”വ്യക്തമായ ലക്ഷ്യം വേണം… അതിലേക്കുള്ള നിശ്ചിതമായ പാതയും കാണണം… എന്നിട്ട് സധൈര്യം മുന്നേറണം. വിജയം അത്തരക്കാര്‍ക്ക് അകമ്പടി സേവിക്കും.”
സ്വാമി വിവേകാനന്ദന്‍ യുവ ജനങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണിത്. യുവത്വത്തിന്റെ കരുത്തും പ്രസരിപ്പും ഇച്ഛാശക്തിയും അതിന്റേതായ അര്‍ഥത്തില്‍ തിരിച്ചറിഞ്ഞ സ്വാമിജി, യുവ മനസ്സുകളില്‍ അഗ്‌നി പകര്‍ന്ന പ്രേരക ശക്തിയായിരുന്നു. രാഷ്‌ട്രനിര്‍മാണത്തിനും സാംസ്‌കാരിക സംരക്ഷണത്തിനും സാമൂഹിക പുനര്‍ നിര്‍മാണത്തിനും ഉള്ള ഊര്‍ജ സ്രോതസ്സായി കണ്ടത് ഈ യുവ മനസ്സുകളെയായിരുന്നു.
ലക്ഷ്യത്തെക്കുറിച്ചും അതിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ചും സ്വാമിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ക്ലേശങ്ങളില്‍ പതറാതിരിക്കുക, സധൈര്യം നേരിടുക. അതിനു വേണ്ടത് കരുത്തുള്ള ശരീരവും ഉറച്ച മനസ്സും. വിവേകാനന്ദന്റെ ഈ ഭാവങ്ങള്‍ അദ്ദേഹത്തിന്റെ പരിവ്രാജകകാലത്ത് ഉണ്ടായ ചില സംഭവങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും.
ഭാരതത്തിന്റെ നൊമ്പരം നെഞ്ചില്‍ പേറിആ യുവകേസരി മുറിവേറ്റു നടക്കുന്ന കാലം. ഭിക്ഷയെടുത്താണ് ജീവിതം. ഒരുനാള്‍ അദ്ദേഹത്തിന് തോന്നി, ”ഇങ്ങനെ കാക്കയെ പോലെ നാണമില്ലാതെ വല്ലവരുടെയും അധ്വാനത്തിന്റെ ഫലം കഴിക്കാനോ ഞാന്‍ വീടു വിട്ട് ഇറങ്ങിയത്? ഇനി തെണ്ടാന്‍ എനിക്കാവില്ല. എന്നെ തീറ്റിപ്പോറ്റിയിട്ട് ഈ പാവങ്ങള്‍ക്ക് എന്തു ഗുണം? അവരുടെ കുഞ്ഞുങ്ങള്‍ കഴിക്കേണ്ടത് ഞാന്‍ കഴിക്കുന്നു. വേണ്ട ഇനി ഈ ശരീരം വേണ്ട…” ദൃഢനിശ്ചയത്തോടെ വിവേകാനന്ദന്‍ ഒരു കൊടും വനത്തിലേക്ക് കടന്നു. ഉള്‍ക്കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞ് തളര്‍ന്ന് വീണു. അവിടെ കിടന്ന് മരിക്കാം എന്ന് സ്വയം തീരുമാനിച്ചു.
തളര്‍ന്നു കിടക്കവേ ഒരു കാല്‍പ്പെരുമാറ്റം. മെല്ലെ തല ഉയര്‍ത്തി നോക്കി…. ഒരു കടുവ… മെല്ലെ അത് സമീപിക്കുകയാണ്. സ്വാമി മനസില്‍ പറഞ്ഞു, ”നിനക്കു വിശപ്പ്… എനിക്കും വിശപ്പ്… നിന്റെ വിശപ്പ് തീരട്ടെ… എന്റെ ശരീരം കൊണ്ട് ലോകത്തിന് എന്ത് പ്രയോജനം?”, ഇങ്ങനെ ചിന്തിച്ച് കടുവ തന്റെ മേല്‍ വീഴുന്നതും പ്രതീക്ഷിച്ച് കണ്ണടച്ച് അദ്ദേഹം അവിടെ കിടന്നു… കടുവ മെല്ലെ നടന്നകലുന്ന ശബ്ദം കേട്ടു… വീണ്ടും അവിടെ തന്നെ അദ്ദേഹം കിടന്നു… കടുവ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ…
രാത്രി അങ്ങനെ അവിടെ കഴിച്ചു കൂട്ടി. നേരം പുലര്‍ന്നു. അപ്പോള്‍ വെള്ളിടിപോലെ ഒരു ചിന്ത മിന്നി മറഞ്ഞു. ഈ ശരീരം കൊണ്ട് ജഗദീശ്വരന്‍ എന്തോ തീരുമാനിച്ചിരിക്കുന്നു. അതാണ് ഇത് നശിക്കാത്തത്. ആ ചിന്ത സിരകളില്‍ നവോന്മേഷം പടര്‍ത്തി. അദ്ദേഹം വേഗം എഴുന്നേറ്റു. പിന്നീട് തളര്‍ന്ന ശരീരം ദുര്‍ബ്ബലമായ പാദങ്ങളില്‍ ഉറപ്പിച്ചു നിറുത്തി, എങ്ങനെയൊക്കെയോ വനത്തിന് പുറത്തുകടന്നു. ഓരോ ചുവടു വയ്പിലും സ്വയം ഓര്‍മ്മിപ്പിച്ചു, ”നീ സര്‍വ്വ ശക്തിയും നിറഞ്ഞ ആത്മസ്വരൂപമാണ്.”
പിന്നീട് കാലിഫോര്‍ണിയയിലെ പ്രസംഗവേദിയില്‍ അദ്ദേഹം പറഞ്ഞു, ”പലവട്ടം മരണത്തെ മുഖാമുഖമായി ഞാന്‍ കണ്ടു. നിങ്ങള്‍ക്ക് അത്തരം അവസ്ഥ ഉണ്ടായാല്‍ സ്വയം പറയുക, അറിയുക…
ഞാന്‍ സത്യസ്വരൂപന്‍… ശക്തി സ്വരൂപന്‍… വിജയിക്കാന്‍ പിറന്നവന്‍… ഇക്കാണുന്നതൊക്കെ മായ… ശക്തമായി ദുര്‍ബ്ബലചിന്തകളെ ഇങ്ങനെ നേരിടുക, അപ്പോള്‍ നിങ്ങള്‍ ധീരമായി മുന്നോട്ടു പോവുക തന്നെ ചെയ്യും?
ഒരു കപ്പല്‍ യാത്രയില്‍ ഒരിക്കല്‍, ഒരു പാതിരി ഭാരതത്തെ അധിക്ഷേപിച്ച് പലതും പറഞ്ഞു. അതിനെല്ലാം വിവേകാനന്ദന്‍ തക്ക മറുപടിയും കൊടുത്തു. പക്ഷേ പാതിരി മനഃപൂര്‍വ്വം വീണ്ടും ഭാരതത്തെ ഇകഴ്‌ത്തി സംസാരിക്കാന്‍ തുടങ്ങി. അയാളുടെ ടൈയില്‍ വലിച്ചു പിടിച്ച് വിവേകസിംഹം അലറി… ”ഇനി നീ ഒരക്ഷരം എന്റെ നാടിനെക്കുറിച്ച് മോശമായി പറഞ്ഞാല്‍ നിന്നെ ഞാന്‍ തൂക്കി കടലിലെറിയും.” പിന്നീട് യാത്രക്കാര്‍ഇടപെട്ടാണ് സ്വാമിജിയെ അടക്കിയത്.
കപ്പല്‍ യാത്രയില്‍ വിവേകാനന്ദന്‍ ഒരു ചെറുപ്പക്കാരനെ കണ്ടു. ആധുനിക വേഷം.
”എങ്ങോട്ടു പോകുന്നു?” അദ്ദേഹം തിരക്കി.
”അമേരിക്കയിലേക്ക്.” ചെറുപ്പക്കാരന്‍
”എന്നിട്ട്” വിവേകാനന്ദന്‍ തിരക്കി.
”ഞാന്‍ പഠിക്കും.”
”എന്നിട്ട്?”
”ജോലി നേടും… പണം സമ്പാദിക്കും.”
”എന്നിട്ട്.”
”വീടും കാറും വാങ്ങും. സുഖമായി ജീവിക്കും.”
”എന്നിട്ട്?”
ഈ ആവര്‍ത്തനം കേട്ട് ദേഷ്യം വന്ന് ചെറുപ്പക്കാരന്‍ പറഞ്ഞു, ”എന്നിട്ടങ്ങ് ഞാന്‍ അങ്ങട് ചാകും?”
”അതിന് നീ ഇത്രയും കഷ്ടപ്പെടണമോ? ഇപ്പോള്‍ തന്നെ കടലിലേക്കു ചാടിയാല്‍ മതിയല്ലോ… ഉടന്‍ സാധിക്കാമല്ലോ അക്കാര്യം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: