ഡിസംബര്‍ 29ന് മഹാസമാധി പൂകിയ ഉടുപ്പി പേജാവര്‍ മഠാധിപതി ശ്രീമദ് വിശ്വേശ തീര്‍ത്ഥ സ്വാമികള്‍ ആധുനിക കാലത്തെ ഹൈന്ദവേകീകരണത്തിന്റെ പ്രതീകമായിരുന്നു. ബ്രാഹ്മണ യാഥാസ്ഥിതികതയുടെ നെടുംകോട്ടയായാണ് തെക്കന്‍ കര്‍ണാടകത്തിലെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം കരുതപ്പെട്ടിരുന്നത്. അവിടത്തെ പൂജാദി നടപടികള്‍ക്ക് അവകാശപ്പെട്ട എട്ടു മഠങ്ങള്‍ ഊഴമിട്ടാണ് ചടങ്ങുകള്‍ നടത്തിവരുന്നത്. ഓരോ മഠത്തിന്റെയും ‘പര്യായ’മെന്നാണ് ആ കാലഘട്ടത്തിന് പേര്. അങ്ങനെ അഞ്ചു പര്യായങ്ങള്‍ പൂര്‍ത്തിയാക്കിയ ഒരേ ഒരു മഠാധിപതിയായിരുന്നു സമാധിസ്ഥന്‍. അതു മാത്രമല്ല ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ അദ്ദേഹവുമുണ്ടായിരുന്നുവെന്നതും എടുത്തുപറയേണ്ടതുണ്ട്.
1959ല്‍ കേരളവും തമിഴ്നാടും സംഘത്തിന്റെ ഒരൊറ്റ പ്രാന്തമായി പ്രവര്‍ത്തിച്ചുവന്ന കാലമായിരുന്നു. അന്നത്തെ പ്രാന്തകാര്യവാഹ് ആയി പ്രവര്‍ത്തിച്ചിരുന്ന എ. ദക്ഷിണാമൂര്‍ത്തി (അണ്ണാജി) ഉഡുപ്പി, ശൃംഗേരി മുതലായ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥാടനത്തിന് പോകാന്‍ കണ്ണൂരിലെത്തി. കണ്ണൂര്‍ ജില്ലാ പ്രചാരകന് വി.പി. ജനാര്‍ദനനാണ് അദ്ദേഹത്തെ അനുഗമിക്കാന്‍ നിയുക്തനായത്. പോകുംവഴിക്കു ഹോസ്ദുര്ഗു വരെ ചെല്ലാന്‍ എനിക്കും നിര്‍ദേശം ലഭിച്ചു. ഹോസ്ദുര്‍ഗില്‍ അന്നത്തെ മംഗലാപുരം പ്രചാരകനായിരുന്ന കൃഷ്ണപ്പാജി എത്തി സ്വീകരിച്ചു. അന്നവിടത്തെ ശാഖയും, തുടര്‍ന്നു മുതിര്‍ന്ന സ്വയംസേവകരുമായി അണ്ണാജിയുടെ സമാഗമവും ഉമാനാഥറാവുവിന്റെ വീട്ടില്‍ നടന്നു. ആ വീട് കാര്യാലയംപോലെ ആയിരുന്നു. പിറ്റേന്ന് ഞാന്‍ തലശ്ശേരിക്കു മടങ്ങി. വി.പി. ജനേട്ടന് അണ്ണാജിയെ അനുഗമിച്ചു. അദ്ദേഹം ശൃംഗേരിവരെ അണ്ണാജിയോടൊപ്പം പോയശേഷം അദ്ദേഹത്തെ ബംഗളൂരുവിലേക്ക് അയച്ച്, തിരിയെ കണ്ണൂരിലെത്തി. പൂണൂല് ഇല്ലാത്തതിനാല്‍ തനിക്ക് ഉഡുപ്പി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നും, നവദ്വാര ദര്‍ശന (ഒന്‍പതു കള്ളികളുള്ള ജാളിക)ത്തിനേ സാധിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശൃംഗേരിയില്‍ ശങ്കരാചാര്യ സ്വാമികളുടെയും അടുത്തു ചെല്ലാന്‍ സാധിച്ചില്ല. അണ്ണാജി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു. ഹിന്ദു സമാജത്തെ ഏകോപിപ്പിച്ചു സുദൃഢമാക്കാന്‍ പ്രയത്നിക്കുന്ന സ്വയംസേവകര്‍ ഇതുപോലത്തെ ഒട്ടേറെ അഹിതകരങ്ങളായ അവസരങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും വിവരിക്കാന്‍ കാരണം ഒരു ദശകത്തിനു ശേഷം ഉഡുപ്പിയില്‍ തന്നെ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ കര്‍ണാടക സംസ്ഥാന സമ്മേളനത്തില്‍ നടന്ന സംഭവങ്ങള്‍ അതിനോടു ചേര്‍ത്ത് താരതമ്യം ചെയ്യാന്‍ വേണ്ടിയാണ്. 1969ല്‍ എനിക്ക് നേരിട്ടുള്ള സംഘ ചുമതലയല്ല. ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയെന്ന സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. ഉഡുപ്പി സമ്മേളനത്തില്‍ കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പ്രചാരകന്മാരും എത്തണമെന്ന് ക്ഷേത്രീയ പ്രചാരക് യാദവറാവു ജോഷി അഭിലഷിച്ചു. പരമേശ്വര്‍ജിയോടൊപ്പമായിരുന്നു ഞാന്‍ പോയത്. മംഗലാപുരം സ്റ്റേഷനില്‍ അവിടത്തെ ജനസംഘ ചുമതലക്കാര്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവിടത്തെ വിമാനത്താവളത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വിശിഷ്ടാതിഥികളെ സ്വീകരിക്കാനും ഞങ്ങളെ മംഗലാപുരത്തുകാര്‍ കൊണ്ടുപോയി. ഉദയപ്പൂരിലെ മഹാറാണയായിരുന്നു അന്ന് വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷന്‍. ഉഡുപ്പി സമ്മേളനത്തില്‍ അധ്യക്ഷനാകേണ്ട ഭരണയ്യ തുടങ്ങി ഒട്ടേറെ മഹദ് വ്യക്തികളെ അവിടെ കാണാന്‍ കഴിഞ്ഞു.
സമ്മേളനത്തിനെത്തിയ പ്രചാരകന്മാര്ക്ക് ഉഡുപ്പിയിലെ ഒരു വിദ്യാലയത്തിലാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയത്. അടുത്ത ദിവസം സമ്മേളനസ്ഥലത്തെത്തിയപ്പോള്‍, ഇത്തരം സമ്മേളനത്തിന്റെ വൈപുല്യം എത്രയായിരുന്നാലും അത് ഒരുക്കുന്നതില്‍ കര്‍ണാടകയിലെ സംഘാധികാരിമാര്ക്കുള്ള പ്രാപ്തി ബോധ്യപ്പെടുത്തിത്തരുന്നതാണ് എന്നു വ്യക്തമായി.
ഭാരതത്തിലെ എല്ലാ ധര്‍മങ്ങളുടെയും സമുന്നത ആചാര്യവൃന്ദം അവിടെ വേദിയിലുണ്ടായിരുന്നു. സന്യാസിമാര്‍ക്കും, മഠാധിപതിമാര്ക്കും ഉയര്‍ന്ന വേദിയില്‍ ഒരേ നിരയില്‍ ആസനം ഒരുക്കപ്പെട്ടു. ബൗദ്ധ, ജൈന, സിഖ് സമ്പ്രദായക്കാരുടെ ഉപവിഭാഗക്കാര്‍ സന്നിഹിതരായി. അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായി വിരമിച്ച ആര്. ഭരണയ്യ ആയിരുന്നു. അയിത്ത ജാതിയില്‍ ജനിച്ച് ഉയരത്തില്‍ എത്തിയ അദ്ദേഹത്തിന് അതുമൂലമുള്ള ശങ്കകള്‍ പലതും ബാക്കി നിന്നിരുന്നു. ദീര്‍ഘകാല ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ അതു സ്വാഭാവികവുമായിരുന്നു. ശൈവ, വൈഷ്ണവ, ലിംഗായത, ജൈന, ബൗദ്ധ, സിഖ് തുടങ്ങിയ നാല്പതു സമ്പ്രദായങ്ങളുടെയും ആചാര്യന്മാരും ആറോളം യതിവര്യന്മാരും സ്വാമിനിമാരും അസമിലെ ശങ്കരദേവ പരമ്പരയിലെ സത്രാധികാരികളും എത്തിയിരുന്നു.
സമ്മേളനത്തിന്റെ അധ്യക്ഷന്‍ മേവാര്‍ മഹാറാണായും ഉദ്ഘാടകന്‍ പൂജനീയ ഗുരുജിയുമായിരുന്നു. നമ്മുടെ ധര്മത്തില് ഭൗതികവൈഭവത്തിനും ആത്മീയാനന്ദത്തിനും സമപ്രാധാന്യമാണ് നല്‍കപ്പെടുന്നതെന്നും, അതില്‍ ഭൗതികാഭിവൃദ്ധിയില്‍ ഉപേക്ഷ കാട്ടി ആത്മീയതയ്ക്കു മാത്രം ഉന്നതി പ്രാപിക്കാന്‍ സാധ്യമല്ലെന്നും, സമാജം ഒറ്റക്കെട്ടായി സംഘടിച്ചു നില്‍ക്കണമെന്ന കാര്യം വിസ്മരിച്ച്, ജാതികളും ഉപജാതികളും സമ്പ്രദായങ്ങളുമായി ആഹാരം, വേഷവിധാനം എന്നീ വൈവിധ്യങ്ങളില്‍ ഒരുമിച്ചു നില്ക്കാന് കഴിയുമോ എന്ന ശങ്കയുമായി കഴിയാതെ, ഈ വൈവിധ്യത്തിന്റെ അടിയിലെ ഐക്യത്തിന്റെ പ്രവാഹത്തെ സാക്ഷാത്കരിക്കണമെന്ന് ശ്രീഗുരുജി പറഞ്ഞു. സ്വന്തം വീട്ടില്‍ സമൃദ്ധമായി ഉണ്ണുമ്പോള്‍ ചുറ്റുമുള്ള പട്ടിണിപ്പാവങ്ങളെ ഓര്‍ക്കുന്നില്ലെങ്കില്‍ ധര്‍മത്തെക്കുറിച്ചുള്ള മഹാപാഠ്യങ്ങള് പറയുന്നത് വീണ്വാക്കുകളാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പൂജനീയ ഗുരുജിയുടെ ഹൃദയംഗമമായ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് അടുത്ത സത്രത്തില്‍ അയിത്തത്തെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം നല്കുന്ന പ്രമേയം അധ്യക്ഷസ്ഥാനത്തുനിന്ന് അവതരിപ്പിച്ചു. സര്‍വസമ്മതമായി ഗഹനഭേദിയായ ഓങ്കാരധ്വനിയോടെ പ്രമേയത്തിന് ആ മഹാസദസ്സ് അംഗീകാരം നല്കി. ആ സമയത്ത് പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമികള്‍ മുന്നോട്ടുവന്ന് ”ഹിന്ദവഃ സോദരാഃ സര്വേഃ” എന്നും ‘ന ഹിന്ദു പതിതോ ഭവേത്” എന്നും ഓരോ മുദ്രാവാക്യം ഉദ്ഘോഷിച്ചു. അവിടെ സന്നിഹിതരായിരുന്ന 15000 ജനസഞ്ചയം ഹിന്ദു ഐക്യത്തിനും ധര്മാചാര്യന്മാര്ക്കും ജയധ്വനി മുഴക്കി.
അധ്യക്ഷത വഹിച്ച ഭരണയ്യയാകട്ടെ നിറഞ്ഞ കണ്ണുകളോടെ ശ്രീഗുരുജിയെ ആശ്ലേഷിച്ച് ഗുരുജി ഇതെല്ലാം ‘അങ്ങയുടെ…’എന്നു പറഞ്ഞപ്പോഴെക്കു നിരുദ്ധകണ്ഠനായി. ഗുരുജിയാകട്ടെ നമ്മുടെയല്ല, ഹിന്ദു സമാജത്തിന്റെ ഇച്ഛാശക്തിയാണിത് എന്നദ്ദേഹത്തെ ആശ്വസിപ്പിച്ചു.
അതിനുശേഷം ശ്രീമദ് വിശ്വേശതീര്‍ത്ഥ സ്വാമികള്‍ തന്റെ വാക്കിനനുസരിച്ച ജീവിതമാണ് നയിച്ചത്. പര്യായകാലത്ത് ക്ഷേത്ര സങ്കേതത്തില്‍ കഴിയേണ്ട സമയത്തൊഴികെ അദ്ദേഹം മുഖ്യമായും കര്‍ണാടകത്തില്‍ അയിത്തജാതിക്കാരും ദരിദ്ര വിഭാഗക്കാരും താമസിക്കുന്ന ചേരിപ്രദേശങ്ങളില്‍ പോയി, അവര്‍ക്ക് ധാര്‍മിക സന്ദേശങ്ങള്‍ നല്‍കുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. ”ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും” ദോഷമുള്ളവരായി കരുതപ്പെട്ടിരുന്നവരുടെ അത്തരം നൂറുകണക്കിന് ചേരികളില്‍ സമത്വത്തിന്റെയും ധര്‍മത്തിന്റെയും ദീപം സ്വാമികള്‍ കൊളുത്തി. കര്‍ണാടകത്തിനു പുറത്ത് ലളിതമായ സംസ്കൃതത്തിലായിരുന്നു അദ്ദേഹം ആശയവിനിമയം നടത്തിയത്.
എറണാകുളത്തെയും തൃപ്പൂണിത്തുറയിലെയും മാധ്വ മന്ദിരങ്ങളില്‍ വിശ്വഹിന്ദുപരിഷത് ഒരുക്കിയ പല പരിപാടികളിലും അദ്ദേഹത്തിന്റെ തിരുവായ് മൊഴികള്‍ കേള്‍ക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഹൈന്ദവ സമാജ ഹിതത്തിനുവേണ്ടി ഭാരതത്തിലെവിടെ ഒരുക്കിയ ചടങ്ങിലും സ്വാമിജി പങ്കെടുക്കുമായിരുന്നു. ഉഡുപ്പിയില്‍ നല്കിയ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ സ്വയം മുന്നിട്ടിറങ്ങിയാണ് മാതൃക കാട്ടിയത്.
അതിന്റെ പ്രതിഫലനം മുഖ്യമായും കര്‍ണാടകത്തിലെ പൊതുരംഗത്തു പ്രത്യക്ഷമാണ്. മതനിരപേക്ഷ ജാടക്കാരുടെ വിഹാരരംഗങ്ങളായിരുന്ന രാഷ്ട്രീയമടക്കം അവിടത്തെ ബഹുജനമേഖലകളിലൊക്കെ ശക്തമായ ഹൈന്ദവതയുടെ അടിയൊഴുക്ക് ഇന്ന് നമുക്ക് അനുഭവപ്പെടുന്നു. കേരളത്തില്‍ ചെറുകോല്‍ പുഴ മണപ്പുറത്ത് ഒരു നൂറ്റാണ്ടുകാലമായി നടന്നുവരുന്ന ഹിന്ദുധര്‍മ മഹാസമ്മേളനത്തിനു ക്ഷണിക്കാന്‍ ചെന്നവരോട് അതിന് സമ്മതം മൂളിയതിനോടൊപ്പം തന്നെ ആശങ്കയും പ്രകടിപ്പിച്ചതായി കുമ്മനം രാജശേഖരന് എഴുതിയല്ലോ. സ്വാമിജിയുടെ പ്രയത്നം അയോധ്യാ പ്രശ്നപരിഹാര കാര്യത്തിലും ഉണ്ടായിരുന്നുവെന്നും നമുക്കറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: