ഗുരു ആശ്രയം തുടര്‍ച്ച
ശ്ലോകം -34
തമാരാദ്ധ്യഗുരും ഭക്ത്യാ പ്രഹ്വപ്രശ്രയ സേവനൈഃ
പ്രസന്നം തമനു പ്രാപ്യ പൃച്ഛേത് ജ്ഞാതവ്യമാത്മനഃ
ഗുരുവിനെ ഭക്തിപൂര്‍വ്വം ആരാധിച്ച് വിനയം അര്‍പ്പണഭാവം, സേവനം എന്നിവ കൊണ്ട് പ്രസാദിപ്പിക്കണം.പ്രസന്നനായ അദ്ദേഹത്തെ സമീപിച്ച് തനിക്ക് അറിയേണ്ടതായ ആത്മതത്വത്തെക്കുറിച്ച്ചോദിക്കണം.
ശ്രേഷ്ഠരും പൂജ്യരുമായവരോട് ഉണ്ടാകേണ്ട ഉത്കൃഷ്ട ഭാവമാണ് ഭക്തി. കൈ കൂപ്പി നന്നായി വണങ്ങി വിനയത്തോടെ നമിക്കുന്നതിനെയാണ് പ്രഹ്വയം എന്ന് പറയുന്നത്. വളരെ വിനീതനായി സംസാരിക്കുന്നതിനെ പ്രശ്രയം എന്ന് വിളിക്കുന്നു. ഗുരുവിനെ ശാരീരികമായി തടവികൊടുക്കുന്നതുള്പ്പടെയുള്ള കാര്യങ്ങളെ സേവനം എന്നു പറയാം. ശാരീരവും മാനസികവും ബൗദ്ധികവുമായ തലം സേവനത്തിന്നുണ്ട്. സാധകനായാല് ശരീരവും വാക്കും മനസ്സുമൊക്കെ നല്ല ശുദ്ധിയായിരിക്കണം.
ഗുരുവിനോട് എത്രത്തോളം അടുപ്പം ഉണ്ടാകുമോ അത്രയും ശിഷ്യന് തന്റെ ആദ്ധ്യാത്മിക യാത്ര ഗുണകരമായിരിക്കും. ഗുരുവും ശിഷ്യനും തമ്മിലുള്ള ഐക്യമാണ് ഏറ്റവും പ്രധാനം. ഗുരു സാക്ഷാത്കരിച്ചതിനെയും അനുഭവമാക്കിയതിനേയുംശിഷ്യനിലേക്ക് പകര്ന്നുകൊടുക്കുകയാണിവിടെ. എന്നാല്‍ ഇതിനെ പൂര്‍ണമായും വാക്കുകളിലൂടെ പകര്‍ന്നുകൊടുക്കാന്‍ ഗുരുവിനാവില്ല. ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം ഏറ്റവും നന്നായാല്‍ മാത്രമേ പഠനം വേണ്ടവിധത്തിലാവുകയുള്ളൂ. വളരെയധികം ശ്രദ്ധിച്ചു വേണം ഗുരുവിനെ സമീപിക്കാനും ഗുരുവില്‍ നിന്ന് അറിവിനെ നേടാനും.ലൗകികവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമായി ഗുരുവിന്റെ സാമീപ്യം ഉപയോഗപ്പെടുത്തരുത്.ആത്മജ്ഞാനത്തില്‍ ഉറച്ചിരിക്കുന്ന ഗുരുവിനോട് ആദ്ധ്യാത്മിക കാര്യങ്ങള്‍ മാത്രമേ ചോദിക്കാവൂ .ഗുരുവിന്റെ ശ്രദ്ധയെ ലൗകിക വിഷയങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഗുരുവിനെ അത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ ബാധിക്കുകയേയില്ല. എന്നാല്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ശിഷ്യന് ഇത് വലിയ തടസ്സം തന്നെയാകും സൃഷ്ടിക്കുക.
ഗുരുവിനെ നേരിട്ട് സമീപിച്ച് വേണം ശിഷ്യന് സംശയ നിവര്‍ത്തി വരുത്താന്‍. ആധുനിക കാലത്തെ ഫോണ്‍ വഴിക്കുള്ള ഉപദേശം തേടലൊക്കെ ആത്മതത്വം അറിയേണ്ടതായ കാര്യത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.സത്യാന്വേഷിയായ സാധകന് ശ്രദ്ധാ ഭക്തി പുരസ്സരം ഗുരുവിനെ ആശ്രയിക്കണം. അങ്ങനെയുള്ള ദിവ്യമായ ആത്മബന്ധത്തിലൂടെയാണ് ആത്മജ്ഞാനം ഗുരുവില്‍ നിന്ന് ശിഷ്യനിലേക്ക് പകരുക. ആദ്ധ്യാത്മിക വിഷയങ്ങളില്‍ ധാരാളം പുസ്തകങ്ങളും മറ്റും ഉള്ളപ്പോള്‍ ഒരു ഗുരുവിന്റെ ആവശ്യമുണ്ടോ എന്ന് ഒരാള്‍ ഒരിക്കല്‍ ചിന്മയാനന്ദ സ്വാമിജിയോട് ചോദിച്ചു. ഈ ചോദ്യമെന്തേ പുസ്തകങ്ങളോട് ചോദിച്ചില്ല? എന്നായിരുന്നു സ്വാമിജിയുടെ മറുപടി. പുസ്തകങ്ങള്‍ക്ക് അതില്‍ എഴുതിയത് നല്‍കാനേ കഴിയൂ. ആത്മതത്വത്തെ അനുഭവമാക്കിയ ഒരു ഗുരുവിന് പകര്‍ന്ന് നല്കാന് കഴിയുന്നത്രയുമൊന്നും മറ്റൊന്നിനുമാകില്ല.അതിന് സദ്ഗുരുവിനടുത്ത് നേരില്‍ ചെല്ലണം, നന്നായ് വണങ്ങണം… ഉള്ളം തുറന്ന് അനുഭവമാക്കി നിറയ്ക്കണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: