അമരാവതി: ആന്ധ്രപ്രദേശില്‍ അമരാവതി ഏക തലസ്ഥാനമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ സിപിഐ നേതാവ് രാമകൃഷ്ണ,ടിഡിപി നേതാവും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ ലോകേഷ് തുടങ്ങിവരെ ബുധനാഴ്ച്ച രാത്രിയോടേയും പോലീസ് അറസ്റ്റ് ചെയ്തു.
കര്‍ഷകര്‍ക്ക് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് നിരോധനാജ്ഞ ലംഘിച്ച് റാലി പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെ പോലീസ് വിജയവാഡയില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം ഇവരെ പോലീസ് ബസിലേക്ക് മാറ്റുകയും മണിക്കൂറുകള്‍ക്ക് ശേഷം നേതാക്കളെ വിട്ടയയ്ക്കുകയുമായിരുന്നു.
ജഗ്മോഹന് റെഡി സര്‍ക്കാര്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാനം എന്ന ആശയമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. എക്സിക്യുട്ടീവ് തലസ്ഥാനമായി വിശാഖപട്ടണം, ലെജിസ്ലെറ്റീവ് തലസ്ഥാനമായി അമരാവതി, ജുഡീഷ്യല്‍ തലസ്ഥാനമായി കര്‍ണൂല്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് അമരാവതിയിലെ കര്‍ഷകര്‍ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം ചന്ദ്രബാബു നായിഡുവിന്റെ അനധികൃത ഭൂമി സംരക്ഷിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. അനധികൃത ഇടപാടിലൂടെ സ്വന്തമാക്കിയ ഭൂമി സംരക്ഷിക്കുന്നതിനായാണ് ചന്ദ്രബാബു നായിഡു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: