മുംബൈ: ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നതിനു കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. ബീഹാറില്‍ നിന്ന് പിടിയിലായ അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയാണ് ചോദ്യം ചെയ്യലിനിടെ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന് വെളിപ്പെടുത്തിയത്. ദാവൂദിന്റേതെന്ന് കരുതുന്ന കറാച്ചിയിലെ രണ്ട് മേല്‍വിലാസങ്ങള്‍ ഇജാസ് അന്വേഷണസംഘത്തിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
സിക്സ് എ കയബന്‍ തന്‍സിം ഫേസ് ഫൈവ്, ഡിഫന്‍സ് ഹൗസിങ് ഏരിയ, കറാച്ചി, ഡി-13 ബ്ലോക്ക് ഫോര്‍ ക്ലിഫ്ടണ്‍, കറാച്ചി എന്നീ മേല്‍വിലാസങ്ങളാണ് ഇജാസ് ചോദ്യം ചെയ്യലിനിടെ നല്‍കിയതെന്നാണ് സൂചന. ദാവൂദിന്റെ സുരക്ഷയ്ക്കായി പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ മികച്ച കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ടെന്നും ഇജാസ് വിവരം നല്കി. പാക് പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുടെ അറിവോടെയല്ലാതെ ഇത് സാധ്യമല്ലെന്നും ഇജാസ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
ദാവൂദിന്റെ കൂട്ടാളികളായ ഛോട്ടാ ഷക്കീലിനും അനീസിനും ഐഎസ്ഐയുടെ സുരക്ഷാ വലയമുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് കള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഐഎസ്ഐ നല്കുന്നു, തുടങ്ങിയ വിവരങ്ങളും ഇജാസ് നല്കി. മുമ്പ് ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഇജാസ്. നിരവധി കേസുകള്‍ ഇജാസിനെതിരെയുണ്ട്. പത്തു വര്‍ഷം മുമ്പ് ഇജാസ് സ്വന്തം സംഘം രൂപീകരിച്ചതോടെ ഇയാള്‍ ദാവൂദിന്റെയും ഛോട്ടാ രാജന്റെയും ശത്രുവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: