ന്യൂദല്‍ഹി: ജഗത് പ്രകാശ് നദ്ദയെ ബിജെപി ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുത്തു. ആറു മാസമായി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവന്ന ജെ.പി. നദ്ദ സംഘാടക മികവിന്റെ നല്ല ഉദാഹരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 2014ലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിയെ സഹായിച്ചത് ജെ.പി. നദ്ദയുടെ നേതൃത്വമായിരുന്നു.
ഇന്നലെ രാവിലെ പത്തര മുതല്‍ രണ്ടര വരെ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ദീനദയാല്‍ മാര്‍ഗ്ഗിലെ ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടന്നത്. സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന 21 സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാരും ജെ.പി.
നദ്ദയ്ക്ക് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിങ് വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. പന്ത്രണ്ടര വരെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു. തുടര്‍ന്ന് സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് രണ്ടരയ്ക്ക് നദ്ദയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുള്ള അധികാരപത്രം വരണാധികാരി കൈമാറി.
മുന്‍ ദേശീയ അധ്യക്ഷന്മാരായ എല്‍.കെ. അദ്വാനി, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്ക്കരി, അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍ എന്നിവരെല്ലാം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുതിയ അധ്യക്ഷന്‍ നദ്ദയ്ക്ക് പൂച്ചെണ്ട് നല്കി ദേശീയ അധ്യക്ഷന്റെ കസേരയിലേക്ക് ആനയിച്ചു. എല്‍.കെ. അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദം തേടിയ ശേഷമാണ് നദ്ദ പദവി ഏറ്റെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ നദ്ദയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബിജെപി ആസ്ഥാനത്തെത്തി. ബിജെപി കേന്ദ്ര ആസ്ഥാനത്തിന് മുന്‍വശത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പുതിയ പ്രസിഡന്റിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നേതാക്കള്‍ സംസാരിച്ചു. കേരളത്തില്‍ നിന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂടിയായ വി. മുരളീധരന്, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എംഎല്‍എ, എ.എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, എം. ഗണേശന് എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: