എണ്ണമറ്റ ആരാധകരുടെ പരമേശ്വര്‍ജി, വിടവാങ്ങിയിരിക്കുന്നു. ഇരുപത്തിമൂന്നാമത്തെ വയസില്‍ പ്രചാരകനായി, 70 വര്‍ഷത്തിലേറെ അവിശ്രമം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ജീവിതത്തില്‍ ഒരൊറ്റ ദൗത്യമേ ഉണ്ടായിരുന്നുള്ളു, രാഷ്ട്രം. ഒരു മൂര്‍ത്തിയേ ഉണ്ടായിരുന്നുള്ളു, ഭാരതാംബ.
പൂര്‍ണമായും സംഘടനാ പ്രവര്‍ത്തകനായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ശക്തമായ ബൗദ്ധിക ചോദന കാരണം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തിരുവനന്തപുരത്ത് സ്ഥാപിച്ച,വിചാരകേന്ദ്രം വഴി അദ്ദേഹം കേരളത്തിന്റെ ആത്മീയ മനസ് തേടുകയായിരുന്നു. മരണം വരെ, കാല്‍നൂറ്റാണ്ടായി കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന്റെ തലവനായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു. അരുണാല്പ്രദേശ്, മിസോറാം, ആസാം, മണിപ്പൂര്‍, മേഘാലയ, അന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ സാമ്പത്തികമായും സാമൂഹ്യമായും അവഗണിക്കപ്പെട്ടുകഴിയുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വിവേകാനന്ദ കേന്ദ്രം. തന്നോട് വിയോജിച്ചവരോടും തന്നെ അപഹസിച്ചവരോടും പോലും ബഹുമാനത്തോടെ പെരുമാറുകയും, അന്തസ്സോടെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ട്. ജീവിതത്തിനും കാലത്തിനും അപ്പുറം, ഒരു സംന്യാസി വര്യനെപ്പോലെ അദ്ദേഹം നിലകൊണ്ടു.
ബഹുമുഖ വ്യക്തിത്വം
അദ്ദേഹം ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു. പരന്ന വായന, മാതൃഭാഷയിലും ഇംഗ്ലീഷിലുമായി ആയിരക്കണക്കിന് പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചിട്ടുണ്ടാകണം.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പത്രപ്രവര്ത്തകന് എന്ന നിലയ്ക്ക് പതിറ്റാണ്ടുകളോളം അദ്ദേഹം നിരന്തരം എഴുതി, പ്രത്യേകിച്ച് താന്‍ പത്രാധിപരായ വിവേകാനന്ദ കേന്ദ്രത്തിന്റെ യുവ ഭാരതിയിലെ പംക്തികളില്‍. ഇംഗ്ലീഷിലും മലയാളത്തിലും ഉജ്ജ്വല വാഗ്മിയായിരുന്നു. ഇത് ശ്രോതാക്കളുടെ അംഗീകാരം ലഭിക്കാനായിരുന്നില്ല, മറിച്ച് അവര്‍ അറിഞ്ഞിരിക്കേണ്ടത് അവര്‍ക്ക് പകര്‍ന്നുകൊടുക്കാനായിരുന്നു.
അസാധാരണനായ, യഥാര്‍ഥ ചിന്തകനായിരുന്നു അദ്ദേഹം. പാശ്ചാത്യ നിഘണ്ടുവില്‍ നിന്ന് കൈക്കൊള്ളുന്ന മാനദണ്ഡപ്രകാരം, അദ്ദേഹത്തെ വലതുപക്ഷ ചിന്തകനെന്ന് തെറ്റായി വിലയിരുത്തി. അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശദാംശങ്ങളല്ല, മറിച്ച് കേരളത്തിന്റെ ക്ലേശകരമായകാലത്തും അദ്ദേഹം നല്കിയ സാമൂഹിക ചിന്തകളാണ് നാം ഓര്‍ക്കേണ്ടത്.
നെഹ്റു ഉപേക്ഷിച്ചു പരമേശ്വരന് ഉപേക്ഷിച്ചില്ല
ഇടത് മേധാവിത്വമുള്ള കേരളത്തില്‍ ആര്‍എസ്എസ് പ്രചാരകനായി, പരമേശ്വരന് തന്റെ ദേശീയ ദൗത്യം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു നൂറ്റാണ്ടിലേറെ മുന്‍പ് സ്വാമി വിവേകാനന്ദന് അവതരിപ്പിച്ച, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വഴിതുറന്ന ഹിന്ദു ദേശീയതയെന്ന ആശയം തന്നെയായിരുന്നു അതും. സ്വാമി വിവേകാനന്ദന്റെ ചിന്തകളാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ പ്രചോദിപ്പിച്ചതെന്ന കാര്യം മഹര്‍ഷി അരവിന്ദനും ബാല ഗംഗാധര തിലകനും മഹാത്മാഗാന്ധിയും പണ്ഡിറ്റ് നെഹ്റുവും നേതാജി ബോസും രാജാജിയും സ്വീകരിച്ചിരുന്നു. 1930കളുടെ മധ്യത്തില്‍, പണ്ഡിറ്റ് നെഹ്റു പൂര്‍ണമായും, അംഗീകരിച്ച, മറ്റ് മതേതര പണ്ഡിതന്മാര്ക്ക് അറിയാത്ത അല്ലെങ്കില്‍ അവര്‍ അറിഞ്ഞിട്ടും മൂടിവച്ച, സ്വാമി വിവേകാനന്ദന്റെ ഹിന്ദു ദേശീയതയെന്ന സങ്കല്‍പ്പം മാത്രമാണ് ജീവിതകാലം മുഴുവന്‍ പരമേശ്വരന് പ്രചരിപ്പിച്ചത്. ദേശീയതയെന്ന മന്ത്രം ശക്തമായി പ്രചരിപ്പിച്ചത്, ശ്രീരാമകൃഷ്ണന്റെ പ്രശസ്തനായ ശിഷ്യന് സ്വാമി വിവേകാനന്ദനാണെന്നും വിവേകാനന്ദന്റെ ദേശീയത ഹിന്ദു ദേശീയതയാണെന്നും അതിന്റെ വേരുകള്‍ ഹിന്ദുമതത്തിലും സംസ്ക്കാരത്തിലും ആണെന്നും ഇത് മുസ്ലിം വിരുദ്ധമല്ലെന്നും മറ്റാര്‍ക്കെങ്കിലും വിരുദ്ധമല്ലെന്നും നെഹ്റു എഴുതിയിട്ടുണ്ട് (ജവഹര്‍ലാല്‍ നെഹ്റു, ഗ്ളിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി, പെന്ഗ്വിന് ബുക്സ്, ന്യൂദല്‍ഹി 2004 പേജ് 437). പക്ഷെ, സ്വാതന്ത്ര്യാനാന്തരം നെഹ്റു വിവേകാനന്ദന്റെ ദേശീയതയില്‍ നിന്ന് അകന്നു, എന്നാല്‍ പി. പരമേശ്വരന് അകന്നില്ല. വിവേകാനന്ദനെ ഉപേക്ഷിച്ച നെഹ്റുവിനെ മതേതരനായി ആഘോഷിച്ചു. വിവേകാനന്ദനെ മുറുകെ പിടിച്ച പരമേശ്വരനെപ്പോലുള്ളവരെ മതേതരരല്ലെന്ന് മുദ്രകുത്തി. 1995ലെ സുപ്രീംകോടതിയുടെ ഹിന്ദുത്വ വിധി പരമേശ്വരനായിരുന്നു ശരിയെന്ന് തെളിയിച്ചു. ഇന്ത്യന്‍ സംസ്കാരത്തെയും
പാരമ്പര്യത്തെയും ഒഴിവാക്കി, മതത്തിന്റെ ഇടുങ്ങിയ പരിധിക്കുള്ളില്‍ തളച്ചിടാവുന്നതല്ല ഹിന്ദു, ഹിന്ദുത്വം, ഹിന്ദൂയിസം എന്നിവയെന്ന് കോടതി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവിത രീതിയുമായി ബന്ധപ്പെട്ടതാണ് ഹിന്ദുത്വമെന്നും കോടതി വ്യക്തമാക്കി. സാംസ്കാരിക സത്തയാണ് ഇന്ത്യയെന്ന ആശയത്തിനു വേണ്ടിയാണ് പരമേശ്വരന് ജീവിച്ചതും ജീവിതത്തിലുടനീളം പോരാടിയതും. ഹിന്ദുത്വ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മതേതര പാര്‍ട്ടികള്‍ 20 വര്‍ഷത്തിലേറെ മുറവിളി കൂട്ടി. പക്ഷെ, ഹിന്ദൂയിസം ജീവിത രീതിയാണെന്നും അത് ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവുമാണെന്ന നിലപാട് നിലനില്‍ക്കുമെന്നും പുനപ്പരിശോധിക്കില്ലെന്നുമാണ് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് 2016ല്‍ വിധിച്ചത്. പരമേശ്വരന് പ്രചരിപ്പിച്ച ആശയമാണ് സുപ്രീംകോടതി അവസാനം അംഗീകരിച്ചതെന്ന, തിരസ്ക്കരിക്കാനാവാത്ത വസ്തുത മുഖ്യധാരാ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒരുപക്ഷെ കടന്നുവന്നെന്നിരിക്കില്ല. വ്യക്തിപരമായ യാതൊരാഗ്രഹവും ഇല്ലാത്ത പരമേശ്വരന്, താന്‍ പതിറ്റാണ്ടുകള്‍ ഏതാശയത്തിനു വേണ്ടിയാണോ പ്രവര്‍ത്തിച്ചത്, അത് സുപ്രീംകോടതി തന്നെ നിയമപരമായി പ്രഖ്യാപിച്ചതിന്റെ സംതൃപ്തിയോടെയാകാം മിഴികളടച്ചത്.
ഇടതല്ല; വലതും
പരമേശ്വരനെ സൃഷ്ടിച്ച ഇന്ത്യന്‍ തത്വചിന്ത, ആത്മീയ, ഭൗതിക ചിന്തകളെ വേര്‍തിരിച്ചാണ് കാണുന്നത്. അതിന് വലതെന്നോ ഇടതെന്നോ ഇല്ല. എങ്കിലും അദ്ദേഹത്തെ ഇടതുചിന്തകരുടെ നാടായ കേരളം വലതുചിന്തകനെന്ന് മുദ്രകുത്തി. കേരളത്തില്‍ ഇടതു നിന്ന് മാറിനിന്നവരെയെല്ലാം വലതു പക്ഷമായി നിര്‍വചിച്ചു. പരമേശ്വരനെ യാഥാസ്ഥിതികനായും മതേതര വിരുദ്ധനായും ചിത്രീകരിച്ചു. സത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മുദ്രകുത്തലാണ്, കേരളത്തിലെ, ഏകപക്ഷീയമായ ചര്‍ച്ചകളില്‍ പരമേശ്വര്‍ജിയുടെ പങ്ക് നിര്‍വ്വചിച്ചത്. കേരളത്തിലെ ഏകദിശയിലുള്ള ബൗദ്ധികതയെ പരമേശ്വരന് എതിര്‍ത്തു, ധിക്കരിച്ചു. യഥാസ്ഥിതികമെന്നും ലിബറല്‍ എന്നുമാണ് പാശ്ചാത്യ വേര്‍തിരിവ്. ഈ വേര്‍തിരിവ് ഇന്ത്യന്‍ ബുദ്ധിജീവികളെ മനസിലാക്കാന്‍ അപര്യാപ്തമാണ്.
ഇന്ത്യന്‍ ചിന്താധാര ഇത്തരം വേര്‍തിരിവുകള്‍ക്കും അപ്പുറമാണ്. ആത്മീയവാദിയായ സ്വാമി വിവേകാനന്ദന് യാഥാസ്ഥിതികനാണോ, ലിബറലാണോയെന്ന് പാശ്ചാത്യ രീതിയില്‍ മനസിലാക്കാന്‍ സാധിക്കുമോ? പരമേശ്വര്‍ജിയെപ്പോലുള്ള ആത്മീയരായ ബുദ്ധിജീവികളെ മനസിലാക്കാന്‍ പാശ്ചാത്യമായ ഭൗതികചിന്താ രീതി അപര്യാപ്തമാണ്. ചിന്തയില്‍ അദ്ദേഹം ഇടതും വലതുമായിരുന്നില്ല. ജനങ്ങളെ ഇടതരും വലതരുമായി മാത്രം കാണുന്ന രാഷ്ട്രീയത്തില്‍ അദ്ദേഹം ദേശീയവാദിയായിരുന്നു. രാഷ്ട്രീയത്തിന്റെ അതിരുകള്‍ ഭേദിച്ച ചിന്തകനായിരുന്ന പരമേശ്വരന്, രാഷ്ട്രീയ മുദ്ര ചാര്‍ത്തിയിരുന്നതിനാല്‍, അദ്ദേഹത്തിന്റെ കഴിവ് പൂര്‍ണമായും ഉപയോഗിക്കപ്പെട്ടില്ല.
കേരളം പരമേശ്വരന്റെ ചിന്തകള്‍ അനുസ്മരിക്കണം
പദ്മ പുരസ്ക്കാരങ്ങള്‍ വഴി വൈകിയാണ് അദ്ദേഹം അംഗീകരിക്കപ്പെട്ടത്. ഒരവാര്‍ഡും ആഗ്രഹിക്കാത്തയാളായതിനാല് അദ്ദേഹത്തിനു നല്‍കുക വഴി അവാര്‍ഡുകളുടെ മാറ്റ് കൂടുകയാണ് ചെയ്തത്. ഉള്ളില്‍ ശുഭ്രവസ്ത്രമണിഞ്ഞ സംന്യാസിയായിരുന്നു അദ്ദേഹം. ഉള്ളിലെ സംന്യാസ ഭാവമാണ് എഴുപതിലേറെ വര്‍ഷം, യാതൊന്നും പ്രതീക്ഷിക്കാതെ തന്റെ ദൗത്യം തുടരാന്‍ അദ്ദേഹത്തിന് പ്രേരണയായത്. സമകാലിക കേരളത്തെ രൂപപ്പെടുത്തിയ ബുദ്ധിരാക്ഷസന്മാരില് ഒരാളായ പരമേശ്വര്‍ജിയുടെ വിയോഗം വലിയ നഷ്ടമാണ്. ആത്മീയ സത്തയില്‍ നിന്ന് അകന്ന്, ദീര്‍ഘകാലം ഭൗതികതയില്‍ അഭിരമിച്ച കേരളം അതിന്റെ നല്ല ഭാവിക്കുവേണ്ടി പരമേശ്വര്‍ജിയെ ഓര്‍ക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: