ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗ്രാമില്‍ രണ്ട് ഭീകരര്‍ക്കൊപ്പം ഒരു പോലീസുകാരനും പിടിയില്‍. ദൈനംദിന വാഹന പരിശോധന നടത്തുന്നതിനിടയില്‍ ജമ്മു കശ്മീര്‍ പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിലായ ഭീകരരില്‍ കൊടും ഭീകരന് സയ്യിദ് നവീദ് ബാബയും ഉള്‍പ്പെടും.
മിര്‍ ബസാറിലെ ദേശീയ പാതയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസുകാരനും ഭീകരരും ഉള്‍പ്പെടെയുള്ള സംഘം പിടിയിലാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പോലീസുകാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരര്‍ക്കൊപ്പം ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ പിടികൂടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തെക്കന്‍ കശ്മീരില്‍ സുരക്ഷാ സേന ഏറെ നാളായി അന്വേഷിക്കുന്ന കൊടും ഭീകരനാണ് അറസ്റ്റിലായ സയ്യിദ് നവീദ് ബാബയെന്ന് പോലീസ് പറഞ്ഞു. ട്രക്കുകള്‍ക്കും നാട്ടുകാര്‍ക്കും നേരെ നടന്ന ആക്രമണത്തിലും കൊലപാതത്തിലും ഇയാള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ഷോപിയാനില്‍ നിന്നുള്ള ബാബ ഐഇഡി വിദഗ്ധനായിരുന്നുവെന്നും ആസിഫ് റാത്തര്‍ എന്ന ഭീകരനാണ് അറസ്റ്റിലായ രണ്ടാമനെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം പോലീസ് ഉദ്യോഗസ്ഥന് കസ്റ്റഡിയിലായതിനെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. ഭീകരരുമായുള്ള ഇയാളുടെ ബന്ധം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: