല്‍കിയിട്ടില്ല. പുതിയ മരണ വാറന്റ് പുറപ്പെടുവിക്കാനാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹര്‍ജി തിങ്കളാഴ്ച പാട്യാല ഹൗസ് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: