മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും പ്രഭാഷകര്‍ക്കുമെല്ലാം പ്രിയപ്പെട്ട വാക്കാണ് ‘പൊതുസമൂഹം.’ പഴയകാലത്തെ ‘പൊതുജനം’ തന്നെ ഇന്നത്തെ പൊ
തുസമൂഹം. പണ്ട് ‘മഹാജനം’ എന്നായിരുന്നു പ്രയോഗം. ‘ഇതി പ്രശംസതി മഹാജനം’ എന്ന് ഉത്തരാസ്വയംവരം ആട്ടക്കഥയിലുണ്ട്.
‘മഹാ’കൊണ്ട് തൃപ്തിയാകാതിരുന്ന ചില വിശേഷണപ്രിയര് അതിനു മുന്നില്‍ ‘മാന്യ’കൂടി ചേര്‍ത്ത്’മാന്യമഹാജനങ്ങള്‍’ എന്നാക്കി. പക്ഷേ ജനങ്ങളുടെ മുന്നില്‍ വന്നതോടെ ‘മാന്യമഹാ’ പില്ക്കാലത്ത് അപഹാസ്യമായി. അതും ഒരു ഭാഷാവിശേഷംതന്നെ. ‘മാന്യമഹാജനങ്ങളേ’ എന്ന സംബോധന കേട്ടാല്‍ ഏതു ജനത്തിന്റെയും തല ലജ്ജകൊണ്ട് താഴ്ന്നുപോകും. കളിയാക്കലിനും ഒരു പരിധി വേണ്ടേ എന്നു തോന്നിയതുകൊണ്ടാവാം ഇപ്പോള്‍ മിമിക്സ് പരേഡുകാര്‍ പോലും ‘മാന്യമഹാജനങ്ങളേ’ എന്നു വിളിക്കാറില്ല.
ചാനല്‍ ചര്‍ച്ചക്കാര്‍ക്കും പ്രസംഗകര്‍ക്കും മറ്റും കൂടെയുള്ളവരെ വിശേഷിപ്പിക്കാനുള്ള പദമാണിപ്പോള്‍ ‘മാന്യ.’ എന്റെ മാന്യസുഹൃത്ത്, ആ മാന്യദേഹം എന്നൊക്കെയാണ് അവരുടെ പ്രയോഗങ്ങള്‍. ഇത്രയൊക്കെപ്പറഞ്ഞിട്ടും ഈ മാന്യശരീരം വസ്തുതകള്‍ മനസ്സിലാക്കാത്തതെന്ത് എന്നൊരു ചര്‍ച്ചക്കാരന്‍ ഈയിടെ കൂട്ടാളിയോടു ചോദിക്കുന്നതു കേട്ടു. ‘മഹാ’ കൂടുതലായി ലഭിക്കാറുള്ളത് കവികള്‍ക്കും കലാകാരന്മാര്ക്കുമാണ്.
‘പൊതുജന’ത്തിന്റെ സ്ഥാനം ‘പൊതുസമൂഹം’ ഏതാണ്ട് പൂര്‍ണമായി കൈയടക്കിയിരിക്കുന്നു. ‘പൊതുജനം കഴുത’ എന്ന് ചിലര്‍ പറയാറുണ്ട്. ഈ പ്രയോഗം കൊണ്ട് കഴുതയാണോ പൊതുജനമാണോ അപമാനിക്കപ്പെടുന്നതെന്നറിയില്ല. എന്നാല്‍ ‘പൊതുസമൂഹം കഴുത’യെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല.
അതില്‍നിന്നു വ്യക്തമല്ലേ ‘ജന’ത്തെക്കാളേറെ മുകളിലാണ് ‘സമൂഹ’മെന്ന്?
ഏതായാലും പൊതുജനത്തില്‍ ഉള്‍പ്പെടുന്നവരെല്ലാം പൊതുസമൂഹത്തിലും ഉള്‍പ്പെടുമെന്നു കരുതാം. ജനം വേണോ സമൂഹം വേണോ എന്ന് ജനംതന്നെ തീരുമാനിക്കട്ടെ!
പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്, പേരുകൊണ്ട് സ്ഥാനക്കയറ്റമായെങ്കിലും പൊതുസമൂഹത്തിന് സത്യാനന്തരകാലത്തും കിട്ടുന്നത് അവഗണനയും അവഹേളനവും മാത്രം.
മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും പ്രഭാഷകര്‍ക്കും എപ്പോള്‍ വേണമെങ്കിലും പൊതുസമൂഹത്തെ എന്തും പറയാം. ഭരണകൂടങ്ങളുടെ പിടിപ്പുകേടുകൊണ്ട് നാട്ടില്‍ എന്തു കുഴപ്പമുണ്ടായാലും ഇവരില്‍ ചിലര്‍ പൊതുസമൂഹത്തോടോണ് അരിശം തീര്‍ക്കാറുള്ളത്.
മുഖപ്രസംഗമെഴുത്തുകാര്‍ക്ക് എപ്പോഴും കൊട്ടാവുന്ന ചെണ്ടയാണ് പൊതുസമൂഹം. കൈയിന്റെയും കോലിന്റെയും ശക്തിക്കനുസരിച്ച് കൊട്ടിനു കനം കൂടും.
മുഖപ്രസംഗം സ്ത്രീപീഡനത്തെക്കുറിച്ചാണെന്നിരിക്കട്ടെ: അതില്‍ പലപ്പോഴും ഇങ്ങനെ ചില വാക്യങ്ങള്‍ കാണാം:
”പോലീസോ സര്‍ക്കാരോ മാത്രം വിചാരിച്ചാല്‍ ഇത്തരം തിന്മകള് തടയാനാവില്ല. ഇവയ്ക്കുത്തരം പറയേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്.
”സ്ത്രീപീഡനങ്ങള്‍ തുടരുന്നതു കാണു മ്പോള്‍ പൊതുസമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു.”
”ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്ത്തിക്കപ്പെടുന്നതിനര്ത്ഥം പൊതുസമൂഹത്തിന്റെ പോക്ക് പിന്നോട്ടുതന്നെയാണെന്നാണ്.”
”പൊതുസമൂഹത്തിനെന്തു പറ്റി? കഴി ഞ്ഞ ദിവസം രണ്ടു പിഞ്ചുകുഞ്ഞുങ്ങള്ക്കുനേരെയുണ്ടായ ക്രൂരതയുടെ വാര്‍ത്ത വായിക്കുന്ന ആരും ചോദിച്ചുപോകും.”
”ലഹരി മാഫിയ വിദ്യാര്‍ത്ഥികളെയാ ണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പലരും അവരുടെ വലയില്‍ വീഴുന്നു. പൊതുസമൂഹം ലജ്ജിച്ചു തലതാഴ്ത്തേണ്ട വിപര്യയമാണിത്.”
‘പൊതുസമൂഹം’ തന്നെയാണോ ‘പരിഷൃകൃത സമൂഹം’ എന്നറിയില്ല. മാധ്യമഭാഷയില്‍ രണ്ടും ഒരേ അര്‍ത്ഥത്തിലാണ് പ്രയോഗിച്ചുകാണുന്നത്. ആവര്‍ത്തനവിരസത ഒഴിവാക്കാനാവാം. മുകളിലുദ്ധരിച്ച വാക്യങ്ങളിലെല്ലാം ‘പൊതുസമൂഹ’ത്തിന്റെ സ്ഥാനത്ത് ‘പരിഷ്കൃത സമൂഹം’ എന്ന് ധൈര്യപൂര്‍വം ചേര്‍ക്കാവുന്നതാണ്.
സാമൂഹിക തിന്മകള് തടയുന്നതില്‍ പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നു മറക്കുന്നില്ല. എന്നാല്‍ പോലീസിന്റെയും അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയും വീഴ്ചകള്‍ കൊണ്ടുണ്ടാകുന്ന സംഭവങ്ങളുടെ പേരിലും ഇങ്ങനെ പാവം പൊതുസമൂഹത്തിന്റെ മേല്‍ കുതിരകയറുന്നതു കഷ്ടമാണ്. പൊതുമുതലിന്റെ സ്ഥിതിതന്നെയാണ് കേരളത്തിലിപ്പോള്‍ പൊതുസമൂഹത്തിനുമുള്ളത്!
പിന് കുറിപ്പ്:
ഒരു പൊതുസമൂഹം സൃഹൃത്തിനോട് ചോദിച്ചത്: പഴികേട്ടു മടുത്തു. ഏതെങ്കിലും സ്വകാര്യസമൂഹത്തില്‍ ചേരാന്‍ കഴിയുമോ?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: