പരമേശ്വര്‍ജിയെന്ന ജ്ഞാന ജ്യോതിസിന് പ്രബുദ്ധ കേരളം സ്നേഹാദരങ്ങളോടെ വിട നല്കിയിരിക്കുന്നു. സൂര്യന് അസ്തമിച്ചതുപോലെയൊരു ശൂന്യതയിലാണ് ഓരോ സ്വയംസേവകരുടെയും മനസ്സ്. അനിവാര്യമെങ്കിലും, ആ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ഇതുവരെ സാധിച്ചിട്ടുമില്ല. അദ്ദേഹത്തെ സ്നേഹിക്കുന്ന, ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജനസഞ്ചയം ഭാരതമെമ്പാടുമുണ്ട്. അതില്‍ പരമേശ്വര്‍ജിയെ നേരിട്ടറിയുന്നവരും അല്ലാത്തവരുമായി നിരവധി പേരുണ്ട്.
അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച പി. പരമേശ്വരന് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശേഷണം തന്നെ പരമേശ്വര്‍ജിയുടെ ഔന്നത്യം വിളിച്ചോതുന്നു. വ്യത്യസ്ത ചിന്താസരണികളിലൂടെ സഞ്ചരിക്കുമ്പോഴും ഒരാളുടെ മഹത്വം അംഗീകരിക്കുക എന്നതാണ് പ്രധാനം. മുഖ്യമന്ത്രി ചെയ്തതും അതുതന്നെ. ഒന്നും ആഗ്രഹിക്കാതെ, സമൂഹത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കുകയാണ് ഋഷിമാര്‍ ചെയ്യുന്നത്. പരമേശ്വര്‍ജിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഈ നിരീക്ഷണം അതുകൊണ്ടുതന്നെ അര്‍ത്ഥവത്താണ്. പരമേശ്വര്‍ജിയെ ഒരിക്കല്‍ എങ്കിലും അടുത്തറിഞ്ഞിട്ടുള്ളവരുടെ അഭിപ്രായവും മറ്റൊന്നാവാന്‍ ഇടയില്ല. അതുകൊണ്ടാണ് താന്‍ മനസ്സിലാക്കിയ പി.പരമേശ്വരനെക്കുറിച്ച് ഇടതുപക്ഷ സഹയാത്രികനായ ഡോ. ബി. ഇക്ബാല്‍ ഫേസ്ബുക്കില്‍ എഴുതിയത്. ഇക്ബാലിനെ നിരവധി പേര് വിമര്‍ശിച്ചത് അമ്പരപ്പിക്കുന്നു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ പോലും ലംഘിച്ചാണ് ചിലര്‍ ഇക്ബാലിനെതിരെ രംഗത്തു വന്നത്. ഇക്ബാലിനെ വിമര്‍ശിക്കുന്ന ഇടതുപക്ഷക്കാരും ഒന്നു മനസ്സിലാക്കണം, അവരുടെ താത്വികാചാര്യന്മായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. ഗോവിന്ദപ്പിള്ള എന്നിവരുമായി പരമേശ്വര്‍ജി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. രാഷ്ട്രീയാതീതമായി ചിന്തിക്കുകയും തന്റെ സൗഹൃദവലയത്തിലേക്ക് ആരെയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്ത വ്യക്തിയായിരുന്നു.
പേരില്‍ മാത്രം ജ്യോതിസ് ഉള്ളപ്പോഴും മനസ്സില്‍ ഇരുട്ട് നിറഞ്ഞ ‘ബുദ്ധിജീവി’ക്ക് ഒരുപക്ഷേ, പരമേശ്വര്‍ജിയെ അറിഞ്ഞുവെന്നുവരില്ല. എന്നാല്‍, കോണ്‍ഗ്രസില്‍ അതറിയുന്നവരുണ്ട്. പരമേശ്വര്‍ജിയോടുള്ള ആദരവ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്തു. അവരില്‍ പലരും നേരിട്ടെത്തിയാണ് പരമേശ്വര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
പരമേശ്വര്‍ജി മുന്നോട്ടുവച്ച ദര്‍ശനങ്ങളോടും ആശയങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നവരും ആ വ്യക്തിത്വത്തോട് ഒരിക്കലും അകലം പാലിച്ചിട്ടില്ല. കാരണം സംഘര്‍ഷമല്ല, സംവാദമായിരുന്നു പി. പരമേശ്വരന്റെ വഴി. വിയോജിക്കുമ്പോഴും നിശബ്ദമായി എതിരാളികള്‍ പോലും അദ്ദേഹത്തെ ആരാധിച്ചിരുന്നു.
നാടിന്റെ നാനാദിക്കില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പരമേശ്വര്‍ജിയുടെ ഭൗതികദേഹം ഒരുനോക്ക് കാണുന്നതിനും പ്രണാമം അര്‍പ്പിക്കുന്നതിനുമായി എത്തിച്ചേര്‍ന്നത്. അത് അദ്ദേഹത്തിന് സമൂഹത്തില്‍ ലഭിച്ച സ്വീകാര്യതയുടെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്ന് വിളിച്ചോതുന്നു. പരമേശ്വര്‍ജിയുടെ ചിന്തകളുടെ ഔന്നത്യം അത്രത്തോളം വലുതായിരുന്നു. ധൈഷണിക മേഖലയില്‍ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരം കൂടിയാണത്. രാഷ്ട്രദേവതയ്ക്കുള്ള സമര്‍പ്പണമായിരുന്നു പരമേശ്വര ദര്ശനങ്ങളത്രയും. വരും കാലത്തും അതിന്റെ പ്രഭാവത്തിന് ഒരു കോട്ടവും തട്ടുകയുമില്ല. അദ്ദേഹം പകര്‍ന്നു നല്കിയ ജ്ഞാനജ്യോതിയെ അറിയുക, പിന്തുടരുക, പ്രാവര്‍ത്തികമാക്കുക എന്നതാവണം പരമേശ്വര്‍ജിക്കുള്ള ഗുരുദക്ഷിണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: