കാസര്‍കോട്: കൊറോണ വൈറസ് നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയക്കേണ്ടതില്ലെന്നും അവര്‍ക്ക് ഹാജര്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ 92 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേരും ഉള്‍പ്പെടെ 96 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര് വീടുകളിലും രണ്ടു പേര് വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
19 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. 14 പേരുടെ പരിശോധനാ ഫലം ലഭിച്ചതില്‍ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. പോസിറ്റീവായ രോഗി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുടെ നില തൃപ്തികരമാണ്. പുതുതായി ഒരാളുടെയും ഫലം പോസ്റ്റീവ് ആയിട്ടില്ലെങ്കിലും ജില്ലയില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. നിരീക്ഷണത്തില്‍ ഉള്ള കുടുംബങ്ങളില്‍ നിന്ന് 39 കുട്ടികള്‍ സ്കൂളിലും രണ്ടു കുട്ടികള്‍ കോളേജിലുമാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച വീട്ടില്‍ പക്ഷിമൃഗാദികളില്ലാത്തതിനാല് അത്തരത്തിലുള്ള ആശങ്ക വേണ്ട.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ ഉപസമിതികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കൊറോണ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ലൈലയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘം ജില്ലാ ആശുപത്രിയിലുള്ള കൊറോണ പോസിറ്റീവായ രോഗിയെ സന്ദര്‍ശിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഐ.എം.എ നടത്തുന്ന പരിശീലന പരിപാടിയിലും സംഘം പങ്കെടുത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
ജില്ലാ-ജനറല്‍ ആശുപത്രികളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കാഞ്ഞങ്ങട് സബ് കളക്ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന കൊറോണ വൈറസ് പ്രതിരോധ കോര്‍ കമ്മറ്റി യോഗം വിലയിരുത്തി. വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ അരുണ്‍ കെ. വിജയന് അറിയിച്ചു.
ചൈന ഉള്‍പ്പെടെയുള്ള കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ആരും തന്നെ ജില്ലയിലെ ഹോട്ടലുകളില്‍ താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തി. 29 ഹോട്ടലുകള്‍, 23 ഹോം സ്റ്റേ, 26 ഹൗസ് ബോട്ടുകള്‍ എന്നിവയാണ് പരിശോധിച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വീഡിയോ സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്കി.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന പരിശോധന ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കു വരുന്നവരെ കണ്ടെത്തി കണ്ട്രോള് റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഈ പരിശോധന. ഹോട്ടലുകളില്‍ കൈ കഴുകുന്നതിനായി ലിക്വിഡ് സോപ്പ് ഉപയോഗിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. എല്ലാ വിദ്യാലയങ്ങളിലും കൈ കഴുകുന്ന ശീലം പ്രചരിപ്പിക്കുന്നതിനായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. പ്രത്യേക മീഡിയാ സര്‍വയലന്‍സ് ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ചേര്‍ന്ന അവലോകന യോഗത്തില്‍ എ. ഡി.എം എന്‍.ദേവിദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടര്‍ രാമദാസ് എ.വി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ മനോജ് എ.ടി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ രാമന് സ്വാതി വാമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ലോകാരോഗ്യ സംഘടനാ നീരീക്ഷകന് ഡോ ദീനദയാലന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: