ശ്ലോകം 42
വിദ്വാന്‍ സ തസ്മാ ഉപസത്തിമീയുഷേ
മുമുക്ഷവേ സാധു യഥോക്ത കാരിണേ
പ്രശാന്തചിത്തായ ശമാന്വിതായ
തത്വോപദേശം കപയൈവകുര്യാത്
തന്നെ വേണ്ട വിധം സമീപിച്ച് ചോദ്യം ചോദിച്ചതായ പ്രശാന്തചിത്തനും ശമാദിഗുണങ്ങളോടുകൂടിയവനും മോക്ഷമാഗ്രഹിക്കുന്നവനുമായ ശിഷ്യന് കൃപയോടെ ഗുരു തത്വോപദേശം ചെയ്യണം. അര്‍ഹതയുള്ള ശിഷ്യന് ഗുരു ഉപദേശം നല്‍കണമെന്നതാണ് ഇവിടെ പറയുന്ന പ്രധാന കാര്യം. ശിഷ്യന്റെ യോഗ്യതയെ ഈ ശ്ലോകത്തിലും ഒന്ന് കൂടി വിവരിച്ചിട്ടുണ്ട്.
ഗുരുവിനെ സമീപിക്കുക എന്ന ഉപസത്തി. മോക്ഷത്തിന് വളരെ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്നതായ മുമുക്ഷു. നല്ല ആത്മനിയന്ത്രണത്തെ കുറിക്കുന്ന പ്രശാന്തചിത്തന്‍, ശമാന്വിതന്‍ എന്നിവയെല്ലാം ശിഷ്യന്റെ ഗുണങ്ങളെ വ്യക്തമാക്കുന്നതാണ്.
വിവേക വൈരാഗ്യങ്ങളുള്‍പ്പടെയുള്ള ഗുണങ്ങള്‍ ഒത്ത് ചേര്‍ന്ന തികച്ചും യോഗ്യതയുള്ള ശിഷ്യനെ കിട്ടിയാല്‍ ഗുരുവിന് ഒട്ടും മടിക്കാതെ തത്വത്തെ ഉപദേശിക്കാം. സ്വീകരിക്കാന്‍ തക്ക യോഗ്യതയുള്ള സത് പാത്രത്തില്‍ വിദ്യ നല്‍കിയാലേ വിദ്യയെ കൊണ്ട് പ്രയോജിച്ചളളൂ. പ്രത്യേകിച്ചും ബ്രഹ്മ വിദ്യയാകുമ്പോള്‍. ഗുരുശിഷ്യ പരമ്പര തുടര്‍ന്ന് പോകണമെങ്കില്‍ നല്ല കരുതലോടെ അര്‍ഹതയുള്ളവര്‍ക്ക് തന്നെ ഉപദേശിക്കണം. അര്‍ഹതയില്ലാത്തവര്‍ക്ക് ഉപദേശിക്കാന്‍ പോയാല്‍ ഗുരുവിന്റെ സമയവും പ്രയത്‌നവും വെറുതെയും. യോഗ്യതയില്ലാത്തവരില്‍ എത്തുന്ന അറിവ് അവര്‍ക്കും സമൂഹത്തിനും ദോഷം മാത്രമേ ഉണ്ടാക്കൂ.
ഉള്ളിലും പുറത്തും നല്ല നിയന്ത്രണമുള്ളയാളാകണം ശിഷ്യന്‍.പുറമേയ്‌ക്കുള്ള അനുഷ്ഠാനങ്ങള്‍ ഉള്ളിലും ആദ്ധ്യാത്മിക സാധനകളെ പോഷിപ്പിക്കും. ഇന്ദ്രിയ നിയന്ത്രണം മനോനിയന്ത്രണത്തിന് തുണയ്‌ക്കും. ഇവിടെ കൃപ എന്ന വാക്കു കൊണ്ട് ഗുരുവിന് വേണ്ടതായ എല്ലാ ഗുണങ്ങളേയും പറഞ്ഞു.
അതില്‍ ഗുരുവിന്റെ മഹത്വവും അറിവും ആത്മ അനുഭൂതിയും കരുണയും വാല്‍സല്യയും പരസ്പര ധാരണയമൊക്കെ ഒളിഞ്ഞിരിപ്പുണ്ട്.ശിഷ്യനെ മനസ്സിലാക്കാന്‍ കഴിയുന്ന ഗുരുവിനെ വളരെ എളുപ്പം ജ്ഞാനത്തെ പകരാനും കഴിയും.
ശ്രീ ഗുരുരുവാച
മാ ഭൈഷ്ട വിദ്വന്‍ തവ നാസ്ത്യപായഃ
സംസാര സിന്ധോ സ്തരണേളസത്യുപായഃ
യേനൈവ യാതായതയോസ്യ പാരം
തമേവ മാര്‍ഗ്ഗം തവ നിര്‍ദിശാമി
വിദ്വാനായ ശിഷ്യാ.. നിനക്കൊരു അപായവും ഉണ്ടാകില്ല. സംസാരസാഗരത്തെ കടക്കാനുള്ള ഉപായമുണ്ട്. മുമ്പുണ്ടായിരുന്ന യതികള്‍ ഇതിന്റെ മറുകര കടന്നിട്ടുണ്ട്. അവരുടെ അതേ വഴി തന്നെ ഞാന്‍ നിനക്ക് പറഞ്ഞ് തരാം. ഗുരു തന്റെ ശിഷ്യനോട് ഉപദേശം ആരംഭിക്കാന്‍ തുടങ്ങുകയാണ്. ഒട്ടും പേടി വേണ്ട എന്നാണ് ഗുരുവിന്റെ ആദ്യ വചനം.
അഭയം നല്‍കലാണ് ആദ്യം. നേരത്തേ കരുണാദ്രമായ നോട്ടത്തിലൂടെയും ഇപ്പോള്‍ വാക്കിലൂടെയും. ഭയന്നിരിക്കുന്നയാള്‍ക്ക് ഒന്നും വേണ്ട പോലെ കേള്‍ക്കാനോ മനസ്സിലാക്കാനോ കഴിയില്ല. അതിനാല്‍ ആദ്യം തന്നെ ശിഷ്യനെ ഭയത്തില്‍ മോചിപ്പിക്കുക എന്നതാണ് ഗുരുവിന്റെ കടമ. ഒരാപത്തും വരില്ല എന്ന ഉറപ്പ് കൂടി കൊടുക്കുന്നു.
ഈ സംസാരസാഗരം കടക്കാനുള്ള വഴിയുണ്ട് എന്ന പ്രതീക്ഷയാണ് പിന്നീട് നല്‍കുന്നത്. ഇത് വെറുതെ പറഞ്ഞതല്ല എന്നും. നിരവധി മുനിമാരും ഋഷിമാരുമൊക്കെ നന്നായി യത്‌നം ചെയ്ത് ഈ സംസാരം കടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ആ വഴി തന്നെ ശിഷ്യനും ഉപദേശിച്ചു തരാം എന്ന് വാക്കു കൊടുക്കുന്നു.
ഗുരുവിനെ ശരണം പ്രാപിച്ച ഉത്തമ ശിഷ്യനെയാണ് “വിദ്വന്‍” എന്ന് വിളിച്ചത്.നല്ലത് ചെയ്യുന്നവര്‍ തിന്മ വരില്ല ഇനി പേടിക്കുകയേ വേണ്ട. അപകടത്തില്‍ പെടാതെ ഞാന്‍ കാത്തു കൊള്ളാം എന്ന വലിയ സമാശ്വാസവും മതിയായതായ ഉപദേശവും നല്‍കി ശിഷ്യനെ ശക്തനാക്കുകയാണ് ഗുരു. സംസാരക്കടല്‍ കടക്കാന്‍ ഇനി ഏറെ എളുപ്പം. വഴിയറിയാവുന്ന ഗുരു കൂടെയുണ്ട്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: