ഇന്നും നടുക്കുന്ന ഓര്‍മയാണ് ഒരു ജനുവരി ഇരുപത്തിയൊന്നിലെ ആ രാത്രി. അക്രമങ്ങളിലും കൊലപാതകങ്ങളിലും അഭിരമിക്കുകയും, പിന്നീട് അവയെ ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാരമ്പര്യം കേരളത്തിന് പല നിലകളില്‍ ശാപമായി മാറി. നിരപരാധികളായ എത്രയോ മനുഷ്യരെയാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ കൊന്നുതള്ളിയിട്ടുള്ളത്. രക്തപങ്കിലമായ ഈ പൈതൃകം ഏറ്റെടുത്ത സിപിഎം കണ്ണില്‍ ചോരയില്ലാതെ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തി. കംബോഡിയയില്‍ പോള്‍പോട്ട് എന്ന കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി തീര്‍ത്ത കൊലനിലങ്ങള്‍ പോലെ കണ്ണൂര്‍ ജില്ലയിലാണ് ഇവയില്‍ ഏറെയും നടന്നത്. രാഷ്ട്രീയപ്രതിയോഗികളും പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും ഇല്ലാത്തവരും ഇതിനിരയായി.
ജീവനോടെ നാല് മനുഷ്യരെ ചുട്ടുകൊന്ന കമ്യൂണിസ്റ്റ് സമരക്രൂരതയ്ക്ക് അമ്പതാണ്ട് തികഞ്ഞു ഈ ജനുവരി ഇരുപത്തിയൊന്നിന്. മട്ടന്നൂര്‍ ചാവശ്ശേരി ബസ് തീവയ്പ്പ് നടന്നിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. കുടുംബത്തിന് അത്താണിയാകേണ്ട ചെറുപ്പക്കാരന് ഉള്‍പ്പെടെയാണ് കമ്യൂണിസ്റ്റ് ഭീകരനായാട്ടില്‍ അന്ന് അഗ്നിക്കിരയായത്. 1970 ജനുവരി 21ന് രാത്രിയാണ് കൂട്ടുപുഴ-കണ്ണൂര്‍ സ്റ്റേറ്റ് ബസ് പെട്രോള്‍ ഒഴിച്ച് തീവച്ചത്.
രാത്രിയുടെ നിശ്ശബ്ദതയില്‍ നിമിഷങ്ങള്‍ക്കകം ബസ് തീഗോളമായി മാറിയപ്പോള്‍ എരിഞ്ഞമര്‍ന്നത് നാലു കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. കാടാച്ചിറയിലെ ജയരാജന്(20), അഴീക്കോട്ടെ എറമുള്ളാന്‍കുട്ടി(58), മുണ്ടേരി സ്വദേശിയായ പനങ്ങാട്ട് ചന്തുക്കുട്ടി സ്റാപ്പ്, ആറളം സ്വദേശി തങ്കച്ചന് എന്നീ നാലുപേരാണ് ഇന്നും ഓര്‍മകളില്‍ ഭീതി വിതയ്ക്കുന്ന ഈ അക്രമ സംഭവത്തില്‍ മരിച്ചത്. ഇതില്‍ ചന്തുക്കുട്ടി സ്റാപ്പ് ബസ്സിനകത്ത് വെന്തുമരിക്കുകയും, മാരകമായി പൊള്ളലേറ്റ മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പതിനാല് യാത്രക്കാര്‍ക്ക് അന്ന് പൊള്ളലേറ്റു.
ബസ്സുകള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം
ക്രമവിരുദ്ധമായി നിയമിച്ചതിന് പിരിച്ചുവിടപ്പെട്ട റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് സമരം നടത്തിയത്. സി.അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഭരണമായിരുന്നു കേരളത്തില്‍.
റോഡ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് പ്രസിഡന്റായിരുന്ന അഴീക്കോടന്‍ രാഘവനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബസ്സുകള്‍ പിടിച്ചെടുത്ത് തീവച്ച് നശിപ്പിക്കുമെന്ന് അന്നത്തെ സമരനേതാക്കള്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ചാവശ്ശേരിയില്‍ കേരളക്കരയെയാകെ നടുക്കിയ തീവയ്പ്പുണ്ടായത്.
ആശാരിവളപ്പില്‍ കുഞ്ഞിക്കണ്ണന്(60), പുതിയവീട്ടില്‍ ഗോവിന്ദന്(20), പയ്യാവൂരിലെ രാമന് മണിയാണി(50), തോട്ടടയിലെ ഭാസ്കരന്(23), ആലപ്പുഴയിലെ തങ്കച്ചന്(29), കോഴിക്കോട്ടെ അലവി(30), കുഞ്ഞിക്കൃഷ്ണന് നമ്പ്യാര്‍(24), ചാവശ്ശേരിയിലെ കുഞ്ഞിരാമന്(30), കൊളാരിയിലെ പി.കെ. കാദര്‍കുട്ടി(30), പട്ടിയാളിയിലെ അച്യുതന് (31), ഇരിട്ടിയിലെ ദാമോദരന്‍(19), ഉളിക്കലിലെ ജോസഫ്(40), കാടാമ്പുഴയിലെ ഗോപാലകൃഷ്ണന്(29), ബസ് കണ്ടക്ടര്‍ തലശ്ശേരിയിലെ വിജയന് തുടങ്ങിയവര്‍ക്കാണ് പോള്ളലേറ്റത്.
ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുന്നു
തീവയ്പ്പ് നടക്കുന്നതിന് അല്പം മുന്പായിട്ട് മട്ടന്നൂര്‍-കണ്ണൂര്‍, മട്ടന്നൂര്‍-തലശ്ശേരി എന്നിവിടങ്ങളിലെ ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ചാണ് മാര്‍ക്സിസ്റ്റുകാര്‍ ഈ സംഹാരകൃത്യം നടത്തിയതെന്ന് അധികൃതര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ ആരും യാത്ര ചെയ്യരുതെന്ന് മൈക്ക് കെട്ടി പ്രചാരണം നടത്തിയ ശേഷമാണ് അക്രമം അഴിച്ചുവിട്ടത്.
കെട്ടിടത്തിന്റെ മാസവാടക വാങ്ങി ഇരിട്ടിയില്‍ നിന്ന് തിരിച്ചു വരുമ്പോഴാണ് ജയരാജന് അപകടത്തില്‍പ്പെട്ടത്. അതോടുകൂടി അവരുടെ പിതാവ് കെ.വി.കുഞ്ഞിരാമന് നായരെന്ന കെ.വി.കെ.നായര്‍ ആ കെട്ടിടങ്ങളും സ്ഥലങ്ങളും വില്‍ക്കുകയായിരുന്നുവെന്ന് ഇളയമകന് ജയപ്രകാശ് പറയുന്നു. കുടുംബത്തിന്റെ ആശ്രയമായ മൂത്തമകന്റെ മരണം അവരെ അത്രമേല്‍ തളര്‍ത്തിയിരുന്നു. മകന് മരിച്ച പ്രദേശത്തുകൂടി യാത്ര ചെയ്യാന്‍ കൂടി കെ.വി.കെ.നായര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കണ്ണൂരില്‍ അന്ന് അറിയപ്പെടുന്ന ചക്രം മാസിക-കേനനൂര്‍ പ്രിന്റേഴ്സ് ഉടമയും, കേരള കുലാലസംഘം സെക്രട്ടറിയുമായിരുന്നു കെ.വി.കെ. നായര്‍.
മകന്റെ ഓര്‍മയ്ക്കായി പിതാവിന്റെ വക സ്മാരകം
മാര്‍ക്സിസ്റ്റ് നരനായാട്ടില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടിവന്ന പ്രിയമകന് ജയരാജന്റെ ഓര്‍മയ്ക്കായി പിതാവ് കെ.വി.കെ. നായര്‍ കണ്ണൂര്‍ തെക്കിബസാറില്‍ ചാവശ്ശേരി തീവയ്പ്പിന് ഒരു സ്മാരകം പണിതു. ജയരാജന് നടത്തി വന്നിരുന്ന പ്രിന്റിംഗ് പ്രസ്സ് ജയരാജ മെമ്മോറിയല്‍ പ്രിന്റിംഗ് സ്കൂള്‍ ഓഫ് ടെക്നോളജി എന്ന പേരില്‍ ഒരു ജനോപകാരപ്രദമായ സ്ഥാപനമാക്കി മാറ്റി. ഒരുപക്ഷേ സ്വന്തം മകന്റെ ഓര്‍മകള്‍ നിലനിര്‍ത്താനായി ഒരു പിതാവ് കെട്ടിപ്പൊക്കിയ ഏകസ്ഥാപനമായിരിക്കുമിത്.
നിരവധി അനുശോചന സന്ദേശങ്ങളാണ് അന്ന് ടെലിഗ്രാമായും കത്തുകളായും കണ്ണൂരിലെ ചക്രം പ്രിന്റേഴ്സിലേക്ക് ഒഴുകിയത്. അത് ഇന്നും നിധിപോലെ സൂക്ഷിച്ച് വച്ചിട്ടുണ്ട് ജയരാജന്റെ അനുജന് ജയപ്രകാശ്. എന്തിനെന്നറിയാതെ വെന്തുമരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ഉള്‍പ്പെടെ കുടുംബത്തിന് നല്കിയ വാഗ്ദാനങ്ങളൊന്നും തന്നെ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ഇരകളുടെ ബന്ധുക്കള്‍ക്ക് ഇന്നും ദുരിതം
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം ദുരിതാശ്വാസ നിധിയില്‍ നിന്ന് 1000 രൂപ മകന്റെ സ്മാരക നിര്‍മ്മാണ നിധിയിലേക്ക് നല്കി. കളക്ടറുടെ വിവേചനാധികാര പ്രകാരം 100രൂപയും, ദുരിതാശ്വാസ നിധിയില്‍ നിന്ന് 500രൂപയും ആണ് ആകെ കുടുംബത്തിന് കിട്ടിയ ധനസഹായം. ജയരാജന്റെ മരണത്തോടെ പറക്കമുറ്റാത്ത നന്ദിനി, വിജയലക്ഷ്മി, സുഭാഷിണി, ജയപ്രകാശന്‍, ജയദേവന്, സുമംഗലി, ജയായനന്ദന്‍ എന്നീ സഹോദരങ്ങളടങ്ങിയ കുടുംബമാണ് അനാഥമായത്. വിജയലക്ഷ്മിയും ജയാനന്ദനും ഇന്ന് ജീവിച്ചിരിപ്പില്ല. ജയരാജന്റെ മരണത്തില്‍ നീറിനീറിയാണ് മരണം വരെ പിതാവ് കെ.വി.കെയും മാതാവ് കെ.വി.ജാനകിയും കഴിഞ്ഞിരുന്നതെന്ന് മക്കളോര്‍ക്കുന്നു. എത്രയോ രാത്രികള്‍ ഈ മാതാപിതാക്കള്‍ മകനെയോര്‍ത്ത് ഉറങ്ങാതെ കഴിഞ്ഞു. നാടിനെ നടുക്കിയ സമാനതകളില്ലാത്ത സംഭവത്തിന് അന്ന് നല്കിയതാകട്ടെ വളരെ ചെറിയ ആശ്വാസ ധനം മാത്രം. ഇന്നാണെങ്കില്‍ ലക്ഷങ്ങളും കുടുംബത്തിന് ജോലിയും ലഭിക്കുമായിരുന്നു. കെ.വികെ. നായര്‍ ഒരികര മാപ്പിള സ്കൂള്‍ അദ്ധ്യാപകനായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം മാതൃഭൂമിയുടെ ടെലിഗ്രാം ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. 1974മുതല്‍ ‘കേനനൂര്‍ ടൈംസ്’ എന്നപേരില്‍ മകന്റെ സ്മാരകമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഒരു സായാഹ്നദിനപത്രവും നടത്തിയിരുന്നു.
കേസ് വിധിയെ മറികടന്ന പ്രതികള്‍
പ്രതികള്‍ ചെയ്ത കുറ്റം മൃഗീയവും ഹൃദയശൂന്യവുമാണ് എന്നായിരുന്നു 1971 ജൂലൈ രണ്ടിന് തലശ്ശേരി ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ.ജി.ജോസഫ് വിധിയില്‍ പറഞ്ഞത്. മൂന്നുപേരെ തൂക്കിക്കൊല്ലാനും, പതിനാറുപേരെ ജീവപര്യന്തം തടവിനും നാലുപേരെ വിട്ടയയ്ക്കാനുമായിരുന്നു വിധി. പിന്നീട് വന്ന കമ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ പല ഘട്ടങ്ങളിലായി പ്രതികളെ ജയില്‍ മോചിതരാക്കി. അതില്‍ പലരും സിപിഎമ്മിന്റെ ഉന്നതനേതൃത്വത്തിലെത്തി ജനപ്രതിനിധികള്‍വരെ ആയിത്തീര്‍ന്നു.
ഒരു ബസും നാല് മനുഷ്യ ജീവനും തീഗോളമായിത്തീര്‍ന്ന കമ്യൂണിസ്റ്റ് ഭീകരതാണ്ഡവത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഇരയായവരുടെ കുടുംബങ്ങള്‍ ഇന്നും ദുരന്തഭീതിയില്‍ നിന്ന് മോചിതരായിട്ടില്ല. അന്ന് വെന്തുമരിച്ച നിരപരാധികളും പൊള്ളലേറ്റവരും മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ നിത്യ രക്തസാക്ഷികളായി നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: