തൃശൂര്‍/കോട്ടയം: ഭീഷണിയും വിരട്ടലും തന്നോടു വേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തൃശൂരിലും കോട്ടയത്തും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും മറുപടി നല്‍കിയത്. ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടും. അഭിപ്രായം പറയും. അതിന്റെ പേരില്‍ വിരട്ടാന്‍ വന്നാല്‍ അംഗീകരിക്കില്ല. നിയമസഭയുടെ നടപടിക്രമങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട നികുതിപ്പണം പാഴാക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാഴ്വേലയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഗവര്‍ണര്‍ തൃശൂരില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ എന്ന നിലയില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. അനാവശ്യമായ കാര്യത്തിന്റെ പേരില്‍ സമയവും കേരളത്തിന്റെ പണവും പാഴാക്കാന്‍ താന്‍ അനുവദിക്കില്ല. ലോക്സഭയില്‍ പാസാക്കി നിയമമായി മാറിയ കാര്യത്തില്‍ ഒരു സംസ്ഥാനത്തിനും റോളില്ല. അത് പൂര്‍ണമായും കേന്ദ്രത്തിന്റെ അധികാരത്തിലുള്ളതാണ്. ഈ നിയമത്തിനെതിരെ സംസ്ഥാനം പ്രമേയം പാസാക്കുന്നത് അമേരിക്ക വടക്കന്‍ കൊറിയയില്‍ അധിനിവേശം നടത്തുന്നതിനെതിരെ ഇവിടെ പ്രമേയം പാസാക്കുന്നതിന് തുല്യമാണ്.
ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഗൗരവത്തോടെ കാണുന്നില്ല. തന്നെ വഴി നടക്കാന്‍ അനുവദിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. 15 ദിവസമായി എന്നും പൊതുവേദികളിലുണ്ട്. താന്‍ ഒരു സ്ഥലത്തും ഇരുന്നിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ ആരും ചര്‍ച്ചയ്ക്ക് തയാറാകുന്നില്ല. അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ പരിഹരിക്കാന്‍ പരസ്പരം ഇരുന്നുള്ള ചര്‍ച്ച വേണം. രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുന്നവരെ ചര്‍ച്ചയ്ക്കായി അകത്തേക്ക് വിളിച്ചു. ആരും വരുന്നില്ല. കോഴിക്കോട് താമസിക്കുമ്പോള്‍ അതിന് മുന്നില്‍ പ്രതിഷേധിച്ചവരേയും വിളിച്ചു. ആരും വരാതിരുന്നപ്പോള്‍ അവരുടെ അടുത്തേക്ക് ചെന്നു. അപ്പോള്‍ അവരെല്ലാം ഓടിപ്പോയി. ഈ നിയമം ലോകത്തും രാജ്യത്തുമുള്ള ഒരു മലയാളിക്കും പ്രശ്നമാകില്ലെന്ന് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരള നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോണ്‍ഗ്രസ്സിന്റെ നിര്‍ദേശ പ്രകാരമാണെന്ന് കോട്ടയത്ത് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്നത് ശരിയല്ല. നിയമം സംബന്ധിച്ച എതിര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തെ അറിയിക്കാം. നിയമസഭയെ അതിന് ഉപയോഗിക്കരുത്. നിയമം വിട്ട് പ്രവര്‍ത്തിച്ചാല്‍ അത് ചട്ടലംഘനമാണ്. നിയമം വിട്ട് ഒന്നും പാസാക്കാന്‍ സഭകള്‍ക്ക് അധികാരമില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കണം എന്ന പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.
തന്നെ വിമര്‍ശിക്കുന്ന ജനപ്രതിനിധികള്‍ തിരിക്കിനിടെയില്‍ ഭരണഘടന വായിക്കണം. ഈ കേരളത്തില്‍ താന്‍ സ്വതന്ത്രനായി നടക്കും. നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കുക തന്റെ കടമയാണ്. രാഷ്ടപതിയേയും ഗവര്‍ണറേയും എതിര്‍ക്കുന്നത് ക്രിമനല്‍ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: