മട്ടാഞ്ചേരി: ചൈനയിലെ വൈറസ് രോഗപ്പകര്‍ച്ചയില്‍ കൊച്ചിയിലും മുന്‍കരുതലുകള്‍. ചൈനയില്‍ നിന്നുള്ള യാത്രക്കാരെയും അവിടം സന്ദര്‍ശിച്ച് മടങ്ങിയവരെയും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. ചൈനീസ് നഗരങ്ങളില്‍ പടരുന്ന കോറോണ വൈറസ് ബാധയില്‍ ഇതിനകം പതിനേഴ് പേര് മരിച്ചു. നാനൂറിലേറെപ്പേരെ വൈറസ് ബാധിച്ചിട്ടുണ്ട്. ആയിരത്തോളം പേര് നിരീക്ഷണത്തിലാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും, കൊച്ചി തുറമുഖ ട്രസ്റ്റ് ക്രൂയിസ് ടെര്‍മിനലിലും പ്രത്യേക നിരീക്ഷണ പരിശോധനാ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന കമ്പനി ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനീസ്, ഹോങ്കോങ്, വിമാനയാത്രക്കാരടക്കമുള്ള ചൈനക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇതിനായി വിമാനത്താവളത്തില്‍ പ്രത്യേക ആരോഗ്യ ഡെസ്ക് തുറന്നു. തുറമുഖത്ത് എത്തുന്ന ആഡംബര കപ്പല്‍ സഞ്ചാരികളെ പരിശോധിക്കാന്‍ പോര്‍ട്ട് ഹെല്‍ത്ത് വിഭാഗവും സംവിധാനമൊരുക്കിയിട്ടുണ്ട്.
കേരളത്തില്‍ ഏറെ ചൈനീസ് സഞ്ചാരികളെത്തുന്നത് കൊച്ചി, ആലപ്പുഴ, തേക്കടി, മൂന്നാര്‍ കേന്ദ്രങ്ങളിലാണ്. 2019ലെ ചൈനീസ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ റോഡ് ഷോയെ തുടര്‍ന്ന് വിനോദസഞ്ചാരികളുടെ വരവ് ഏറിയ ഘട്ടത്തിലാണ് വൈറസ് ബാധ തിരിച്ചടിയായത്. 2017ല്‍ 7113 ചൈനക്കാരാണ് കേരളത്തിലെത്തിയത്. 2018ല്‍ 9630പേരും 2019ല്‍ 12,000 ചൈനീസ് യാത്രക്കാരുമെത്തി എന്നാണ് കണക്ക്. ഏറെ ചൈനീസ് യാത്രക്കാരെത്തുന്ന നഗരം ചെന്നൈയാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയ ഇടങ്ങളിലും ചൈനീസ് യാത്രക്കാരുടെ വിവരങ്ങള്‍ ടൂറിസം-ആരോഗ്യ വകുപ്പധികൃതര്‍ ശേഖരിക്കുന്നുണ്ട്. 2002-2003ല്‍ ചൈനയില്‍ പടര്‍ന്നു പിടിച്ച സാര്‍സ് രോഗം ആശങ്ക പടര്‍ത്തിയിരുന്നു. ചുമ, മൂക്കൊലിപ്പ്, ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങള്‍. മനുഷ്യരിലൂടെയും മൃഗങ്ങളിലൂടെയും മാംസാഹാരത്തിലും ചിലയിനം പക്ഷികളിലൂടെയും വൈറസ് രോഗം പകരുമെന്നാണ് നിഗമനം. വൈറസ് രോഗഭീതിയെ തുടര്‍ന്ന് ചൈനയില്‍നിന്നുള്ള മിഠായികളടക്കമുള്ള ഇറക്കുമതി ഇനങ്ങളും പരിശോധനാപരിധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: