‘പുറമ്പോക്കിലെ മാണിക്യ’ത്തെ തേടിയാണ് ഇക്കുറി പദ്മശ്രീ എത്തിയത്. അതുകൊണ്ടുതന്നെ അതിന് സൂര്യശോഭയാണ്. പദ്മശ്രീ നിറവില്‍ നില്‍ക്കുമ്പോഴും ആചാര്യ എം.കെ. കുഞ്ഞോല്‍ മാഷിന് അമിതാഹ്ലാദമൊന്നുമില്ല. സര്‍ക്കാര്‍ രേഖകളിലെ തോട് പുറമ്പോക്കായ കൈവശരേഖ മാത്രമുള്ള കുറുപ്പംപ്പടിയിലെ ആറ് സെന്റ് ഭൂമിയിലെ തകരഷീറ്റ് മേഞ്ഞ കുടിലിലാണ് അധഃസ്ഥിതരുടെ സമരനായകന് ഹൈന്ദവ സമൂഹത്തിന്റെ മുന്നണിപോരാളിയുടെ താമസം. ഇപ്പോള്‍ ഒരു വീട് എന്ന സ്വപ്നത്തിനായുള്ള കാത്തിരിപ്പിലാണ്. വീട് പൊളിച്ചുപണിയുന്നതിനായി രണ്ടുമാസമായി വാടക വീട്ടിലാണ് താമസം. പദ്മശ്രീ ലഭിച്ചതോടെ പലരും വീട് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എട്ട് പതിറ്റാണ്ട് പിന്നിട്ട ആദര്‍ശ നിഷ്ഠമായ ജീവിതത്തിന്റെ ബാക്കിപത്രമാണിത്. ഒരുവേള ഡോക്ടറോ, ഉന്നത ഉദ്യോഗസ്ഥനോ എംഎല്‍എയോ മന്ത്രിയോ ആവേണ്ടിയിരുന്നതാണ,് എന്നാല്‍ നിയോഗം മറ്റൊന്നായിരുന്നു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അവരിലൊരാളായി അക്ഷരാര്‍ഥത്തില്‍ ജീവിക്കുകയായിരുന്നു ആചാര്യ എം.കെ. കുഞ്ഞോല്‍.
ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും ക്ഷേത്രവിമോചന പോരാട്ടങ്ങളിലും അറുപത്തിയേഴ് വര്‍ഷമായി തുടരുന്ന വിശ്രമമില്ലാത്ത യാത്രകള്‍ എണ്‍പത്തിരണ്ടാം വയസ്സിലും തുടരുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ ഭൗതികനേട്ടങ്ങള്‍ തനിക്കോ കുടുംബത്തിനോ ഉണ്ടായിട്ടില്ലെങ്കിലും ആദര്‍ശത്തിലൂന്നിയുള്ള ജീവിതത്തെ അതൊരിക്കലും പിന്നോട്ടടിച്ചിട്ടില്ല. ആഗമാനന്ദ സ്വാമികള്‍ പകര്‍ന്ന് നല്കിയ മാര്‍ഗ്ഗദര്‍ശനം നെഞ്ചിലേറ്റുമ്പോള്‍ വ്യക്തിജീവിതത്തിലെ നഷ്ടങ്ങള്‍ മുന്നോട്ടുള്ള ത്യാഗപൂര്‍ണ്ണമായ യാത്രയെ ബാധിക്കാറില്ല.
പഠനവും വഴിത്തിരിവും
പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയില്‍ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി 1937 മെയ് എട്ടിനാണ് ജനനം. എസ്എസ്എല്‍സി പാസ്സായപ്പോള്‍ ഹരിജന്‍ ബാലന് എന്ന നിലയില്‍ കോതമംഗലം, മൂവാറ്റുപുഴ കോളേജുകളിലും ഇന്റര്‍മീഡിയറ്റ് പഠനത്തിനുള്ള അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍, അന്ന് മന്ത്രിയായിരുന്ന കൊച്ചുകുട്ടനായിരുന്നു കാലടി ആശ്രമത്തില്‍ പോയി ആഗമാനന്ദ സ്വാമികളെ കാണുവാന്‍ നിര്‍ദേശിച്ചത്. വീട്ടില്‍ നിന്ന് നടന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായുള്ള അതിയായ വാഞ്ഛയില്‍ കാലടി ആശ്രമത്തില്‍ എത്തുന്നതോടെയാണ് കുഞ്ഞോല്‍ മാഷിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ആഗമാനന്ദ സ്വാമികള്‍ കുഞ്ഞോലിനെ ശ്രീശങ്കരാ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ത്തു. 1955 മുതല്‍ രണ്ടുവര്‍ഷം ആശ്രമത്തിലെ ഹരിജന്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലെ താമസവും പഠനവുമാണ് കുഞ്ഞോലിന്റെ സ്വഭാവ രൂപീകരണത്തിലും നവോത്ഥാന പോരാട്ടങ്ങള്‍ക്കും പ്രചോദനമായത്.
എറണാകുളം മഹാരാജാസ് കോളേജില്‍ ബിഎസ്സിക്ക് പഠിക്കുമ്പോള്‍ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്കായി ഡെമോക്രാറ്റ്സ് എന്നൊരു സംഘടനയ്ക്ക് രൂപം നല്കി. കോളേജ് യൂണിയന് കൗണ്‍സിലിലേക്ക് ഡെമോക്രാറ്റുകള്‍ മത്സരിച്ചു. 13 സ്ഥാനാര്‍ഥികളും വിജയിച്ചു. മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിനായിരുന്നു കുഞ്ഞോലിന്റെ വിജയം. കുഞ്ഞോലിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കുഞ്ഞോലിനെ എടുത്തുകൊണ്ട് വിദ്യാര്‍ഥികള്‍ നഗര പ്രദക്ഷിണം നടത്തിയത് അവിസ്മരണീയമായ ഓര്‍മ്മയാണ് ഇന്നും കുഞ്ഞോലിന്. 1959ല്‍ വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത് 14 ദിവസത്തെ ജയില്‍വാസം അനുഭവിച്ചിരുന്നു.
ബിഎസ്സിക്ക് ശേഷം മെഡിസിന് അപേക്ഷിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കൂടിക്കാഴ്ചയ്ക്കായുള്ള ക്ഷണം ലഭിച്ചു. തിങ്കളാഴ്ച മെഡിസിന് ചേരുന്നതിനായി ശനിയാഴ്ചയാണ് അറിയിപ്പ് ലഭിക്കുന്നത്. ഇന്നത്തെപ്പോലെ യാത്രാസൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഒരുകണക്കിന് കോഴിക്കോട് എത്തി. തിരക്കിട്ട് പോന്നതുകൊണ്ട് മഹാരാജാസില്‍ നിന്ന് ടിസി വാങ്ങിയിരുന്നില്ല. പ്രിന്‍സിപ്പാള്‍ പറഞ്ഞതനുസരിച്ച് ടിസിയുമായി അടുത്ത ദിവസം വന്നപ്പോഴെക്കും ആ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിയിരുന്നു. എങ്ങനെയെങ്കിലും കൈവിട്ടുപോയ മെഡിസിന് സീറ്റ് തിരികെ ലഭിക്കുന്നതിനായുള്ള ഒറ്റയ്ക്കുള്ള ഓട്ടമായിരുന്നു പിന്നീട്. ഓടി തളരുമ്പോഴും നിരാശനാവാതെ ശ്രമം തുടര്‍ന്നു. അവസാനം മന്ത്രിമാരെക്കണ്ട് നിവേദനം നല്കി, പ്രത്യേക ഉത്തരവിലൂടെ അധ്യയനവര്‍ഷം അവസാനിക്കാറായപ്പോഴേക്കും മെഡിസിന് പ്രവേശനം ലഭിച്ചു. വൈകിയാണ് ചേര്‍ന്നതെങ്കിലും വളരെപ്പെട്ടെന്ന് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം എത്താനായി. എന്നാല്‍, രണ്ടാംവര്‍ഷം ഉണ്ടായ ഒരു സംഭവം പഠനത്തിന്റെ ഗതിയെയും ജീവിതത്തേയും ആകെ മാറ്റിമറിച്ചു.
നവാഗതരായ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്ന ഒരു രീതി അവിടെയുണ്ടായിരുന്നു. വളരെ പ്രശസ്തമായ രീതിയില്‍ വിജയിച്ച് മെഡിസിന് പ്രവേശനം ലഭിച്ച ഒരു പട്ടികജാതി പെണ്‍കുട്ടിയുടെ വാര്‍ത്തയും ചിത്രവും അക്കാലത്തെ പത്രങ്ങളില്‍ വന്നിരുന്നു. ഈ പെണ്‍കുട്ടിയെത്തുമ്പോള്‍ റാഗ് ചെയ്യുവാന്‍ ഒരു സംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിട്ടു. ആദ്യദിനം കാമ്പസിലെത്തിയ ഈ വിദ്യാര്‍ഥിനിയെ ഈ സംഘം വളഞ്ഞ് റാഗ് ചെയ്യുവാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ബോധംകെട്ട് വീണു. ഇക്കാര്യം കഞ്ഞോല്‍ പ്രിന്‍സിപ്പാളിനെ അറിയിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കുഞ്ഞോലിനോട് വൈരാഗ്യം ഉണ്ടായി. ഇവര്‍ അവസരത്തിനായി കാത്തിരിക്കുകയും ചില അധ്യാപകര്‍ മുഖേന അത് നടപ്പിലാക്കുകയും ചെയ്തു. കുഞ്ഞോല്‍ എന്ന പാവപ്പെട്ട പട്ടികജാതി വിദ്യാര്‍ഥിയുടെ ഭാവിയെ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പല പരീക്ഷകളിലും മനഃപൂര്‍വ്വം ഈ അധ്യാപകര്‍ കുഞ്ഞോലിനെ തോല്‍പ്പിച്ചു. പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റം ലഭിച്ചെങ്കിലും പഠിക്കാനുള്ള അദമ്യദാഹവുമായുള്ള ഏകനായി ഓടിയ പാവപ്പെട്ട ആ പട്ടികജാതി ബാലന് അപ്പോഴേക്കും തളര്‍ന്നിരുന്നു. പത്ത് പൈസ കൈയിലില്ല. എങ്ങനെ മുന്നോട്ട് പോകും? അനീതിക്കെതിരായുള്ള അടങ്ങാത്ത സമരവീര്യം മാത്രം മനസ്സില്‍. എപ്പോഴും താങ്ങും തണലുമാവാറുള്ള ആഗമാനന്ദ സ്വാമികള്‍ വിടപറഞ്ഞതും കുഞ്ഞോലിന് വ്യക്തിപരമായി നഷ്ടമായി.
അധഃസ്ഥിത സേവനങ്ങളിലേക്ക്
മെഡിസിന് പഠനം നഷ്ടമായതോടെ പിന്നീടുള്ള കുഞ്ഞോലിന്റെ ജീവിതം അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന് രൂപം നല്കി. കോതമംഗലം താലൂക്കിലെ നാടുകാണിയില്‍ ഹരിജന്‍ സമാജത്തിന്റെ താലൂക്ക് ഓഫീസ് സാമൂഹ്യദ്രോഹികള്‍ തീവച്ച് നശിപ്പിച്ചതിനെതിരെ ഓഫീസ് കത്തിച്ച ചാരം നിറച്ച കുടങ്ങളുമായി നടത്തിയ രാജ്ഭവന് മാര്‍ച്ച് ഇന്നും ചരിത്രമാണ്. നാടുകാണി ഹരിജന്‍ ശ്മശാനം കൈവശപ്പെടുത്തിയവര്‍ മൂന്ന് പ്രാവശ്യം ശവസംസ്കാരം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് നടത്തിയ സമരം അസാധ്യമായതിനെ സാധ്യമാക്കിയ സംഭവമാണ്. കൈയേറ്റക്കാരെ ഒഴിപ്പിച്ച് 25 സെന്റ് വരുന്ന ശ്മശാനം തിരിച്ചുപിടിക്കുവാനും
സര്‍ക്കാരില്‍ നിന്ന് പട്ടയം ലഭ്യമാക്കുവാനും ഈ പ്രക്ഷോഭം ഇടയാക്കി. ശ്മശാന കൈയേറ്റത്തിനെതിരെ നടത്തിയ പ്രതിഷേധയോഗം നാല്‍പ്പതോളം പേര് അലങ്കോലപ്പെടുത്തിയിരുന്നു. ഇതിനെതിരെ കേസെടുക്കാന്‍ ഗവര്‍ണര്‍ക്ക് വരെ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യോഗം കലക്കിയ സംഘത്തിന്റെ നേതാവിന് മൂവാറ്റുപുഴ കോടതി 51 രൂപ പിഴ വിധിച്ചതും ചരിത്രമാണ്.
പറവൂര്‍ താലൂക്കിലെ അടുവാശ്ശേരിയിലും ഏലൂര്‍ ഉദ്യോഗമണ്ഡല്‍ മേഖലയിലും പട്ടികജാതി വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി നിരവധി പോരാട്ടങ്ങള്‍ നടത്തി. അടുവാശ്ശേരിയില്‍ മറ്റ് മതസ്ഥരുമായുണ്ടായ ഒരു സംഘര്‍ഷത്തിന്റെ പേരില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെ അന്യായമായി കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനെതിരെ നടത്തിയ റെയില്വേസ്റ്റേഷന് മാര്‍ച്ചും ഏറെ ജനശ്രദ്ധനേടി.
കുന്നുകരയ്ക്ക് സമീപം വയല്ക്കരയില് രണ്ടുപേര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ച സംഭവത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ നിരപരാധികളായ രണ്ട് പട്ടികജാതി യുവാക്കളെ ശവം കത്തിച്ച ചാരം തീറ്റിച്ച സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. പട്ടികജാതിക്കരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പുരപ്പുറ പ്രസംഗങ്ങള്‍ നടത്തുന്ന മാര്‍ക്സിസ്റ്റുകാര്‍ നടത്തിയ ഈ നീച പ്രവര്‍ത്തിക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കുഞ്ഞോല്‍ നടത്തിയത്. ജന മനഃസാക്ഷിയെ ഉണര്‍ത്തിയ ഈ സമരങ്ങള്‍ എഴുതപ്പെടാത്ത നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്.
ഹരിജന്‍ സമാജം
1963 ജൂലൈ 21ന് മലാബാര്‍ ഹരിജന്‍ സമാജവും കേരളാ ഹരിജന്‍ സമാജവും തമ്മില്‍ ലയിക്കുകയുണ്ടായി. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ലയനസമ്മേളനത്തിന് ശേഷം ഒ. കോരന് എംഎല്‍എ പ്രസിഡന്റും എം.കെ. കുഞ്ഞോല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. സമാജ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 1970ല്‍ വിവാഹിതനായി. കോതമംഗലം പെരുമണ്ണൂരില്‍ നിന്ന് പാവപ്പെട്ട കുടുംബാംഗമായ കാര്‍ത്ത്യായനിയെയാണ് ജീവിതസഖിയാക്കിയത്.
വിവാഹശേഷവും ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയി. അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന് കേരളത്തില്‍ നിന്ന് ആദ്യമായി പിന്തുണയറിയിച്ചത് ഹരിജന്‍ സമാജമായിരുന്നു.
ക്ഷേത്രവിമോചന സമരം
1978ലാണ് സംഘ പ്രസ്ഥാനങ്ങളുമായി കുഞ്ഞോല്‍ ബന്ധപ്പെടുന്നത്. ഇത് തികച്ചും യാദൃച്ഛികമായിരുന്നു. ജനതാ പാര്‍ട്ടി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിക്കുന്ന സമയത്ത് ജനസംഘം എംപിയായിരുന്ന ഓംപ്രകാശ് ത്യാഗി മതസ്വാതന്ത്ര്യ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി. മതപരിവര്‍ത്തനത്തിനെതിരായ ഈ ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് കുഞ്ഞോല്‍ രംഗത്തെത്തി. ബില്ലിനെക്കുറിച്ച് വ്യാപകമായ പ്രചാരണവും നടത്തി. ഇക്കാര്യങ്ങളറിഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ അന്നത്തെ ഓര്‍ഗനൈസിങ് സെക്രട്ടറി വി.പി. ജനാ
ര്‍ദ്ദനന്‍ (ജനേട്ടന്) കുഞ്ഞോലിനെ വീട്ടില്‍ വന്ന് കാണുകയും ബില്ലിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പിറ്റേ ദിവസം വിഎച്ച്പിയുടെ വേദിയില്‍ മതസ്വാതന്ത്ര്യ ബില്ലിനെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. അടുത്ത ദിവസം എറണാകുളം ഹിന്ദി പ്രചാരസഭയില്‍ നടന്ന ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചതും കുഞ്ഞോലായിരുന്നു.
1982ലെ വിശാല ഹിന്ദു സമ്മേളനത്തോടെയാണ് ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളികളില്‍ ഒരാളായി മാറുന്നത്. തുടര്‍ന്ന് നിലയ്ക്കല്‍ പ്രക്ഷോഭത്തിലും സജീവമായി പങ്കെടുത്ത് സംസ്ഥാനത്തുടനീളം പ്രസംഗിച്ചു. ക്ഷേത്ര വിമോചന സമരത്തോടനുബന്ധിച്ച് രണ്ട് യാത്രകള്‍ ഗുരുവായൂരിലേക്ക് സംഘടിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്ര സ്വാമി സത്യാനന്ദ സരസ്വതിയും ശ്രീനാരായണ ഗുരുദേവന് ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് നിന്നും ആരംഭിച്ച യാത്ര എം.കെ. കുഞ്ഞോലുമായിരുന്നു നയിച്ചത്.
വനംകൊള്ളയ്ക്കും വനഭൂമി കൈയേറ്റത്തിനും എതിരെ കേന്ദ്ര ട്രൈബല്‍ റൂള്‍സും യുഎന്‍ ലേബര്‍ കമ്മീഷന് റിപ്പോര്‍ട്ടും നടപ്പിലാക്കി ഗിരി വര്‍ഗ്ഗക്കാരെയും അവരുടെ ഭൂമിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടത്തി. പട്ടിക ജാതിക്കാരുടെയും ഗിരി ജനങ്ങളുടെയും അവകാശങ്ങള്‍ക്കായി കുഞ്ഞോല്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല. എണ്‍പത്തിരണ്ടാം വയസ്സിലും ഒരു കാവിമുണ്ടുമുടുത്ത് തികച്ചും സാധാരണക്കാരനായി ഹൈന്ദവ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി വിശ്രമമില്ലാതെ ഓടി നടക്കുന്ന ഈ ചെറിയ വലിയ മനുഷ്യനെ ആര്‍ക്കും മറക്കാനാവില്ല. നവോത്ഥാന പോരാട്ടങ്ങള്‍ക്കിടയില്‍ തന്റെ കുടുംബത്തോട് നീതിപുലര്‍ത്താനായില്ലെന്ന വിഷമവും ഇദ്ദേഹത്തിനുണ്ട്.
മക്കള്‍
കുഞ്ഞോലിന്റെ ആറുമക്കളുടെ പേരും സവിശേഷതയാര്‍ന്നതാണ്. അംബേദ്കര്‍, ഗോള്‍ഡ മേയര്‍ (ആധുനിക ഇസ്രായേലിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുടെ പേര്), ദേവന് കിങ് (മാര്ട്ടിന് ലൂഥര്‍ കിങ്ങിനെ അനുസ്മരിച്ച്). ദൈവദാസ്, സായി ലക്ഷ്മി, അമൃതാനന്ദമയി.
പോരാട്ടം തുടരുന്നു
പദ്മശ്രീ ലഭിച്ചതിനെത്തുടര്‍ന്ന് അഭിനന്ദനമറിയിക്കാന്‍ എത്തുന്നവരുമായി സംസാരിക്കുന്നതും പട്ടികജാതി വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്. പട്ടിക ജാതി വകുപ്പില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് മന്ത്രി എ.കെ. ബാലനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കഴിഞ്ഞദിവസം കത്തയച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു. പട്ടികജാതി പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരന്തരം പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കാറുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്കര്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും രാജ്യം നല്കിയ പദ്മശ്രീ ആ പോരാട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് ഉത്തേജനമാവുകയാണ് കുഞ്ഞോലിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: