ശ്ലോകം 38
അയം സ്വഭാവഃ സ്വത
ഏവ യത്പര ശ്രമാപനോദപ്രവണം
മഹാത്മനാം സുധാംശുരേഷ സ്വയമര്‍ക്ക കര്‍ക്കശ
പ്രഭാഭിതപ്താമവതി ക്ഷിതിം കില
മഹാത്മാക്കളുടെ സ്വഭാവമാണ് മറ്റുള്ളവരുടെ ദുഃഖം നീക്കുകയെന്നത്. സൂര്യന്റെ ചൂടേറ്റ് തളരുന്ന ഭൂമിയെ ചന്ദ്രന് തന്റെ നിലാവാകുന്ന അമൃതവര്‍ഷം കൊണ്ട് കുളിര്‍പ്പിച്ച് കാക്കാറുണ്ടല്ലോ. എല്ലാവരോടുമുള്ള കരുണ, മറ്റുള്ളവരെ സഹായിക്കാനുള്ള വ്യഗ്രത, അതിനുള്ള ഉന്മേഷം തുടങ്ങിയ വിശിഷ്ട ഗുണങ്ങള്‍ മഹാത്മാക്കള്‍ക്ക് സ്വാഭാവികയിട്ടുള്ളവയാണ്. അവയെ പ്രകടമാക്കാന്‍ അവര്‍ക്ക് പ്രയാസവുമില്ല. വേറെ ആരുടേയും പ്രേരണയും വേണ്ട. മഹാത്മാക്കള്‍ക്ക് ഇവയെല്ലാം അവരുടെ സ്വഭാവമാണ്. ആ സ്വഭാവത്തിന്റെ കാരണം അന്വേഷിക്കേണ്ടതില്ല.
നാം ഓരോരുത്തരും മഹാത്മാക്കളായാല്‍ ഉത്തരം തന്നെ കിട്ടും.പഞ്ചസാര മധുരിക്കുന്നതിന് കാരണമെന്തെന്ന് ചോദിച്ചാല്‍ അതിന്റെ സ്വഭാവമാണ് എന്നാണ് ഉത്തരം. സദ്ഗുരുവിനെ ചന്ദ്രനോടാണ് ഉപമിച്ചിരിക്കുന്നത്. ചന്ദ്രനെ ശീതകിരണന്‍ എന്നാണ് വിളിക്കുക. സൂര്യതാപം പോലെ കഠിനമായ സംസാര ദുരിതങ്ങളില്‍ പെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് കുളിര്‍മ്മയായി ഗുരു എത്തുന്നു. ചന്ദ്രന് വരണ്ടുണങ്ങിയ മണ്ണിനെപ്പോലും തണുപ്പിക്കും പോലെയാണ് ഗുരുവിന്റെ സാമീപ്യവും സാന്ത്വനവും. ചന്ദ്രന് തന്റെ ശീതള കിരണങ്ങളാകുന്ന കൈകളെക്കൊണ്ട് ഭൂമിയെ തലോടി തണുപ്പിക്കും പോലെയാണ് ഗുരുവിന്റെ കാരുണ്യം മറ്റുള്ളവര്‍ക്ക് സമാശ്വാസമേകുന്നത്. കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയ തീജ്വാലകളെ കൊണ്ട് ചുട്ടുപൊള്ളുന്ന ഹൃദയങ്ങള്‍ക്ക് ശാന്തിയുടേയും സന്തോഷത്തിന്റെയും കുളിര്‍മ നല്കാന് മഹാത്മാക്കളുടെ സാന്നിദ്ധ്യം തന്നെ വേണം.
ശ്ലോകം 39
ബ്രഹ്മാനന്ദ രസാനുഭൂതി കലിതൈഃ
പൂതൈഃ സുശീതൈര്‍ യുതൈഃ
യുഷ്മദ്വാക്കലശോജ്ഝിതൈഃ
ശ്രുതിസുഖൈഃ വാക്യാമൃതൈഃ
സേചയ
സന്തപ്തം ഭവതാപദാവദഹന
ജ്വാലാഭിരേനം പ്രഭോ
ധന്യാസ്തേ ഭവദീക്ഷണക്ഷണ
ഗതേഃ പാത്രീകൃതാഃ സ്വീകൃതാഃ
സംസാരക്കാട്ടുതീയില്‍പ്പെട്ട് ദഹിച്ചു കൊണ്ടിരിക്കുന്ന എന്നെ കാക്കണേ ഗുരോ. ബ്രഹ്മാനന്ദ രസാനുഭൂതിയില്‍ മുക്കിയതും പാവനവും കാതിന് കുളിര്‍മയേകുന്നതുമായ അങ്ങയുടെ വാക്കുകളുടെ അമൃതം കൊണ്ട് ആശ്വസിപ്പിക്കണേ.അവിടത്തെ കൃപാകടാക്ഷം കുറച്ചെങ്കിലുമേറ്റാല്‍ അവര്‍ ധന്യരായിത്തീരും. എത്ര മനോഹരമായാണ് ആചാര്യ സ്വാമികള്‍ ശിഷ്യന്റെ പ്രാര്‍ത്ഥനയെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഗുരുവിന്റെ കരുണാ കടാക്ഷവും ആ വാക്കുകളും സംസാരത്തിന്റെ തീച്ചൂടില്‍ പെട്ട് പൊരിയുന്ന ഓരോരുത്തര്‍ക്കും അമൃതമഴ തന്നെയാണ്. ഗുരുവിന്റെ കാരുണ്യത്തിന് പാത്രമാകാന്‍ കഴിയുന്നവര്‍ എത്രയോ ഭാഗ്യവാന്മാരാണ്.
ഇവിടെ വാക്യാമൃതം എന്ന് പറഞ്ഞിരിക്കുന്നത് പാവനത്വവും ശീതളിമയും വെണ്മയുമൊക്കെ വാക്കിനും അമൃതിനും ഒരു പോലെ പറയാനാകും എന്നതിനാലാണ്. ഒന്നാമത്തെ വരിയില്‍ യുതൈഃ എന്നുള്ളിടത്ത് സിതൈഃ എന്ന് പാഠഭേദമുണ്ട്. പാപത്തെ ഇല്ലാതാക്കുന്നതിനാലാണ് വാക്കിനെ പൂത എന്ന് പറഞ്ഞത്. താപത്രയങ്ങളെ ഇല്ലാതാക്കുന്നതിനാല്‍ ശീതളമാണ്. രജസ്സും തമസ്സും ഇല്ലാത്തതിനാല്‍ നിര്‍മ്മലമായ വെണ്മയെ കാട്ടുന്നു. കേള്‍ക്കുമ്പോള്‍ ആനന്ദകരമായതിനാലാണ് ശ്രുതി സുഖം എന്ന് പറഞ്ഞത്.ബ്രഹ്മാനന്ദാനുഭൂതിയുടെ കാര്യം എത്രയോ വലുതായിരിക്കും.
ഗുരുവിന്റെ മുഖത്ത് നിന്നും വരുന്ന വാക്കുകളെ കലശത്തില്‍ നിന്നും പുറപ്പെടുന്ന സുന്ദര ശബ്ദങ്ങളായി, അമൃതകണങ്ങളായി ഉപമിച്ചിരിക്കുന്നു.അങ്ങനെയുള്ള ഗുരുവിന്റെ കരുണയ്ക്ക് പാത്രമായി ധന്യരാകാന്‍ ഇടയാവട്ടെ എന്നാണ് ശിഷ്യന്റെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: