ജ്ഞാനപീഠത്തിന് അക്കിത്തം പുരസ്കാരം’ ലഭിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഒരു പുരസ്കാരം അതിന്റെ യഥാര്‍ത്ഥ അവകാശിയിലേക്ക് എത്തിയതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട് ആ പ്രസ്താവത്തില്‍. വൈകിയോ ജ്ഞാനപീഠം എന്ന ചോദ്യത്തിന് മഹാകവിയുടെ മറുപടി ഏയ് ഇല്ല, ഇതാണ് സമയം എന്ന വിനയമായിരുന്നെങ്കിലും ‘ജ്ഞാനരഹിതപീഠ’ത്തിന്റെ ഉത്തരം അതായിരിക്കാന്‍ ഇടയില്ല. ദുസ്സഹമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നടുവില്‍ നിന്ന് നിരുപാധികസ്നേഹത്തിന്റെയും മഹാകാരുണ്യത്തിന്റെയും ദര്‍ശനത്തെക്കുറിച്ച് പാടിയ നിസ്വനായ ഒരു കവിയുടെ, മഹാഭാഗവതകാരന്റെ ജ്ഞാനപീഠലബ്ധിയോടെ ഇടക്കാലത്ത് ആ പുരസ്കാരം നേരിട്ട അവമതിപ്പ് മാറുകയും അതിന് മുമ്പെങ്ങുമില്ലാത്ത പ്രൗഢി കൈവരുകയും ചെയ്തു എന്നതാണ് 2019ന്റെ നീക്കിയിരുപ്പ്.
കുറുനരികള്‍ കൂവിയാര്ത്തില്ല എന്നല്ല. സൂര്യശോഭയാര്‍ന്ന ആ പുരസ്കാരലബ്ധിയില്‍ അത് വലിയ ചര്‍ച്ചയായില്ല എന്ന് കരുതിയാല്‍ മതി. കക്ഷിരാഷ്ട്രീയത്തിന്റെ ഉച്ഛിഷ്ടം തിന്ന് ഉപജീവിക്കുന്ന ചിലര്‍ അക്കിത്തത്തിന്റെ യോഗ്യത അളക്കാന്‍ വിഫലമായ പരിശ്രമം നടത്തി. എന്നാല്‍ മാറുന്ന കേരളം അതിനെ അവഗണിച്ചുകളഞ്ഞു. സിവിക് ചന്ദ്രനെപ്പോലെയുള്ള മുന്‍നിരക്കാര്‍തന്നെ ആ അല്പബുദ്ധികള്ക്ക് മറുപടി നല്കി നാവടക്കിയിരുന്നുകൊള്ളാന് മുന്നറിയിപ്പ് നല്കി. ചുവപ്പന്‍ സാംസ്കാരിക അധിനിവേശത്തിന്റെ പഴയ കാലത്ത് സംഭവിക്കാത്ത തിരുത്തായിരുന്നു അത്. അത്തരം തിരുത്തുകള്‍ കേരളത്തില്‍ ഇപ്പോള്‍ അടിക്കടി ഉണ്ടാകുന്നു എന്നത് ശുഭകരമാണ്.
വയലാര്‍ അവാര്‍ഡ് നിര്‍ണയസമിതിയില്‍ നിന്ന് മുതിര്‍ന്ന എഴുത്തുകാരന് എം.കെ. സാനു രാജിവെച്ചതും അത്തരമൊരു പ്രതികരണത്തിന്റെ ഭാഗമായാണ്. അവാര്‍ഡ് നിര്‍ണയത്തിന് ബാഹ്യ ഇടപെടലുണ്ടായി എന്ന ഗുരുതരമായ ആരോപണമുന്നയിച്ചാണ് വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്മാന് പദവിയില്‍ നിന്ന് അദ്ദേഹം രാജി വെച്ചത്. ഒരു മാര്‍ക്സിസ്റ്റ് അനുഭാവിയായ മലയാളം അദ്ധ്യാപകന്റെ ആത്മകഥയ്ക്ക് അവാര്‍ഡ് നല്‍കണമെന്ന സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു സാനുവിന്റെ പൊട്ടിത്തെറി. ഒരു തുള്ളി പോലും സര്‍ഗാത്മകത ഇല്ലാത്ത ഒരു സൃഷ്ടിക്ക് അവാര്‍ഡ് നല്‍കുന്നതിനെ വിയോജിച്ചുകൊണ്ട് പുറത്തുപോകുന്നതില്‍ തനിക്ക് സമ്പൂര്‍ണ സംതൃപ്തിയാണെന്നാണ് എം.കെ. സാനു അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വലിയ ഒച്ചപ്പാടുണ്ടാക്കേണ്ടിയിരുന്ന ഈ കലാപം പക്ഷേ കെട്ടടങ്ങി. അതിന് പ്രധാന കാരണം കേരളത്തിന്റെ പരിസരം നവോത്ഥാനത്തിന്റെ മറവില്‍ ഒളിച്ചുകടത്തപ്പെടുന്ന അരാജകത്വത്തിന്റെയും സദാചാരവിരുദ്ധയുടെയും പിടിയിലായിക്കഴിഞ്ഞിരുന്നു എന്നതാണ്. 2019ന്റെ ജനുവരി പുലര്‍ന്നത് തന്നെ അത്തരം വൃത്തികേടുകളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു. വനിതാമതിലും പാതിരയിലെ മലകയറ്റവുമൊക്കെക്കൂടി ആഭാസവും അശ്ലീലവുമാണ് കേരളത്തിന്റെ മുഖമുദ്ര എന്ന് ലോകത്തോട് വിളിച്ചുപറയുന്നതായിരുന്നു. കൊച്ചിയില്‍ ഉയര്‍ന്ന ആര്‍ത്തവാഘോഷത്തിന്റെ പ്രവേശനകവാടമായിരുന്നു പ്രധാന അശ്ലീല നിര്‍മ്മിതി. ആര്‍ത്തവ കവാടത്തിന് കീഴില്‍ ഇന്ത്യന്‍ ഭരണഘടനയും, ആ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുമെന്ന പ്രഖ്യാപനവുമൊക്കെക്കൂടി കേരളീയസംസ്കാരം വല്ലാതെ തലകുനിച്ചുനില്‍ക്കേണ്ട സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.
അതിനുപിന്നാലെയാണ് കെ.കെ. സുഭാഷ് വരച്ച കാര്‍ട്ടൂണ്‍ വിവാദക്കൊമ്പത്തേറിയത്. ലളിതകലാ അക്കാദമി സുഭാഷിന്റെ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോഴിയായി ചിത്രീകരിച്ചു, അങ്ങോരുടെ അംശവടിയില്‍ അടിവസ്ത്രം തൂക്കി, പോരാഞ്ഞ് പാര്‍ട്ടിയിലെ ചങ്ക് ബ്രോ പി.കെ. ശശിക്ക് കോഴിത്തൂവല്‍ കൊണ്ട് കിരീടം ചാര്‍ത്തി തുടങ്ങിയ ഘോരാപരാധങ്ങളൊക്കെയാണ് കാര്‍ട്ടൂണിസ്റ്റിനെതിരെ ഉയര്‍ത്തിയത്. കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ട് ‘പോടാ പുല്ലേ’ എന്ന മട്ടില്‍ ഒരു ആട്ടിടയന് അംശവടിയുമേന്തി നടന്നപ്പോള്‍ തോന്നാത്ത മാനക്കേടും വ്രണം പൊട്ടലുമൊക്കെയാണ് നാല് കോഴിത്തൂവല്‍ കണ്ടപ്പോള്‍ കത്തോലിക്കാസഭയ്ക്കും, സഭയുടെ വോട്ടുബാങ്ക് നോക്കി നാവുനുണയുന്ന ഇടതുവലതു നേതാക്കന്മാര്ക്കും ഉണ്ടായത്. അവാര്‍ഡ് തീരുമാനം പുനഃപരിശോധിക്കുമെന്നുവരെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് പറയേണ്ടി വന്നു.
സദാചാരവിരുദ്ധതയുടെ പേരില്‍ പ്രതിക്കൂട്ടിലായ ക്രൈസ്തവസഭയും ബിഷപ്പുമാരുമൊക്കെക്കൂടി ഒരു പുസ്തകത്തിനെതിരെ രംഗത്തുവന്നതും കടന്നുപോകുന്ന വര്‍ഷത്തിന്റെ ബാക്കിപത്രമാണ്. എതിര്പ്പൊന്ന് കൊണ്ട് മാത്രം ബെസ്റ്റ് സെല്ലര്‍ പട്ടികയിലിടം പിടിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ‘കര്‍ത്താവിന്റെ പേരില്‍’ എന്ന പുസ്തകമാണ് വിവാദമായത്. പള്ളിഅരമനകളിലെ പീഡനങ്ങള്‍ തുറന്നു പറയുന്നു എന്നതായിരുന്നു വിവാദത്തിന് കാരണം. അതിനുമപ്പുറമുള്ള കാരണം ആ പുസ്തകം പിറന്ന സാഹചര്യമായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ച സഭാ നേതൃത്വത്തിനെതിരെ കേരളത്തില്‍ നടന്ന ‘കന്യാസ്ത്രീ വിപ്ലവത്തിന്റെ’ തുടര്‍ച്ച എന്നതാണ് കര്‍ത്താവിന്റെ പേരില്‍ എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കിയത്.
വര്‍ഷം തീരുന്നത് യുവതാരം ഷെയ്ന് നിഗം മുടി മുറിച്ചതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുടലെടുത്ത തര്‍ക്കം കണ്ടും കേട്ടുമാണ്. ഒരു മുടിനാരിന്റെ പോലും വിലയില്ലാത്ത പ്രശ്നങ്ങള്‍ ആഘോഷമാക്കുന്ന മാധ്യമവേദികളാണ് സൃഷ്ടിയും സംഹാരവും നടത്തുന്നത്. കെട്ടുകഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ച്, കലാപം ഉണ്ടാക്കി, അതിന്റെ ഹര്‍ത്താലുകളും സംഘര്‍ഷം സൃഷ്ടിച്ച്, വാര്‍ത്തയാക്കി റേറ്റിങ് ഉണ്ടാക്കുന്ന പുതിയ കലാവിദ്യയുടെ അവതാരകരാണ് സാംസ്കാരികവിവാദങ്ങള്ക്കും അവകാശികള്‍. സംവാദത്തിന് ഇടം തീരെ നഷ്ടമായ ഒരു ലോകമാണ് നമുക്ക് ചുറ്റും. ജാതിയും മതവും കക്ഷി രാഷ്ട്രീയവും ഭരിക്കുമിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: