മൂഡബിദ്രി: എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ദിവസം നിരാശ. രണ്ടാം ദിനത്തില്‍ രണ്ട് വെങ്കലമാണ് കേരളത്തിലെ സര്‍വകാലശാലകള്‍ക്ക് ലഭിച്ചത്. വനിതകളുടെ 800 മീറ്ററില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അലീഷ. പി.ആറും, പുരുഷന്മാരുടെ 100 മീറ്ററില്‍ ഇതേ സര്‍വകലാശാലയിലെ ഓംകാര്‍ നാഥുമാണ് വെങ്കലം നേടിയത്.
ചാമ്പ്യന്‍ഷിപ്പിലെ അതിവേഗക്കാരായി തെരഞ്ഞെടുക്കപ്പെട്ടത് ഗുണ്ടൂരിലെ ആചാര്യനാഗാര്ജുന സര്‍വകലാശാല താരങ്ങള്‍. വനിതാ വിഭാഗത്തില്‍ ജ്യോതി. വൈയും പുരുഷ വിഭാഗത്തില്‍ കെ. നരേഷ്കുമാറുമാണ് മീറ്റിെല വേഗമേറിയ താരങ്ങളായത്. വനിതാ വിഭാഗത്തില്‍ 11.64 സെക്കന്‍ഡില്‍ ജ്യോതി പറന്നെത്തിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ 10.57 സെക്കന്‍ഡിലാണ് അതിവേഗക്കാരനായത്.
ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ രണ്ട് റെക്കോഡുകള്‍ മാത്രമാണ് പിറന്ത്. പുരുഷന്മാരുടെ 20 കി.മീറ്റര്‍ നടത്തത്തിലും വനിതകളുടെ ലോങ്ജമ്പിലുമാണ് റെക്കോഡുകള്‍. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ആകെ റെക്കോഡുകള്‍ മൂന്നായി.പുരുഷന്മാരുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ ആദ്യ നാല് സ്ഥാനക്കാരും റെക്കോഡ് മറികടന്നു. മംഗളൂരു സര്‍വകലാശാലയിലെ ഹരിയാന താരം കെ.ടി. ജുനൈദ് ഒരു മണിക്കൂര്‍ 26:39.78 മിനിറ്റില്‍ നടന്നെത്തി സ്വര്‍ണമണിഞ്ഞു. ലോങ്ജമ്പില്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഷെറിന് അബ്ദുള്‍ ഗഫൂറാണ് മറ്റൊരു റെക്കോഡിന് അവകാശിയായത്. 6.32 മീറ്റര്‍ ചാടിയാണ് ചെന്നൈ എംഒപി വൈഷ്ണവ് കോളജ് താരമായ ഷെറിന് തിരുത്തി എഴുതിയത്.
വനിതകളുടെ ഡിസ്കസ് ത്രോയില്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ എം. കാരുണ്യ 48.03 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. 46.57 മീറ്റര്‍ എറിഞ്ഞ് ദല്‍ഹി സര്‍വകലാശാലയുടെ ഭാവന യാദവ് വെള്ളിയും മംഗളൂരു യൂണിവേഴ്സിറ്റിയുടെ നിധി റാണി 45.89 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.മൂന്നാം ദിനമായ ഇന്ന് എട്ട് ഫൈനലുകള്‍. രാവിലെ ആറിന് വനിതകളുടെ 20 കി.മീ നടത്ത മത്സരത്തോടെ ട്രാക്കുണരും. പുരുഷ, വനിത വിഭാഗം 400 മീ, 4-100 റിലേ ഇനങ്ങളിലെ മെഡല്‍ ജേതാക്കളെ ഫഌഡ് ലൈറ്റില്‍ നിശ്ചയിക്കും. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വനിതകളുടെ ജാവലിന്‍ മത്സരം ഞായറാഴ്ചയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: