അറ്റന്‍ബറോയുടെ ‘ഗാന്ധി’ സിനിമ ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ സൊസൈറ്റി ട്രസ്റ്റിന് കീഴിലുള്ള ആഗാഖാന്‍ പാലസില്‍ ചിത്രീകരിക്കാന്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ആദ്യം അനുമതി കൊടുത്തിരുന്നില്ല. മഹാത്മജിയെ അവതരിപ്പിക്കാന്‍ എന്തിനാണ് നമുക്കൊരു ‘കപട ഗാന്ധി’ എന്നായിരുന്നുവത്രേ ട്രസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന മൊറാര്‍ജി ചോദിച്ചത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം കപട ഗാന്ധിമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നമ്മുടെ പൊതുമണ്ഡലം. അടിസ്ഥാനപരമായി ഗാന്ധിജി ആരായിരുന്നുവോ, അത് സമര്‍ത്ഥമായി മറച്ചുപിടിച്ച് തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിക്കപ്പെടുന്ന വിധം മഹാത്മജിയെ അവതരിപ്പിക്കുകയാണ്. ഗാന്ധി പണ്ഡിതന്മാരായി അറിയപ്പെടുന്ന രാമചന്ദ്ര ഗുഹ മുതല്‍ കെ. അരവിന്ദാക്ഷന് വരെ യാതൊരു തത്വദീക്ഷയുമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. സത്യം ഇവര്‍ക്കൊരു പ്രശ്നമേയല്ല.
ആരെങ്കിലും ഹിന്ദുത്വത്തെ കുറിച്ച് പറഞ്ഞാല്‍ ഉടന്‍തന്നെ അത് ഗാന്ധിവിരുദ്ധമാണെന്ന് വിധിക്കുന്ന ഗാന്ധിയന്മാര്, ”ഞാന്‍ സനാതന ഹിന്ദുവാണ്” എന്നു പറഞ്ഞ ഗാന്ധിജിയെ മറക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമംകൊണ്ടുവന്നാല്‍ അത് ഗാന്ധിസത്തിന് എതിരാണെന്ന് വാദിക്കുന്നവര്‍, തനിക്ക് അധികാരം ലഭിച്ചാല്‍ ആദ്യം ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന മതപരിവര്‍ത്തനം നിരോധിക്കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചത് വിസ്മരിക്കും. ഗോവധം നിരോധിക്കണമെന്നു പറഞ്ഞാല്‍ ഉടന്‍ ഗാന്ധിജിയെ രംഗത്തിറക്കുന്നവര്‍, പശു കാരുണ്യത്തിന്റെ കവിതയാണെന്ന് ഗാന്ധിജി പറഞ്ഞത് അറിയില്ലെന്ന് നടിക്കുന്നു. രാമജന്മഭൂമിയില്‍ രാമക്ഷേത്രമാണ് വേണ്ടതെന്ന് പറയുന്നത് ഗാന്ധിജിയുടെ ആഗ്രഹത്തിന് വിരുദ്ധമാണെന്ന് വാദിക്കുന്നവര്‍, തന്റെ സങ്കല്‍പ്പത്തിലെ ആദര്‍ശ ഭരണവ്യവസ്ഥ രാമരാജ്യമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളയാളാണ് മഹാത്മജിയെന്ന കാര്യം മറക്കുന്നു. ഗാന്ധിജിയെ ആര്‍എസ്എസ് വിരുദ്ധനായി ചിത്രീകരിക്കുന്നവര്‍, സംഘപരിപാടികളില്‍ പലവട്ടം പങ്കെടുക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളയാളാണ് മഹാത്മജിയെന്നത് കാണുന്നേയില്ല. കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തെക്കുറിച്ച് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഫാസിസവുമാണെന്ന് ആക്രോശിക്കുന്നവര്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിട്ട് ലോക സേവക് സംഘം രൂപീകരിക്കണമെന്ന് പറഞ്ഞ അന്ത്യനാളുകളിലെ ഗാന്ധിജിയെ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.
1921-ല്‍ മലബാറില്‍ നടന്ന അതിക്രൂരമായ മാപ്പിളലഹള മതഭ്രാന്തിന്റെ അഴിഞ്ഞാട്ടമായിരുന്നുവെന്ന് തെളിവു സഹിതം സ്ഥാപിക്കുമ്പോഴും ഇസ്ലാമിക മതമൗലികവാദികള്‍ ഗാന്ധിജിയെ എതിര് നിര്‍ത്തുന്നു! ”സാധാരണ ഹിന്ദു ഭീരുവും സാധാരണ മുസ്ലിം അക്രമിയുമാണ്” എന്ന് ഈ മതഭ്രാന്തിന്റെ മുഖത്തു നോക്കി പറയാന്‍ ഗാന്ധിജി മടിച്ചില്ലെന്ന സത്യം മറച്ചുവയ്ക്കപ്പെടുന്നു. മുസ്ലിംലീഗ് നേതാവായി മാറിയ മുഹമ്മദാലി ജിന്ന ഒരിക്കല്‍പ്പോലും ഗാന്ധിജിയെ ‘മഹാത്മ’ എന്ന് സംബോധന ചെയ്തില്ല. ‘മിസ്റ്റര്‍ ഗാന്ധി’ എന്നാണ് ധാര്‍ഷ്ട്യത്തോടെ വിളിച്ചിരുന്നത്. ”ഗാന്ധി എത്ര സ്വഭാവശുദ്ധിയുള്ള ആളായിരുന്നാലും മതപരമായ കാഴ്ചപ്പാടില്‍ എനിക്ക് അദ്ദേഹം ഏറ്റവും ദുര്‍വൃത്തനായ മുസ്ലിമിനെക്കാള്‍ താഴെയാണ്” എന്ന് പ്രഖ്യാപിച്ചയാളാണ് ലീഗ് നേതാവായിരുന്ന മുഹമ്മദാലി. ഈ പാരമ്പര്യം പേറുന്നവരാണ് ഇപ്പോള്‍ മതേതരത്വം പറയുന്നതും മഹാത്മജിയെ വാഴ്ത്തുന്നതും. ശുദ്ധ കാപട്യം എന്നല്ലാതെ എന്തു പറയാന്‍!
ഈ കാപട്യത്തിന്റെ തുടര്‍ച്ചയായി വേണം പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമ സമരത്തിനും മഹാത്മജിയെ കൂട്ടുപിടിക്കുന്നതിനെ കാണാന്‍. നിയമനിര്‍മാണത്തിലൂടെ ഗാന്ധിജിയുടെ ആഗ്രഹമാണ് മോദി സര്‍ക്കാര്‍ പൂ
ര്‍ത്തീകരിച്ചത്. ”ഭയം കാരണം പാക്കിസ്ഥാന് ഉപേക്ഷിക്കേണ്ടി വരുന്നിടത്ത് പ്രശ്നമുണ്ട്. മാതൃരാജ്യത്ത് വിദേശിയായി പരിഗണിക്കുന്നതിനാലോ ജീവിക്കുന്നതിന് നിരന്തരം തടസ്സങ്ങള്‍ നേരിടുന്നതിനാലോ അവര്‍ക്ക് അവിടെ കഴിയാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇരുകൈയും നീട്ടി അവരെ സ്വീകരിക്കുകയും നിയമപരമായ എല്ലാ അവസരങ്ങളും നല്‍കുകയെന്നതുമാണ് അതിര്‍ത്തിക്ക് അടുത്തുള്ള പ്രവിശ്യകളുടെ ധര്‍മം.” 1947 ജൂലായ് 16 ന് ദല്‍ഹിയിലെ പ്രാര്‍ത്ഥനാ സഭയില്‍ ഗാന്ധിജി പ്രകടിപ്പിച്ച ഈ ആഗ്രഹമാണ് പൗരത്വ നിയമ ഭേദഗതിയില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിഫലിക്കുന്നത്. ഗാന്ധിജിയുടെ നിലപാടിനെ നിരാകരിക്കാന്‍ അദ്ദേഹത്തെത്തന്നെ കൂട്ടുപിടിക്കുന്നത് എത്ര വിരോധാഭാസമാണ്!
അധികാര സ്ഥാനങ്ങള്‍ ലഭിക്കുന്നതിനായി ഗാന്ധിജിയുടെ അരുമശിഷ്യനായി അഭിനയിച്ച ജവഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് തുടങ്ങുന്നതാണ് ഈ കാപട്യം. ഗാന്ധിജിയുടെ ലളിത ജീവിത ശൈലി പുറംവാതിലിലൂടെ വലിച്ചെറിഞ്ഞ പ്രധാനമന്ത്രി നെഹ്റു, ബ്രിട്ടീഷ് വൈസ്രോയിമാരെപ്പോലെ ആഡംബര ജീവിതം നയിച്ചു. രാജാക്കന്മാരും മറ്റും പുലര്‍ത്തിയ ഫ്യൂഡല്‍ മൂല്യങ്ങളെ പുച്ഛിച്ചു തള്ളിയിരുന്ന നെഹ്റു ആഡംബര വസതിയായ ‘തീന്‍മൂര്‍ത്തി ഭവനി’ല്‍ കഴിഞ്ഞ് ജനങ്ങള്‍ക്ക് അപ്രാപ്യനാണെന്ന് ഭാവിച്ചു. നെഹ്റുവിന്റെ ഈ ‘മാതൃക’ മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളും ഭരണാധികാരികളും സന്തോഷപൂര്‍വം പിന്‍പറ്റി. അയിത്തോച്ചാടനം, മദ്യവര്‍ജനം, ഖാദി പ്രചാരണം എന്നിങ്ങനെയുള്ള ഗാന്ധിയന്‍ നിര്‍മാണാത്മക പരിപാടികളൊന്നും നെഹ്റു കൊടിലുകൊണ്ടുപോലും തൊട്ടില്ല. ”ജവഹര്‍ലാല്‍, ഗാന്ധിജിക്കു മാത്രമല്ല, ഗാന്ധിസത്തിനും അന്തിമോപചാരം അര്‍പ്പിച്ചു” എന്ന് നെഹ്റുവിന്റെ അനുയായി തന്നെയായിരുന്ന റാഫി അഹമ്മദ് കിദ്വായ് പറഞ്ഞതാണ് ശരി. എന്നിട്ടും യാതൊരു അന്തസ്സും പാലിക്കാതെ ഭാവി പ്രധാനമന്ത്രിയാക്കാന്‍ ലക്ഷ്യമിട്ട് സ്വന്തം മകളുടെ പേരിനൊപ്പം ‘ഗാന്ധി’ എന്ന് ചാര്‍ത്തിക്കൊടുത്തു?. ലോകചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കാപട്യമായ ‘ആള്‍മാറാട്ടം’ നടത്തി ‘സോണിയാ ഗാന്ധിജി’യും ‘രാഹുല്‍ ഗാന്ധിജി’യും ‘പ്രിയങ്ക ഗാന്ധിജി’യും ചമഞ്ഞ് നെഹ്റു കുടുംബക്കാര് ജനങ്ങളെ നിരന്തരം അവഹേളിക്കുന്നു.
മതത്തിന്റെ പേരില്‍ നടത്തിയ 1947-ലെ രാഷ്ട്ര വിഭജനം തെറ്റാണെന്ന് പറയുമ്പോള്‍ അതും ഗാന്ധിവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ”എന്റെ മൃതദേഹത്തിന് മുകളിലിട്ട് മാത്രമേ ഭാരതത്തെ വിഭജിക്കാനാവൂ” എന്നു പ്രഖ്യാപിച്ച ഗാന്ധിജിയെ തള്ളിക്കളയുകയാണ്. വിഭജനത്തിനുശേഷവും ആ തെറ്റ് തിരുത്താന്‍ ശ്രമിച്ച് പാക്കിസ്ഥാനിലെ കറാച്ചിയില്‍ പോയി താമസിക്കാന്‍ തീരുമാനിച്ച ഗാന്ധിജിയെത്തന്നെ ഇല്ലാതാക്കിയാണ് ആ പദ്ധതി പൊളിച്ചത്. അപ്പോഴും രാജ്യത്തിന്റെ ഭരണാധികാരം നിയന്ത്രിച്ചിരുന്ന മൗണ്ട് ബാറ്റണും ഭാര്യ എഡ്വിന മൗണ്ട് ബാറ്റനും അറിയാതെ ഇത് സംഭവിക്കില്ലെന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കറിയാം. ഇവിടെയും സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു പ്രതിക്കൂട്ടിലാണ്.
ഗാന്ധിജി എന്ന പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണകാലം മുതല്‍ അവര്‍ തികഞ്ഞ ഗാന്ധിവിരുദ്ധരാണ്. ഗാന്ധിജി അവര്‍ക്ക് പ്രതിലോമകാരിയായിരുന്നു. തങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഗാന്ധിജിയാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ഉടനീളം ഗാന്ധി എന്തു ചെയ്തുവോ, അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിച്ചു. നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. ഗാന്ധിജി നേതൃത്വം നല്കിയ ഈ മൂന്നു സമരത്തിനും കമ്യൂണിസ്റ്റുകള്‍ എതിരായിരുന്നു. വാര്‍ധയിലെ കള്ളദൈവം, കുരുടന് മിശിഹ എന്നിങ്ങനെയുള്ള അധിക്ഷേപങ്ങള്‍ അവര്‍ ഗാന്ധിജിയുടെ നേര്‍ക്ക് ചൊരിഞ്ഞു. ‘ദി മഹാത്മാ ആന്‍ഡ് ദി ഇസം’ എന്ന പുസ്തകം ഗാന്ധിജിയെ അധിക്ഷേപിക്കാന്‍ വേണ്ടി ഇ.എം.എസ്. നമ്പൂതിരിപ്പാട് എഴുതിയതാണ്. ഇഎംഎസിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഗാന്ധിയനായിരുന്ന കെ. രാഘവന് തിരുമുല്‍പ്പാട് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.
ഗാന്ധിജി കാലത്തിനു മുന്നേ നടന്നയാളാണ്. വലിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞയാള്‍. അതേസമയം ഖിലാഫത്തിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ വലിയ തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. ഏറ്റവും വിചിത്രമായ കാര്യം ഗാന്ധിജിയുടെ ശരികളല്ല, തനിക്ക് തെറ്റിയെന്ന് ഗാന്ധിജി തന്നെ ഏറ്റുപറഞ്ഞവയാണ് അദ്ദേഹത്തിന്റെ മഹത്വമായി പലരും ഉയര്‍ത്തിക്കാട്ടുന്നത്. ഇത് സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: