ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടത് സംഘടനകള്‍ നടത്തുന്ന അരാജകത്വ, അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അക്കാദമിക് സമൂഹം. എതിര് അഭിപ്രായങ്ങളുള്ളവരെ ആക്ഷേപിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുന്ന, പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടുത്തുന്ന ഇടത് ധാര്ഷ്ട്യത്തില് ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ വൈസ് ചാന്‍സലര്‍മാരും അധ്യാപകരും വിരമിച്ച അധ്യാപകരുമുള്‍പ്പെടെ 208 പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
മധ്യപ്രദേശിലെ സാഗര്‍ ഡോ. ഹരിസിങ് ഗൗര്‍ വിശ്വവിദ്യാലയം വൈസ് ചാന്‍സലര്‍ പ്രൊഫ. ആര്.പി.തിവാരി, ദക്ഷിണ ബിഹാര്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.സി.എസ്. റാത്തോഡ്, പഞ്ചാബ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ രവീന്ദര്‍, ഖരഗ്പൂര്‍ ഐഐടി മുന്‍ ഡയറക്ടര്‍ ശിശിര്‍ കുമാര്‍ ദുബെ, ഇഗ്നൊ രജിസ്ട്രാര്‍ ഡോ. ഹിമാന്‍ഷു കെ. ബോസ് തുടങ്ങിയവരും ജെഎന്‍യുവിലെ അധ്യാപകരും ഉള്‍പ്പെടെയുള്ളവരാണ് കത്തയച്ചത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരിലുള്ള കലാലയങ്ങളിലെ ആക്രമണോത്സുകമായ ഇടത് അജന്‍ഡ തങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു. അടുത്തിടെ ജെഎന്‍യു മുതല്‍ ജാമിയ വരെയും അലിഗഡ് മുതല്‍ ജാദവ്പൂര്‍ വരെയുമുള്ള കാമ്പസുകളിലുണ്ടണ്ടായ സംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷത്തെ ഹീനമായ രീതിയില്‍ തകര്‍ത്തുവെന്ന് ഭയപ്പെടുന്നു. ചെറിയ വിഭാഗം മാത്രമുള്ള ഇടതു കക്ഷികള്‍ നടത്തിയ ചതിയുടെ ഫലമാണ് ഈ സംഭവങ്ങള്‍. ഇത് കലാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനവും തടസപ്പെടുത്തുന്നു. ചെറുപ്രായത്തില്‍ത്തന്നെ വിദ്യാര്‍ഥികളെ തീവ്ര ആശയങ്ങളിലേക്ക് കൊണ്ടണ്ടുപോകുക വഴി അവരുടെ സ്വതന്ത്രചിന്തയും സര്‍ഗസൃഷ്ടിയും ഇല്ലാതാക്കും. അറിവിന്റെ അതിരില്ലാത്ത ആകാശം സ്വന്തമാക്കുന്നതിനു പകരം അവര്‍ അന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പോകുന്നു. ആദര്‍ശത്തിന്റെ പേരിലുള്ള ഇത്തരം മനോഭാവം അവരില്‍ ബഹുസ്വരതയോടും വ്യക്തിസ്വാതന്ത്ര്യത്തോടും അസഹിഷ്ണുത വര്‍ധിപ്പിക്കുന്നു. ചര്‍ച്ചകളുടെയും സംവാദത്തിന്റെയും ലോകത്തു നിന്ന് മാറ്റി സര്‍വകലാശാല കാമ്പസുകളെ ഇവര്‍ സങ്കുചിത വീക്ഷണത്തിന്റെ തുരുത്തുകളാക്കുന്നു, കത്തില്‍ ചൂണ്ടണ്ടിക്കാട്ടുന്നു.
ഇത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും അധ്യാപകര്‍ക്കും ബുദ്ധിജീവികള്‍ക്കും നേരെയുള്ള കൈയേറ്റത്തിലേക്കും നയിക്കുന്നു. ഇടത് സംഘടനകളുടെ സെന്‍സര്‍ഷിപ്പുകള്‍ പൊതുസംവാദങ്ങള്‍ക്കും സ്വതന്ത്രചിന്തയ്ക്കുമുള്ള ഇടം നഷ്ടമാക്കുന്നു. നടപ്പാക്കാന്‍ പ്രയാസമുള്ള ഉയര്‍ന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള സമരങ്ങള്‍, ധര്‍ണകള്‍, പണിമുടക്കുകള്‍ എന്നിവ ഇടതു ശക്തികേന്ദ്രങ്ങളില്‍ നിത്യസംഭവമാണ്. ഇടത് ആശയങ്ങള്‍ അംഗീകരിക്കാത്ത വ്യക്തികളെ ഒറ്റപ്പെടുത്തല്‍, പൊതുസ്ഥലത്ത് അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങിയവ വര്‍ധിക്കുന്നു.
ഇത്തരം രാഷ്ട്രീയത്തിന്റെ പ്രധാന ഇരകള്‍ പാവപ്പെട്ടവരും, പാര്‍ശ്വവത്കൃത സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുമാണ്. പഠിച്ച് മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള അവസരം ഇതിലൂടെ ഇവര്‍ക്ക് നഷ്ടമാകുന്നു. അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും എതിര് രാഷ്ട്രീയത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യവുമില്ലാതാകുന്നു. ഇടത് സംഘടനകള്‍ അവരെ നിര്‍ബന്ധിച്ച് കൂടെ ചേര്‍ക്കുന്നു, കത്തില്‍ പറയുന്നു.അക്കാദമിക, അഭിപ്രായ സ്വാതന്ത്ര്യത്തിനും ബഹുവിധ ചിന്തകള്‍ക്കുമുള്ള അവസരമൊരുക്കുന്നതിന് മുന്നോട്ടുവരാന്‍ എല്ലാ ജനാധിപത്യ ശക്തികളോടും അഭ്യര്‍ഥിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: