കോട്ടയം: ഇന്ത്യക്ക് സുരക്ഷാ കവചമൊരുക്കാന്‍ ‘കാളി’ തയാറാവുന്നു. കാന്തിക കിരണങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ വരെ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനമാണ് കാളി.
2004 ലാണ് കാളി-5000 ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. കാളി 5000 ഒരു തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയിലാണ് തയാറാക്കിയത്. എന്നാല്‍, നിരവധി പ്രാവശ്യം പ്രയോഗിക്കാന്‍ പാകത്തിനാണ് കാളിയുടെ പുതിയ പതിപ്പ് തയാറാവുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് (ഡിആര്‍ഡിഒ) കാളി വികസിപ്പിച്ചത്. ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളുടെ നിരയില്‍ പ്രധാനിയാവും കാളിയെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. മിസൈല്‍ അക്രമങ്ങളെ പ്രതിരോധിക്കുന്നതിന് പുറമേ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും യുദ്ധവിമാനങ്ങളും നശിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയുടെ വജ്രായുധത്തിനുണ്ട്.
കിലോ ആംപിയര്‍ ലീനിയര്‍ ഇഞ്ചക്റ്ററിന്റെ (കാളി) ആദ്യ പതിപ്പിന്റെ നിര്‍മ്മാണം മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലായിരുന്നു. കാളിയുടെ ആദ്യ രൂപത്തിന് 0.4 ജിഗാവാട്ട് ശക്തിയായിരുന്നുവെങ്കില്‍ പിന്നീട് ശക്തി കൂട്ടിയുള്ള കാളിയുടെ വകഭേദങ്ങള്‍ നിര്‍മിച്ചു. കാളി-80, കാളി-200, കാളി-1000, കാളി-5000, കാളി-10,000 എന്നിവയാണ് നിലവിലുള്ളത്. 2004ല്‍ അവസാനം കാളി-5000 കമ്മീഷന് ചെയ്തിരുന്നു. അഞ്ച് ടണ്ണാണ് ഇതിന്റെ ഭാരം. കാളി-10,000ന്റെ ഭാരം 26 ടണ്ണാണ്. ചണ്ഡിഗഢിലെ ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതില്‍ നിന്ന് പുറപ്പെടുന്ന എക്സ്റേ, അള്‍ട്രാ ഹൈ സ്പീഡ് ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കുന്നുണ്ട്. മൈക്രോവേവ് തരംഗങ്ങള്‍ വൈദ്യുതകാന്തിക പഠനത്തിനായും ഉപയോഗപ്പെടുത്തുന്നു. കാളിയില്‍ നിന്ന് പുറത്തുവിടുന്ന വികിരണങ്ങളുടെ പേര് റിലേറ്റിവിസ്റ്റ് ഇലക്ട്രോണ്‍ ബീം എന്നാണ്.
ആയിരക്കണക്കിന് ദശലക്ഷം വാട്ട്സ് ഊര്‍ജമാണ് ഈ ഉപകരണം പുറംതള്ളുന്നത്. ലേസര്‍ ആയുധങ്ങള്‍ ശത്രുക്കളുടെ മിസൈലുകള്‍ തുളച്ച് നാശമുണ്ടാക്കുമ്പോള്‍ അതിന്റെ പതിന്മടങ്ങ് നാശം പത്തിലൊന്നു സമയം കൊണ്ടുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് കാളിയുടെ സാങ്കേതിക പ്രത്യേകത. ഇതിന്റെ ചുവടുപിടിച്ച് വിമാനങ്ങളും മിസൈലുകളും വെടിവച്ചിടാവുന്ന മൈക്രോവേവ് തോക്കുകളും കാളിയുടെ പുതിയ പതിപ്പിനൊപ്പം തയാറാവുന്നു.
പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു
കാളിയുടെ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ലോകത്തെ തന്നെ ഞെട്ടിക്കുന്ന വജ്രായുധമാണ് കാളിയെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ നല്കുന്ന സൂചന. അതുകൊണ്ട് ഓരോ ഘട്ട പരീക്ഷണങ്ങളും അതീവ രഹസ്യമായാണ് നടത്തുന്നത്.
ഡിആര്‍ഡിഒയുടെ കീഴില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ റോ അടക്കമുള്ള ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: