ശബരിമല: മകര വിളക്ക് ഉത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനത്തുള്ള തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ അവിടെത്തന്നെ തങ്ങുന്നത് പോലീസിന് തലവേദനയാകുന്നു. ദര്‍ശനം കാത്തുനില്ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകള്‍ വരിയില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
പണിമുടക്ക് ദിനത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ടെങ്കിലും ഇന്നലെ രാവിലെ തിരക്ക് കുറവായിരുന്നു. എന്നാല്‍, വൈകിട്ടോടെ തിരക്ക് വീണ്ടും വര്‍ധിച്ചു. സന്നിധാനത്തേക്ക് പ്രതിദിനമെത്തുന്ന ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരില്‍ എണ്‍പതിനായിരത്തില്‍ താഴെ പേര് മാത്രമാണ് ദര്‍ശനം പൂര്‍ത്തിയാക്കി മലയിറങ്ങുന്നതെന്നാണ് പോലീസിന്റെ കണക്ക്. ഇപ്പോള്‍ സന്നിധാനത്തെത്തുന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ ഏറിയ പങ്കും മകരവിളക്ക് ദര്‍ശനത്തിന് പൂങ്കാവനത്തിന്റെ വിവിധ ഭാഗങ്ങളിലായി തമ്പടിക്കും. ഇതും വരും ദിവസങ്ങളില്‍ സന്നിധാനത്തടക്കം വലിയ തോതിലുള്ള തിക്കിനും തിരക്കിനും കാരണമാകും. മരക്കൂട്ടം മുതല്‍ നടപ്പന്തല്‍ വരെയുള്ള ദൂരം താണ്ടാന്‍ അഞ്ച് മണിക്കൂറിലേറെ വരിനില്‍ക്കേണ്ട സാഹചര്യമുണ്ട്. ദര്‍ശനം സാധ്യമാകണമെങ്കില്‍ പിന്നെയും മണിക്കൂറുകള്‍ കാത്തു നില്‍ക്കണം.
സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുഖദര്‍ശനം നല്കി പമ്പയിലേക്ക് മടക്കി അയയ്ക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ചയാണ് തിരക്ക് വര്‍ധിക്കുന്നതിന്ന് പ്രധാന കാരണം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പോലീസുകാരുടെ പരിചയക്കുറവ്സ്ഥിതി സങ്കീര്‍ണമാക്കുന്നു. 55 മുതല്‍ 65 വരെ തീര്‍ത്ഥാടകര്‍ മാത്രമാണ് നിലവിലെ സ്ഥിതിയില്‍ ഓരോ മിനിറ്റിലും പടി ചവിട്ടുന്നത്.
പരിചയസമ്പന്നരായ പോലീസുകാര്‍ ഡ്യൂട്ടി ചെയ്തിരുന്ന കാലയളവില്‍ തിരക്കേറുന്ന വേളകളില്‍ 90 മുതല്‍ 105 വരെ തീര്‍ത്ഥാടകര്‍ ഓരോ മിനിറ്റിലും പടി ചവിട്ടിയിരുന്നു. ഇതുകൊണ്ടു തന്നെ ശരണപാതയിലെയും വലിയ നടപ്പന്തലിലെയും തിക്കുംതിരക്കും ഒരു പരിധി വരെ ഒഴിവാക്കാന്‍ പോലീസിന് കഴിയുമായിരുന്നു. തിരക്കൊഴിവാക്കാന്‍ പ്രായോഗിക നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നുള്ളതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: