ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിച്ചും, ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയും മാത്രമേ സാമ്പത്തിക മികവ് കൈവരിക്കാന്‍ സാധിക്കൂ. നികുതി സമ്പ്രദായത്തെ ശക്തിപ്പെടുത്തിയും നികുതി പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയും മുന്നോട്ട് പോയെങ്കില്‍ മാത്രമേ പ്രതീക്ഷിച്ച തോതില്‍ ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. നികുതിദായകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും നികുതിവെട്ടിപ്പിനെ കര്‍ശനമായി നിയന്ത്രിച്ചും വേണം ആദായ നികുതി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍. കോര്‍പറേറ്റ് നികുതിയില്‍ ഈയിടെ പ്രഖ്യാപിച്ച ഇളവുകള്‍ വ്യാവസായിക വളര്‍ച്ചയ്ക്കും വിദേശ നിക്ഷേപ വര്‍ദ്ധനവിനും
ആഭ്യന്തര വരുമാന വര്‍ദ്ധനവിനും ധാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ചരക്ക് സേവന നികുതിയിലെ Input Tax credit ലെ അപാകതകളും, തട്ടിപ്പുകളും ഒഴിവാക്കി നികുതി പിരിവ് കാര്യക്ഷമമാക്കിയെങ്കില്‍ മാത്രമേ പ്രതിമാസം ഒന്നര ലക്ഷം കോടി രൂപ എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. നികുതി സമ്പ്രദായം കൂടുതല്‍ ലളിതവും നികുതിദായക സൗഹൃദവും സുതാര്യവുമായി നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്ധ്യവര്‍ഗ്ഗത്തിലെ സ്ഥിരവരുമാനക്കാരും, ശമ്പളക്കാരും, ചെറുകിട കച്ചവടക്കാരുമായ പരമ്പരാഗത സ്രോതസ്സില്‍ നിന്നാണ് നികുതി വരുമാനത്തിന്റെ നല്ലൊരു ശതമാനവും പിരിച്ചെടുക്കുന്നത്. വന്‍കിട വ്യവസായികളും, വലിയ വരുമാനത്തിന്റെ ഉടമകളും പലപ്പോഴും നികുതി വലയ്ക്ക് പുറത്ത് നില്ക്കുന്ന പ്രവണത ഇന്ത്യന്‍ നികുതി വ്യവസ്ഥയുടെ ന്യൂനതയായി തുടരുകയാണ്. ഇത്തരക്കാരെ നികുതി വലയില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. എങ്കിലെ നികുതിഘടനയുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ളൊരു ശ്രമമാണ് ധനമന്ത്രി ഈ വര്‍ഷത്തെ ബജറ്റില്‍ നടത്തിക്കാണുന്നത്.
പ്രത്യക്ഷ നികുതിയിലും വ്യക്തികള്‍ക്കായുള്ള നികുതി നിരക്കിലും വരുത്തിയ മാറ്റങ്ങള്‍ നികുതിയുടെ അടിത്തറ വിപുലീകരിക്കാനും നികുതി പിരിവിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനും നികുതി സമ്പ്രദായത്തോട് നികുതിദായകര്‍ക്ക് നിലവിലുള്ള നിഷേധ നിലപാട് മാറ്റാനും ഉദ്ദേശിച്ചുള്ളതാണ്. വളരെ കുറച്ചുപേര്‍ മാത്രമേ രാജ്യത്ത് നികുതി കൃത്യമായി നല്‍കുന്നുള്ളൂ എന്നത് ഒരു പൊതുധാരണയായാണ് കണക്കാക്കപ്പെടുന്നത്. നികുതിയെ കോടാലിയായാണ് പലരും കാണുന്നത് (Tax is an axe). നികുതി സമ്പ്രദായം സുതാര്യവും സരളവുമാക്കി കൂടുതല്‍ പേരെ നികുതിദായകരാക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നികുതിദായകര്‍ക്ക് പ്രോത്സാഹനവും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ധനസമാഹരണവും എന്നതാണ് സര്‍ക്കാരിന്റെ പരിപാടി. പൗരന്മാരില് നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടുവേണം സര്‍ക്കാര്‍ പദ്ധതികള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ആദായ നികുതിയുടെ പങ്ക് വളരെ വലുതാണ്. ഇത് കണക്കിലെടുത്താണ് ധനമന്ത്രി പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ വിദേശ ഇന്ത്യക്കാര്‍ക്കും സ്വദേശത്ത് സ്ഥിര താമസക്കാരായ നികുതിദായകര്ക്കുമായി നല്‍കിയിരിക്കുന്നത്.
ആദായ നികുതിയില്‍ നേരിയ മാറ്റം
ആദായ നിരക്കുകള്‍ കുറയ്ക്കുകയും നികുതി സ്ലാബുകള്‍ പരിഷ്കരിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2014ലാണ് കഴിഞ്ഞ തവണ അവസാനമായി സര്‍ക്കാര്‍ ആദായ നികുതി സ്ലാബില്മാറ്റം വരുത്തിയത്. ഈ പ്രാവശ്യം രണ്ട് സമ്പ്രദായത്തില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാനുള്ള അവസരം ആദായ നികുതിദായകന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതുപ്രകാരം പുതിയ സ്ലാബുകളിലേയ്ക്ക് മാറാത്തവര്‍ക്ക് നിലവിലുള്ള സ്ലാബുകളും ആനുകൂല്യങ്ങളും തുടരാവുന്നതാണ്.
പുതുക്കിയ നികുതി സമ്പ്രദായത്തില്‍ ഏതാനും വരുമാന സ്ലാബുകളാണുള്ളത്. അതനുസരിച്ച് ഒന്നാമത്തെ സ്ലാബില്‍, അഞ്ച് ലക്ഷം മുതല്‍ ഏഴര ലക്ഷം രൂപ വാര്‍ഷിക വരുമാനത്തിന് പത്ത് ശതമാനമാണ് നികുതി നിരക്ക്. ഏഴര ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള രണ്ടാമത്തെ സ്ലാബിന് നികുതി നിരക്ക് പതിനഞ്ച് ശതമാനവും, പത്ത് മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ള മൂന്നാം സ്ലാബില്‍ പെടുന്നവര്‍ക്ക് ഇരുപത് ശതമാനവും, പന്ത്രണ്ടര ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ വരുമാനമുള്ള നാലാം സ്ലാബില്‍ പെട്ട ആദായ നികുതിദായകര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനവുമാണ് നികുതി നിരക്ക്. പതിനഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള എല്ലാവരും മുപ്പത് ശതമാനം നികുതി നല്കാന് ബാധ്യസ്ഥരാണ്.
വ്യക്തിഗത ആദായ നികുതിയില്‍ നേരിയ മാറ്റം മാത്രമാണ് നിര്‍മ്മല സീതാരാമന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അത് വലിയ ആശ്വാസമാണ് ഇടത്തരക്കാര്‍ക്ക് നല്‍കുന്നത്. നികുതി നിരക്കുകള്‍ വ്യത്യാസപ്പെടുത്താതെ തന്നെ സ്ലാബുകളില്‍ മാറ്റം വരുത്തിയാണ് ഇത് സാധിച്ചിരിക്കുന്നത്. ഇതുമൂലം ഉദാഹരണമായി, പതിനഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് ഇളവുകള്‍ ഒഴിവാക്കിയുള്ള പുതിയ പദ്ധതി സ്വീകരിക്കുകയാണെങ്കില്‍ 1.95 ലക്ഷം രൂപ ആദായ നികുതി കൊടുത്താല്‍ മതിയാകും. പഴയ സമ്പ്രദായമനുസരിച്ച് 2.73 ലക്ഷം രൂപയാകുമായിരുന്നു ആദായ നികുതി. ഇത് ഇടത്തരക്കാര്‍ക്ക് ഏറെ സഹായകരമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആദായ നികുതി 80 സി വകുപ്പിലെ ഒന്നര ലക്ഷം രൂപയുടെ ഇളവിന് പുറമേ, 80 സിസിസി വകുപ്പ് പ്രകാരം നാഷണല്‍ പെന്ഷന് സ്കീമില്‍ അടയ്ക്കുന്ന അയ്യായിരം രൂപയുടെ നിക്ഷേപത്തിന് ലഭിച്ചിരുന്ന ഇളവ് തുടരുന്നതാണ്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: