ശ്രീ സത്യസായി ബാബയുടെ പ്രഭാഷണങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ആധാരമാക്കി കസ്തൂരി രചിച്ച ‘ഒക്ക ചിന്നക്കഥ’എന്ന പുസ്തകത്തില്‍ നിന്ന് ചില ചീത്തശീലങ്ങള്‍ നമ്മില്‍ വേരുറച്ചു പോയതിനാല്‍ അവയെ കളയുക ഏറ്റവും പ്രയാസമാണ് എന്നു നാം വിചാരിക്കുന്നുണ്ടാവാം. പക്ഷേ അതു ഞാന്‍ കളയുമെന്ന ഒരുറച്ച തീരുമാനം നിങ്ങള്‍ക്ക് ഉണ്ടായാല്‍ മതി. നമ്മുടെ പ്രവൃത്തി മൂലമാണ് നമ്മില്‍ ഓരോ ആശയങ്ങള്‍ വന്നു ചേരുന്നത്. അവയില്‍ നമ്മുടെ നിയന്ത്രണത്തില്‍ ഉള്ളവ ഏത്, നിയന്ത്രണാതീതമായവ ഏത് എന്നു നാം മനസ്സിലാക്കണം.
കറുപ്പു തിന്നുക എന്നൊരു ദുശ്ശീലം ഒരാളെ ബാധിച്ചു. ആ ശീലം താനേ മാറ്റാന്‍ അയാള്‍ തീരെ അശക്തനായിരുന്നു. എപ്പോഴും ഒരുതരം അര്‍ധബോധാവസ്ഥയിലായിരുന്നു അയാള്‍. അക്കാലത്ത് ആ പട്ടണത്തില്‍ ഒരു സംന്യാസി വര്യന് വന്നു. പലരുടേയും ദുശ്ശീലം മാറ്റാന്‍ സംന്യാസി സഹായിക്കുന്നതായി ഈ മനുഷ്യന് അറിഞ്ഞു. മറ്റുള്ളവരോടൊത്ത് അയാളും സംന്യാസിയെ സന്ദര്‍ശിച്ച് സഹായം അപേക്ഷിച്ചു. ഈ ദുശ്ശീലത്താല്‍ അയാളുടെ ആരോഗ്യം വളരെ നഷ്ടപ്പെട്ടു എന്നും അതിനാല്‍ കറുപ്പു തിന്നുന്നത് നിര്‍ത്തണമെന്നും സംന്യാസി ഉപദേശിച്ചു.
ഉടനെ നിര്‍ത്താന്‍ താന്‍ അശക്തനാകയാല്‍ തന്നെ സഹായിക്കണമെന്ന് അയാള്‍ സംന്യാസിയോട് പറഞ്ഞു. ദിവസേന എത്ര കറുപ്പാണ് തിന്നുന്നതെന്ന് സംന്യാസി ചോദിച്ചപ്പോള്‍ അയാള്‍ ഒരു ചെറിയ തുണ്ട് എടുത്ത് കാണിച്ച് ആ അളവു വീതം തിന്നുന്നുണ്ടെന്ന് പറഞ്ഞു. സംന്യാസി ആ വലിപ്പത്തില്‍ ഒരു ചോക്കുകഷ്ണം കൊടുത്തിട്ടു പറഞ്ഞു, നിത്യേന കറുപ്പു തിന്നുന്നത് കുറേനാള്‍ കൂടി തുടരാം. പക്ഷേ ആ ചോക്കു കഷ്ണത്തിന്റെ വലുപ്പത്തില്‍ അശേഷവും കൂടാന്‍ പാടില്ല എന്ന് അയാള്‍ ആത്മാര്‍ഥമായി ഏറ്റുകൊള്ളണം എന്നു പറഞ്ഞു.
അയാള്‍ക്കു വളരെ സന്തോഷമായി. പക്ഷേ സംന്യാസി ഒരു വ്യവസ്ഥകൂടി പറഞ്ഞിരുന്നു. അയാള്‍ കറുപ്പ് തിന്നാന്‍ തുടങ്ങുന്നതിനു മുമ്പ് ഒരു കറുത്ത ബോര്‍ഡില്‍ ഓം എന്ന് മൂന്നു പ്രാവശ്യം ആ ചോക്കുകൊണ്ട് എഴുതിയ ശേഷമേ തിന്നാവൂ എന്നായിരുന്നു വ്യവസ്ഥ. നിത്യേന ചോക്കിന്റെ അളവ് കുറഞ്ഞു കൊണ്ടേവന്നതിനാല് തിന്നുന്ന കറുപ്പിന്റെ അളവും അതേ വിധത്തില്‍ കുറഞ്ഞു വന്നു. ഒടുവില്‍ അത് വളരെ ചെറിയ അളവായി തീര്‍ന്നു. അങ്ങനെ കറുപ്പു തിന്നേ തീരൂ എന്ന ശീലവും മാറി.
ഒന്നും രണ്ടും സിഗരറ്റു വലിക്കുക എന്നതു കൂടിക്കൂടി എട്ടും പത്തും എന്നല്ല ഒരു നൂറെണ്ണം എന്ന മട്ടുവരെ ആക്കുന്നതിനു പകരം അവ ക്രമേണ കുറച്ചു കൊണ്ടു വന്ന് തീരെ സഹിക്കുന്നില്ല എന്ന അവസ്ഥ വരെ എത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കെല്ലാം സാധിക്കുന്നതു തന്നെ. അങ്ങനെ മനഃപൂര്‍വം ശ്രമിക്കാതിരിക്കുന്നത് നിങ്ങളെ കഷ്ടത്തിലാക്കും എന്ന് ഓര്‍ക്കണം.
(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)
സമ്പാ: എം. എസ്. സംഗമേശ്വരന്
ഫോണ്‍: 9447530446
പ്രതികരിക്കാൻ ഇവിടെ എഴുതുക: