അംഗിരസ് എന്നു പേരായ ഒരു മഹര്‍ഷി ജീവിച്ചിരുന്നു. വളരെ തപശ്ശക്തിയുണ്ടായിരുന്ന ഈ മഹര്‍ഷിക്ക് അനേകം ശിഷ്യന്മാരുമുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ശിഷ്യന്മാരോട് പറഞ്ഞു. ‘ഞാനെന്റെ മുജ്ജന്മത്തില് അനവധി പാപങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മനുഷ്യജന്മത്തിന്റെ പ്രാധാന്യം എനിക്കു മനസ്സിലായത്.
പാപവിമോചനത്തിനായി ഞാന്‍ സത്കര്‍മങ്ങള്‍ ചെയ്യുകയും വ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു. എങ്കിലും എന്റെ ശരീരം തന്നെ അനുഭവിച്ചറിയേണ്ട പ്രാരാബ്ധങ്ങള്‍ ഇനിയും അവശേഷിച്ചിരിക്കുകയാണ്. വ്രതാദികളില്‍ അവ നീങ്ങുന്നതല്ല. താമസിയാതെ തന്നെ കുഷ്ഠരോഗം പിടിപെട്ട് ഞാന്‍ അന്ധനായി തീരുന്നതാണ്. അക്കാലത്ത് കാശിയില്‍ താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ ആരാണ് കാശിയില്‍ വന്ന് എന്നെ പരിചരിച്ച് താമസിക്കാന്‍ തയാറുള്ളത് എന്ന് എനിക്കറിയണം’ എന്ന്.
ശിഷ്യന്മാരെല്ലാം അനോന്യം നോക്കി നില്ക്കുക മാത്രം ചെയ്തു. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവനായ സാന്ദീപകന് എണീറ്റു പറഞ്ഞു; ‘ഗുരോ ഞാന്‍ അങ്ങയുടെ കൂടെ വരാന്‍ തയാറാണ്.’ അദ്ദേഹം മറുപടി പറഞ്ഞു. നീ നന്നേ ചെറുപ്പമാണ്. സേവനം എന്താണെന്ന് നിനക്കറിയില്ല. കാശി എത്രയോ ദൂരെയാണ്.’ സാന്ദീപകന് പറഞ്ഞു, ‘ഗുരോ! ഞാന്‍ തയാറാണ്. തീര്‍ച്ചയായും അങ്ങയോടൊത്ത് വരാം’. ഗുരു പറഞ്ഞു ‘ഒരാളുടെ പ്രാര്‍ഥനയുടെ ഫലം മറ്റാര്‍ക്കും ഏറ്റു വാങ്ങാന്‍ കഴിയുന്നതല്ല. അത് അവനവന് തന്നെ സഹിക്കണം. അത് സഹിക്കാന്‍ വേണ്ടി ഞാന്‍ ഇനിയും ഒരു ജന്മമെടുക്കേണ്ടതായി വരും. തന്നത്താന്‍ കഷ്ടതകള്‍ അനുഭവിക്കുന്നത് എളുപ്പമാണ്.
പക്ഷേ അങ്ങനെ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരാളെ പരിചരിക്കുക എന്നതാണ് അതിനേക്കാള്‍ വിഷമം. പിടിച്ചത്’. ഇതു കൊണ്ടൊന്നും സാന്ദീപകന് ഒരു കുലുക്കവുമുണ്ടായില്ല. തന്റെ ഗുരുവിനെ ശുശ്രൂഷിക്കാന്‍ അത്ര കടുത്തമോഹമുണ്ടായിരുന്നു ആ കുട്ടിക്ക്. അതിനാല്‍ അംഗിരസ് മഹര്‍ഷി ആ കുട്ടിയേയും കൂട്ടി കാശിക്ക് പോയി.
കാശിയില്‍ എത്തിച്ചേര്‍ന്ന ഉടനെതന്നെ അദ്ദേഹത്തിന് കുഷ്ഠരോഗം പിടിപെടുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. രാപകല്‍ ഭേദമില്ലാതെ സാന്ദീപകന് അദ്ദേഹത്തെ ശുശ്രൂഷിച്ചു വന്നു. ഭക്തിശ്രദ്ധാദികളോടെ ഗുരുശുശ്രൂഷയില്‍ സദാവ്യാപൃതനായിരുന്ന സാന്ദീപകന് തന്റെ ഗുരുവിനെ ഏകാകിയാക്കി വിശ്വേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കാന്‍ പോലും പോകാറില്ല.
ഭിക്ഷയാചിക്കാനായി പട്ടണത്തില്‍ പോകുമ്പോഴും ഗുരുവിന്റെ വസ്ത്രങ്ങള്‍ കഴുകാനായി പോകുമ്പാഴും മാത്രമേ ഗുരുവിനെ തനിച്ചാക്കാറുള്ളൂ. ‘എന്റെ ഗുരുദേവന് തന്നെയാണ് കാശിവിശ്വനാഥന്’എന്നു പറയുകയും അതേ ഉത്തമഭക്തിവിശ്വാസങ്ങളോടെ ഒരു നിമിഷവും ഗുരുവിനെ പിരിയാതെ ശുശ്രൂഷയില്‍ നിരതനാവുകയും ചെയ്തു.
അംഗിരസ് മഹര്‍ഷിയാകട്ടെ, പലപ്പോഴും സാന്ദീപകനോടു വളരെ കയര്‍ക്കുകയും ചീത്ത പറയുകയും ചെയ്യും. വസ്ത്രങ്ങള്‍ കഴുകിയത് വൃത്തിയായിട്ടില്ല, എന്നും ഭിക്ഷ വാങ്ങിക്കൊണ്ടു വന്ന ആഹാരം പുളിച്ചു പഴയതാണെന്നും പറയും. മറ്റു ചിലപ്പോഴാകട്ടെ ശിഷ്യനോടു വളരെ വാത്സല്യമായി പെരുമാറുകയും താന്‍ ആ കുട്ടിയെ പല വിധത്തില്‍ ഉപദ്രവിക്കുന്നു എന്നു പറയുകയും ചെയ്യും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: