കേന്ദ്രം നടപ്പിലാക്കിയ നിയമത്തെക്കുറിച്ച് ഗവര്‍ണര്‍ മിണ്ടിക്കൂടാ. മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചുകൂടാ. സര്‍ക്കാര്‍ തെറ്റ് ചെയ്താല്‍ ചൂണ്ടി കാണിച്ചു കൂടാ. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ആള് അതു ചെയ്തു കൂടാ. ഇതു ചെയ്തുകൂടാ എന്നൊക്കെയാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശിയ പൗരത്വ നിയമത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് കാരണം. മുന്‍ ഗവര്‍ണര്‍മാര്‍ ചെയ്തിരുന്നില്ല എന്ന് ഉപദേശിക്കുന്നവരും ഉണ്ട്. ഗവര്‍ണര്‍ക്ക് എന്തൊക്കെ ചെയ്യാം എന്നല്ലാതെ എന്തൊക്കെ ചെയ്തുകൂടാ എന്നൊന്നും ഭരണഘടനയില്‍ പറയുന്നില്ല. ഒരോരുത്തരും ഓരോന്നു ചെയ്യുമ്പോള്‍ അത് ആദ്യ സംഭവമാകും. സര്‍ക്കാരിനെ പിരിച്ചു വിട്ട രാമകൃഷ്ണറാവുവും നയപ്രഖ്യാപനത്തിലെ ഭാഗങ്ങള്‍ വിട്ടുകളഞ്ഞ ധര്മവീരയും വിദ്യാഭ്യാസ മന്ത്രി അറിയാതെ വൈസ് ചാന്സലറന്മാരുടെ യോഗം വിളിച്ച പി സദാശിവവും ട്വിറ്ററിലൂടെ ജനങ്ങളോട് സംവദിച്ച തഥാഗത റായിയും അതൊക്കെ ചെയ്യുമ്പോള്‍ കന്നിക്കാരായിരുന്നു. ഇപ്പോള്‍ ആരീഫ് മുഹമ്മദ് ഖാന് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. മുന്‍ ഗവര്‍ണര്‍മാര്‍ എല്ലാം എത്ര നല്ലവര്‍ എന്ന് സര്‍ട്ടിഫിക്കറ്റു നല്കുന്നവര് ചരിത്രം പഠിക്കണം.
കേരളവും കര്‍ണ്ണാടകയും ആന്ധ്രയും തമിഴ്നാടും എല്ലാം ചേര്‍ന്ന മദ്രാസ് സംസ്ഥാനത്തെ ഗവര്‍ണര്‍ പ്രകാശയാണ് സ്വതന്ത്ര ഭാരതത്തില്‍ വിവാദത്തില്‍ പെട്ട ആദ്യ ഗവര്‍ണര്‍ എന്നു പറയാം. 1952 ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കി്ട്ടാതിരുന്ന കോണ്‍ഗ്രസിനെ വഴിവിട്ട് അധികാരത്തിലെത്തിച്ചതാണ് പ്രശ്നമായത്. അതും തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത ആളെ മുഖ്യമന്ത്രി ആക്കികൊണ്ട്. 375 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസിന് 152 പേര് മാത്രമാണ് ഉണ്ടായിരുന്നത്. 62 സീറ്റുകളുണ്ടായിരുന്ന കമ്മ്യുണിസ്റ്റു പാര്‍ട്ടിയായിരുന്നു രണ്ടാമത്തെ വലിയ കക്ഷി. 35 സീറ്റുണ്ടായിരുന്ന കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി നേതാവ് ടി പ്രകാശം പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. കമ്മ്യുണിസ്റ്റുകാര്‍ ഉള്‍പ്പെടെ 166 പേരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഗവര്‍ണര്‍ പക്ഷേ കോണ്‍ഗ്രസ് നേതാവ് രാജഗോപാലാചാരിയെ മുഖ്യമന്ത്രി ആകാന്‍ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജഗോപാലാചാരി നിയമ സഭയിലേക്ക് മത്സരിച്ചിരുന്നില്ല. നിയമസഭയുടെ ഉപരിസഭയിലേക്ക് (ലെജിസ്ളേറ്റീവ് കൗണ്‍സില്‍) ആചാരിയെ ഗവര്‍ണര്‍ നേരിട്ട് നാമനിര്‍ദ്ദേശം ചെയ്തു. തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടി. ഉപരിസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം മന്ത്രി സഭയ്ക്കാണ്. മന്ത്രി സഭ രൂപീകരിക്കും മുന്‍പ് ഗവര്‍ണര്‍ ആരുടെ ശുപാര്‍ശ പ്രകാരം നടപടി എടുത്തു എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ ആഗ്രഹം നടപ്പിലാക്കുകയായിരുന്നു ഗവര്‍ണര്‍. കമ്മ്യുണിസ്റ്റുകാര്‍ അധികാരത്തിലെത്തുന്നത് തടയാന്‍ എന്ന ന്യായമാണ് അന്ന് പറഞ്ഞത്.
കേരളത്തിലാണ് പിന്നീട് ഗവര്‍ണര്‍ വിവാദ പുരുഷനായത്. സംസ്ഥാനത്തെ ആദ്യ സര്‍ക്കാറിനെ നിയമ വിരുദ്ധമായി പിരിച്ചുവിട്ടുകൊണ്ട്് ഗവര്‍ണര്‍ രാമകൃഷ്ണ റാവുവാണ് ശ്രദ്ധാ കേന്ദ്രമായത്. ഇ എം എസ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന്റെ പേരു പറഞ്ഞായിരുന്നു പിരിച്ചു വിടല്‍. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ആഗ്രഹപ്രകാരം ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കുകയും പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു അംഗീകരിക്കുകയുമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ കേന്ദ്രം പുറത്താക്കുന്ന ആദ്യ സംഭവമായി അത് മാറി. ആര് എസ്് എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വര്‍ക്കര്‍ ആയിരുന്നു പിരിച്ചു വിടലിനെ ശക്തമായി വിമര്‍ശിച്ച കമ്മ്യൂണിസ്റ്റ് ഇതര ദേശീയ നേതാവ്.
കമ്മ്യൂണിസ്റ്റ് പിന്തുണയുടെ പേരില്‍ തുടര്‍ച്ചയായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് ബംഗാള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1967 ല്‍ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ മുഖ്യമന്ത്രിയായ ബംഗള കോണ്‍ഗ്രസ് നേതാവ് അജോയ്് മുഖര്‍ജിയെ പുറത്താക്കി കോണ്‍ഗ്രസിലെ പി സി ജോഷിയെ ഗവര്‍ണര്‍ മുഖ്യമന്ത്രിയാക്കി. ഗവര്‍ണര്‍ ധര്മവീരയുടെ നടപടി വിവാദമായി. മൂന്നു മാസത്തിനു ശേഷം ജോഷിക്ക് ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നപ്പോള്‍ രാഷ്ടപതിഭരണവും പ്രഖ്യാപിച്ചു. 1969 ല്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തിയെങ്കിലും അജോയ്് മുഖര്‍ജി വീണ്ടും അധികാരത്തിലെത്തി. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ആദ്യമായി ഒഴിവാക്കിയതു ധര്മവീരയാണ്. 1969 മാര്‍ച്ച് ആറിനായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരായ രണ്ടു ഖണ്ഡിക അദ്ദേഹം ഒഴിവാക്കി. ജ്യോതി ബസുവായിരുന്നു ഉപമുഖ്യമന്ത്രി. ഗവര്‍ണറുടെ നടപടിക്കെതിരെ ഇടതു പാര്‍ട്ടികള്‍ ആഞ്ഞടിച്ചു. 70ല്‍ അജോയ് രാജിവെച്ചപ്പോള്‍ ജ്യോതി ബസു സര്‍്ക്കാര്‍ ഉണ്ടാക്കാന്‍ അവകാശം ഉന്നയിച്ചെങ്കിലും ഗവര്‍ണര്‍ സമ്മതിച്ചില്ല. രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തി. 1971 ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയും അജോയ്് മുഖര്‍ജി തന്നെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. കമ്മ്യുണിസ്റ്റുകള്‍ക്ക് പകരം കോണ്‍ഗ്രസായിരുന്നു അദ്ദേഹത്തെ പിന്തുണച്ചത്. മൂന്നുമാസം തികയും മുന്‍പ് ആ സര്‍ക്കാറും വീണു. വീണ്ടും രാഷ്ടപതി ഭരണം. ആറു വര്‍ഷത്തിനിടയില്‍ നാലു തെരഞ്ഞെടുപ്പിന് ബംഗാള്‍ സാക്ഷ്യം വഹിച്ചു. മൂന്നു തവണ മുഖ്യമന്ത്രിയായ അജോയ്് മുഖര്‍ജിക്ക് ഭരിക്കാനായത് രണ്ട്് വര്‍ഷവും ആറ് ദിവസവും മാത്രം. ഗവര്‍ണര്‍ ഭരിച്ചത് മൂന്നിലധികം വര്‍ഷവും.
1982 ല്‍ ഹരിയാനയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപി- ലോക്ദള്‍ സഖ്യത്തിന്റെ ദേവീലാലിനെ ക്ഷണിക്കാതെ ഗവര്‍ണര്‍ ഗണപതറാവു ദേവ്് കോണ്‍ഗ്രസിന്റെ ഭജന്‍ലാലിന് അവസരം നല്‍കിയത് രാഷ്ട്രീയ വിവാദമായിരുന്നു. കേരളത്തില്‍ 1982 ജനുവരി 30നു കെ.കരുണാകരന് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ ജ്യോതി വെങ്കിടചെല്ലം നിയമസഭ വിട്ടു. പ്രതിപക്ഷത്തിന്റെ നിരന്തര ഇടപെടലില്‍ അനിഷ്ടം പ്രകടിപ്പിച്ചായിരുന്നു നടപടി. ആറു മിനിറ്റ് മാത്രമാണു ഗവര്‍ണര്‍ പ്രസംഗിച്ചത്
1988ല്‍ കര്‍ണാടകയില്‍ ജനത ദള്‍ അധ്യക്ഷന്‍ എസ് ആര് ബൊമ്മയക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കന്‍ അനുവദിക്കാതിരുന്ന ഗവര്‍ണര്‍ വെങ്കിട സുബ്ബയ്യയുടെ നടപടിയും ചോദ്യം ചെയ്യപ്പെട്ടു. 1998ല്‍ യുപിയില്‍ കല്യാണ്‍ സിംഗ് സര്‍ക്കാറിനുള്ള പിന്തുണ ലോക താന്ത്രിക് കോണ്‍്ഗ്രസ് പിന്‍വലിച്ചതായി പറഞ്ഞ ഉടന്‍ ഗവര്‍ണര്‍ രമേഷ് ഭണ്്ഡാരി സര്‍ക്കാറിനെ പുറത്താക്കി. ലോക താന്ത്രിക് കോണ്‍്ഗ്രസിന്റെ ജഗദാംബിക പാലിനെ മുഖ്യമന്ത്രിയാക്കി. മൂന്നു ദിവസത്തിനകം കല്യാണ്‍ സിംഗ്് അധികാരത്തില്‍ തിരിച്ചെത്തി.
2005 ല്‍ ബിജെപി- ജനതാദള്‍ സഖ്യം അധികാരത്തിലെത്തുന്നത് തടയാന്‍ ബീഹാര്‍ ഗവര്‍ണര്‍ ഭൂട്ടാ സിംഗ് നിയമസഭ പിരിച്ചു വിടുകയായിരുന്നു. 2010ല്‍ കര്‍ണാടകയില്‍ ഗവര്‍ണറായിരുന്ന എച്ച് ആര് ഭരദ്വാജ് പച്ചയായ രാഷ്ട്രീയം കളിച്ചത് വിവാദമായി. യദിയൂരപ്പ ഭൂരിപക്ഷം തെളിയിച്ചത് ശരിയായ രീതിയിലല്ലന്നു പറഞ്ഞ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തെങ്കിലും ശക്തമായ എതിര്‍പ്പു വന്നതിനാല്‍ നടന്നില്ല.
എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്ത്, 2001 ജൂണ്‍ 29നു ഗവര്‍ണര്‍ സുഖ്ദേവ് സിങ് കാങ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനമുള്ള ഒരു ഖണ്ഡിക വിട്ടുകളഞ്ഞതും ചര്‍ച്ചയായി. കര്‍ണാടക ആക്ടിങ് ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് രണ്ടുതവണ (2012, 2013) കേരളത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. രണ്ടുതവണയും നാലു ഖണ്ഡിക വീതം പ്രസംഗത്തില്‍ നിന്നൊഴിവാക്കി. ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ് നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം ഒഴിവാക്കിയതും വിവാദമായിരുന്നു.
കേരളത്തിലെ ഗവര്‍ണരായിരുന്ന പി സദാശിവം വിദ്യാഭ്യാസ മന്ത്രി അറിയാതെ വൈസ് ചാന്സലറന്മാരുടെ യോഗം വിളിച്ചതും വിവാദത്തിലാക്കിയിരുന്നു. സര്‍ക്കാറിന്റെ അധികാരത്തില്‍ കൈകടത്തുന്നു എന്നായിരുന്നു ആരോപണം. നിയമവശം ചുണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അതിനെ പ്രതിരോധിച്ചത്. മേഘാലയയില്‍ ഗവര്‍ണര്‍ തഥാഗത റായി തന്റെ അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നതും വിവാദത്തില്‍ പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: