സഹസ്രാബ്ദങ്ങളിലൂടെ ക്രമാനുഗതമായി രൂപപ്പെട്ടതാണ് ഭാരതത്തിന്റെ ചിത്ര, ശില്പ, കലാവിഷ്കാര സംസ്കൃതി. ചരിത്രാതീതകാലത്തെ ഭീംബേടകാ ശിലാചിത്രങ്ങളെ ഉദാഹരിച്ച് തുടങ്ങാവുന്ന പൈതൃകം. ഐതിഹ്യങ്ങളും മിത്തുകളുമെല്ലാം വിശ്വോത്തര ഭാവനാസൃഷ്ടികളായി രൂപപ്പെട്ട പാരമ്പര്യമാണത്. വൈവിധ്യങ്ങളായ കലാമാധ്യമങ്ങളിലൂടെ അവ വികാസം പ്രാപിച്ചു. കൂട്ടത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പറയാവുന്നതാണ് ഭാരതത്തിന്റെ തനതായ ശില്പകലാ ചാതുരി. കര്‍ണാടകത്തിലെ, ആയിരം ശിവലിംഗങ്ങള്‍ നിറഞ്ഞൊരു നദീതീരം അവയിലൊന്നാണ്.
സിര്‍സിയില്‍ ശാല്മലാ നദിക്കരയിലാണ് കല്ലില്‍ പണിത ഈ ശിവലിംഗരൂപങ്ങളുള്ളത്. ഉത്തര കന്നഡജില്ലയിലെ സിര്‍സിയിലുള്ള ഭൈരുംബെ ഗ്രാമത്തില്‍ ഈ അത്യപൂര്‍വ സൃഷ്ടികള്‍ കാണാന്‍ ലോകമെങ്ങുമുള്ള ശൈവാരാധകരും സഞ്ചാരികളുമെത്തുന്നു. നദിയിലും കരയിലുമായാണ് നന്ദികേശനും ശിവലിംഗങ്ങളുമുള്ള എണ്ണമറ്റ കല്രൂപങ്ങളുള്ളത്. നദിക്കു ചുറ്റിലും കാടാണ്.
വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന സദാശിവരായ (1678 -1718) പണികഴിപ്പിച്ചതാണ് ഈ ശിവലിംഗങ്ങള്‍. ശിവഭക്തനായിരുന്നു അദ്ദേഹം. കുട്ടികളില്ലാതിരുന്ന സദാശിവരായ തനിക്കൊരു കുഞ്ഞുപിറന്നാല് 1000 ശിവലിംഗങ്ങള്‍ സമര്‍പ്പിക്കാമെന്ന് പരമേശ്വരനോട് പ്രാര്‍ഥിച്ചു. പ്രാര്‍ഥന സഫലമായ സന്തോഷത്താല്‍ ശാല്മലാ നദിയോരത്ത് രാജാവ് പണികഴിപ്പിച്ചതത്രേ സഹസ്രലിംഗങ്ങള്‍.
മഹാശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. നദിയിലെ ജലത്തില്‍ ശിവലിംഗങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന കാഴ്ച അതീവ സുന്ദരമാണ്. നദിയുടെ അടിത്തട്ടില്‍ വലിയ വലിയ പാറക്കെട്ടുകള്‍ കാണാം. അവയ്ക്കു മീതെയെല്ലാം കാണാം ശിവലിംഗങ്ങള്‍. എന്നാല്‍ ഒരേ ആകൃതിയിലുള്ള ഒന്നിലധികം ശിവലിംഗങ്ങള്‍ കാണില്ല. നദിയിലെ ഓളങ്ങളില്‍ പെട്ട് രൂപഭ്രംശം വന്നവയും ഒട്ടേറെയുണ്ട്. നാഗദേവതമാരുടെ ശില്പങ്ങളും കൂട്ടത്തിലുണ്ട്. ജലനിരപ്പ് കുറയുന്ന വേളയിലാണ് ഇവിടെ സന്ദര്‍ശിക്കാന്‍ നല്ലത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. മണ്‍സൂണില്‍ ശിവലിംഗങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലാവും.
നദിയില്‍ സഹസ്രലിംഗങ്ങള്‍ പണിതിരിക്കുന്ന മറ്റൊരു സ്ഥലമാണ് കംബോഡിയിലെ സിയാം റീപ്. പക്ഷേ അവിടെ എത്തിപ്പെടുക ശ്രമകരം. ‘സര്‍ഗാത്മക ഊര്‍ജം’ വഴിഞ്ഞൊഴുകുന്നയിടം എന്നാണ് ഇതിനെ പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്. ശിവലിംഗങ്ങള്ക്കു മീതെയൊഴുകുന്ന ജലം വയലേലകളില്‍ ചെന്നുവീഴും. ഇത് കൃഷിയെ കൂടുതല്‍ ഫലഭൂയിഷ്ഠമാക്കുന്നുവെന്നത് സങ്കല്‍പ്പമല്ല, സത്യമാണെന്നതിന് നിറഞ്ഞുവിളയുന്ന കൃഷിയിടങ്ങള്‍ സാക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: