ജന്മനാടായ കശ്മീര്‍ താഴ്വരയില്‍നിന്ന് ഹിന്ദുക്കളായ പണ്ഡിറ്റുകളെ ഭരണകൂടത്തിന്റെ പിന്തുണയോടെ മുസ്ലിം തീവ്രവാദികള്‍ ആട്ടിയോടിച്ചിട്ട് ഇന്ന് 30 വര്‍ഷം തികയുന്നു. മൂന്നു പതിറ്റാണ്ടിന്റെ അനീതി അനുഭവിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണിവര്‍.
മത ഭീകരത താണ്ഡവമാടിയ കശ്മീര്‍ താഴ്വരയില് നിന്ന് പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ ആട്ടിപ്പായിച്ച ക്രൂരതയ്ക്ക് ഇന്നേക്ക് മൂന്നു പതിറ്റാണ്ട്. 1990 ജനുവരി 19നാണ് ‘ഭൂമിയിലെ സ്വര്‍ഗം’ കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നരക ലോകമായി മാറിയത്. ആയിരക്കണക്കിന് മുസ്ലിംകള് തെരുവിലിറങ്ങി പണ്ഡിറ്റുകളെ ബലമായി താഴ്വരയില് നിന്ന് പുറത്താക്കിയ ദുര്‍ദിനമാണത്.
ജനിച്ച നാടും വീടും വിട്ടിറങ്ങേണ്ടി വന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി അലയുന്ന കശ്മീരി പണ്ഡിറ്റുകളോട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ചെയ്ത അനീതിക്ക് ന്യായീകരണങ്ങളില്ല.
കശ്മീരിലെ ഹിന്ദു സമൂഹത്തെ അതിക്രൂരമായി വേട്ടയാടിയ മത ഭീകരതയോട് മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ മൗനം പാലിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് ഇനിയും തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ആറു ലക്ഷത്തോളം പണ്ഡിറ്റുകള്‍ അധിവസിച്ചിരുന്ന കശ്മീരില്‍ ഇന്ന് വെറും മൂവായിരത്തില്‍ താഴെ പേര് മാത്രമാണ് അവശേഷിക്കുന്നത്. ജനിച്ച മണ്ണിലേക്കുള്ള തിരിച്ചുപോക്ക് പ്രതീക്ഷിച്ചു കഴിയുന്ന പതിനായിരങ്ങളുടെ അവസാന പ്രതീക്ഷയാണ് 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി. കശ്മീരിലേക്ക് പതിയെ തിരികെ പോകാനാവുമെന്നുതന്നെയാണ് ലോകമെങ്ങുമുള്ള പണ്ഡിറ്റു സമൂഹം മുപ്പതുവര്‍ഷം പിന്നിടുമ്പോഴും പ്രതീക്ഷിക്കുന്നത്.
1990 ജനുവരി 19ല്‍ സംഭവിച്ചതെന്ത്?
1980കളുടെ ആദ്യം കശ്മീരിലെ 2500 ഗ്രാമങ്ങളുടെ പേര് ഇസ്ലാമികവല്‍ക്കരിച്ച ഷെയ്ക്ക് അബ്ദുള്ള സര്‍ക്കാരിന്റെ നടപടിയോടെയാണ് താഴ്വരയിലെ യുവാക്കള്‍ സൂഫിസത്തില്‍ നിന്ന് വഹാബിസത്തിലേക്കുള്ള വഴിയിലേക്ക് സഞ്ചരിച്ചു തുടങ്ങിയത്. എണ്‍പതുകളുടെ അവസാനത്തോടെ ഇത് കശ്മീരി പണ്ഡിറ്റുകള്‍ക്കും മറ്റു ഹിന്ദുക്കള്‍ക്കുമെതിരായി മാറുകയായിരുന്നു. പണ്ഡിറ്റുകളെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ചാരന്മാരെന്ന് ആരോപിച്ച ഷെയ്ക്ക് അബ്ദുള്ള തുടങ്ങിവച്ച ഭീകരതയ്ക്ക് സര്‍വ്വ പിന്തുണയുമായി അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഐഎസ്ഐയും ഭീകര സംഘടനകളും കൂടി കശ്മീരിലേക്ക് എത്തിയതോടെ ഇന്ത്യാ വിഭജനത്തിന് ശേഷമുള്ള ഏറ്റവും ക്രൂരമായ കൂട്ടപ്പലായനത്തിന് താഴ്വര സാക്ഷ്യം വഹിച്ചു.
1985 മുതല്‍ തന്നെ കശ്മീര്‍ താഴ്വരയില് നിന്ന് പണ്ഡിറ്റുകള്‍ക്ക് മുസ്ലിം ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് ഒഴിഞ്ഞുപോകേണ്ടി വന്നെങ്കിലും ഈ ആട്ടിപ്പായിക്കലിന് കശ്മീരിലെ മുസ്ലിംകളുടെ പിന്തുണ കൂടി ലഭിച്ച ദുരന്തരാത്രിയായിരുന്നു 1990 ജനുവരി 18. വാന്ധാമ ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള 23 കശ്മീരി പണ്ഡിറ്റുകളെ 1998 ജനുവരിയില്‍ ഭീകരര്‍ വെടിവച്ചു കൊന്നതോടെയാണ് പണ്ഡിറ്റ് വേട്ടയ്ക്ക് കശ്മീരില്‍ വ്യാപക തുടക്കമാവുന്നത്. പണ്ഡിറ്റുകളുടെ നേതാവും ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന ടിക്കാലാല്‍ ടാപ്ലൂവിനെ അദ്ദേത്തിന്റെ വീടിന് പുറത്തുവെച്ച് ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരര്‍ വെടിവച്ച് കൊന്ന 1989 സെപ്തംബര്‍ 14 മുതല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. തൊട്ടുപിന്നാലെ ഭീകരനായ മക്ബൂല്‍ ഭട്ടിന് വധശിക്ഷ വിധിച്ച ശ്രീനഗര്‍ ഹൈക്കോടതി ജഡ്ജി നീലകണ്ഠ ഗഞ്ചുവിനെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. 1989 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ ഡോ. റൂബിയ സയീദിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. മോചനത്തിനായി ഭീകരരെ വിട്ടുനല്‍കേണ്ടിവന്നത് കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. തട്ടിക്കൊണ്ടുപോകല്‍ നാടകമായിരുന്നെന്നും കശ്മീര്‍ മോചനമായിരുന്നു നേതാക്കളുടെയെല്ലാം ആത്യന്തിക ലക്ഷ്യമെന്നും വ്യക്തമാക്കുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്.
മതം മാറുക അല്ലെങ്കില്‍ മരിക്കുക
1990 ജനുവരി 4ന് ശ്രീനഗറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അഫ്താബ് എന്ന പത്രത്തില്‍ കശ്മീരിലെ എല്ലാ ഹിന്ദുക്കളും താഴ്വരയില്‍നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി സന്ദേശം ആദ്യമായി പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് പണ്ഡിറ്റുകളുടെ വീടുകള്‍ക്ക് മുന്നിലായി ഭീഷണി പോസ്റ്ററുകളും പതിച്ചു തുടങ്ങി. ഒന്നുകില്‍ ഇസ്ലാമിലേക്ക് മതം മാറുക, അല്ലെങ്കില്‍ സ്ഥലം വിടുക, അതുമല്ലെങ്കില്‍ മരണം വരിക്കാന്‍ തയ്യാറാവുക എന്നതായിരുന്നു ഭീഷണികളെല്ലാം. തുടര്‍ന്ന് പണ്ഡിറ്റുകളുടെ കടകളും ഫാക്ടറികളും ക്ഷേത്രങ്ങളും വീടുകളുമെല്ലാം തീവച്ചു കത്തിച്ചു തുടങ്ങി.
1990 ജനുവരി 18ന് രാത്രി കശ്മീരിലെ വൈദ്യുതിബന്ധങ്ങളെല്ലാം ഭീകരര്‍ താറുമാറാക്കി. മുസ്ലിംപള്ളികളില് മാത്രമാണ് വൈദ്യുതിയുണ്ടായിരുന്നത്. രാത്രിയായതോടെ പണ്ഡിറ്റുകളെ ആട്ടിപ്പായിക്കാനുള്ള സന്ദേശങ്ങള്‍ പള്ളികളില്‍ നിന്ന് താഴ്വര മുഴുവന്‍ നല്‍കിത്തുടങ്ങി. ആയിരക്കണക്കിന് മുസ്ലിംകള് തെരുവിലിറങ്ങി പണ്ഡിറ്റുകളെ അവരുടെ വീടുകളില്‍ നിന്ന് ഇറക്കി വിട്ടു തുടങ്ങി. മൂന്നു ലക്ഷത്തിലധികം പേര്‍ക്കാണ് ഒരു രാത്രി മാത്രം താഴ്വരയില് നിന്ന് പലായനം ചെയ്യേണ്ടി വന്നതെന്നാണ് കണക്കുകള്‍. നിരവധി കശ്മീരി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊന്നുതള്ളി. ജനുവരി 19ന് പുലര്‍ച്ചെ മുതല്‍ കിട്ടിയ വാഹനങ്ങളില്‍ പണ്ഡിറ്റുകള്‍ കശ്മീരില്‍ നിന്ന് ജമ്മുവിലേക്കും ചണ്ഡിഗഡിലേക്കും ദല്‍ഹിയിലേക്കും രക്ഷപ്പെടുകയായിരുന്നു. പോ
വാതെ സ്വന്തം ജന്മനാട്ടില് തന്നെ നില്ക്കാന് തീരുമാനിച്ചവരെയെല്ലാം മുസ്ലിം ജനക്കൂട്ടം കൊന്നുതള്ളി. കശ്മീര്‍ ഡിവിഷന് കീഴിലെ അനന്ത്നാഗ്, ബരാമുള്ള, ബഡ്ഗാം, ബന്ദിപോറ, ഗണ്ടേര്‍ബല്‍, കുപ്വാര, കുല്‍ഗാം, പുല്‍വാമ, ഷോപ്പിയാന്‍, ശ്രീനഗര്‍ എന്നീ ജില്ലകളിലെല്ലാം പണ്ഡിറ്റുകള്‍ വേട്ടയാടപ്പെട്ടു. 24 മണിക്കൂറിനകം ഒരു സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യയെ മുഴുവന്‍ അതിക്രൂരമായി ആട്ടിപ്പായിച്ച ദിവസമാണ് 1990 ജനുവരി 19.
തിരിച്ചെത്താമെന്ന പ്രതീക്ഷ
സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ കൂട്ടപ്പലായനത്തിനും കൂട്ടക്കൊലയ്ക്കും ഒത്താശ ചെയ്ത ഫറൂഖ് അബ്ദുള്ളയുടെ സര്‍ക്കാരിനെ ജനുവരി 19ന് തന്നെ പുറത്താക്കി രാഷ്ട്രപതി ഭരണം നിലവില്‍ വന്നെങ്കിലും കശ്മീരിലെ മുസ്ലിം മനസ്സുകളില്‍ കുടിയേറിയ ഭീകരത അവസാനിപ്പിക്കാന്‍ ഒരിക്കലും സാധിച്ചില്ല. തുടര്‍ന്നുള്ള ആറു വര്‍ഷക്കാലം ജമ്മുകശ്മീര്‍ രാഷ്ട്രപതി ഭരണത്തില്‍ തുടര്‍ന്നെങ്കിലും താഴ്വരയെ സമാധാന പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ ആര്‍ക്കുമായില്ല. ഭീകരവാദത്തോട് സന്ധി ചെയ്യുന്ന കേന്ദ്രസര്‍ക്കാരുകള്‍ കശ്മീരിലെ ഹിന്ദു കൂട്ടക്കൊലകളോട് മുഖം തിരിച്ചു. മുപ്പതാണ്ടുകള്‍ പിന്നിടുമ്പോഴും കശ്മീരി പണ്ഡിറ്റുകള്‍ക്ക് അവരുടെ ജന്മനാട്ടിലേക്ക് തിരികെ പോകാന്‍ സാധിച്ചിട്ടില്ല. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് തങ്ങള്‍ക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണമെന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം പണ്ഡിറ്റുകളുടെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരാണ്. പണ്ഡിറ്റുകള്‍ക്കും വിരമിച്ച സൈനികര്‍ക്കുമായി താമസിക്കാന്‍ സംവിധാനമൊരുക്കുന്ന പ്രത്യേക എന്‍ക്ലേവുകള്‍ തയ്യാറാക്കുന്നതടക്കമുള്ള പദ്ധതികള്‍ ഇനിയും മുന്നോട്ട് പോയിട്ടില്ല. 2016ല്‍ കശ്മീരിലെ സംഘര്‍ഷത്തിനിടയിലും പണ്ഡിറ്റുകള്‍ കശ്മീരില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന പോസ്റ്ററുകള്‍ പതിച്ചിരുന്നു.
കേരളം കശ്മീരാകരുത്
ഇത്രയും വലിയ അനീതി സ്വതന്ത്ര ഭാരതത്തില്‍ ഏതെങ്കിലുമൊരു ജനസമൂഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. രാജ്യത്തെ നൂറുകണക്കിന് രാഷ്ട്രീയ കക്ഷികളില്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന ക്രൂരതകളോട് പ്രതികരിച്ചത് ചുരുക്കം ചിലര്‍ മാത്രമാണ്. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും നീതി ലഭിക്കാതെ രാജ്യത്തെ തെരുവുകളില്‍ പണ്ഡിറ്റുകള്‍ക്ക് അലയേണ്ടി വരുന്നത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും ഒരു പാഠമാണ്. രാഷ്ട്രീയ കക്ഷികളുടെ മതേതരത്വ പ്രസംഗങ്ങള്‍ക്ക് അവസാനം എന്താണ് തങ്ങള്‍ നേരിടാന്‍ പോകുന്നതെന്ന ആശങ്കകള്‍ കേരളത്തിലടക്കം ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
കശ്മീരില്‍ ബഹിഷ്ക്കരണ ആഹ്വാനങ്ങളും ഒറ്റപ്പെടുത്തലുകളുമാണ് ആട്ടിപ്പായിക്കലിന് മുമ്പായി വന്നത്. കേരളത്തില്‍ 1921ലെ ഹിന്ദു കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം കാര്‍ഷിക കലാപമെന്ന ഓമനപ്പേരു നല്കി സര്‍ക്കാരും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആചരിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ജാഗ്രതയോടെയും ആശങ്കയോടെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: