ഒരു കുട്ടിയുടെ ബാല്യത്തില്‍ തന്നെ പിതാവു മരിച്ചു. അമ്മയ്ക്ക് ഒരേയൊരു മകന്.ധനവും കണക്കിലധികം. കുട്ടി വലുതായി വരും തോറും അവനില്‍ പല ദുഃസ്വഭാവങ്ങളും കൂടി. കുളത്തില്‍ വെള്ളം ധാരാളം ഉള്ളപ്പോള്‍ തവളകള്‍ ധാരാളം വന്നുകൂടി ശബ്ദമുണ്ടാക്കും. വെള്ളം വറ്റാന്‍ തുടങ്ങിയാല്‍ അവയെല്ലാം എവിടെ പോകുന്നു എന്നു പോലും പറയാതെ പിരിഞ്ഞു പോകും. അതുമാതിരി ഈ കുബേരകുമാരന്റെ ചുറ്റും ധാരാളം ദുഷ്ടപരിഷകള് അയാളുടെ ധനത്തിനായി കൂട്ടുകൂടി അവനെ വളരെ വഷളാക്കി.
നിത്യേന അവന് അമ്മയുടെ അരികില്‍ വന്ന് പണം തരുന്നത് തികയുന്നില്ല, കൂടുതല്‍ വേണം എന്ന് കലശല് കൂട്ടാന്‍ തുടങ്ങി. ഈ വഴക്കും ബഹളവും അതിന്റെ എല്ലാ അതിരുകളും കടന്ന്, നിത്യശണ്ഠയും അതിരുകടന്ന ബഹളവുമായി കലാശിച്ചു. അമ്മയ്ക്ക് മകനോടുള്ള സ്നേഹം തീരെ നശിച്ചു. വെറുപ്പു തുടങ്ങി. എന്തു ചെയ്യാം മകന്റെ കാര്യം അതിലും കഷ്ടം. അമ്മയോട് യാതൊരു സ്നേഹവുമില്ലാതെയായി. അമ്മയെ കാണാന്‍ തന്നെ അയാള്‍ക്ക് ഇഷ്ടമില്ലാതെയായി. ഇത്തരം കുലദ്രോഹിയായ ഒരു മകന് ജീവിച്ചിരിക്കുന്നതിനേക്കാള്‍ അവന് നശിച്ചു പോകുന്നത് തന്നെ നല്ലത് എന്നു തോന്നിത്തുടങ്ങിയ മാതാവ് അവനെ ശരിപ്പെടുത്താന്‍ ഒരു വഴി കണ്ടുപിടിച്ചു.
അതേ സമയം, തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ അതിന് എതിരു നില്ക്കുന്ന മാതാവ് തന്റെ ശത്രുവാണ്, ആ ശത്രു ജീവിച്ചിരിക്കുമ്പോള്‍ തനിക്കൊന്നും സാധിക്കുകയില്ല എന്നു മനസ്സിലാക്കിയ മകനും അമ്മയുടെ കാലം അവസാനിപ്പിക്കാന്‍ പദ്ധതി തയാറാക്കി. അമ്മ തനിക്ക് ആഹാരം വിളമ്പുന്ന തക്കം നോക്കി ഒരു വലിയ ഇരുമ്പു വടികൊണ്ട് അവരുടെ തലയില്‍ ഒരു അടി കൊടുത്തു. അതു തന്നെയായിരുന്നു മകന്റെ കഥകഴിക്കാന്‍ അമ്മ നിശ്ചയിച്ചുറപ്പിച്ച സമയവും. ആഹാരത്തില്‍ അവര്‍ വിഷം കലര്‍ത്തിയിരുന്നു. അമ്മ അടികൊണ്ട് ബോധം കെട്ട ഉടനെ മകന് വേഗം ആഹാരവും കഴിച്ച് വീടിനു വെളിയില്‍ പോകാന്‍ ശ്രമിച്ചു. പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കകം, അവനും അവിടെ മരിച്ചു വീണു.
ഇതാണ് ധനം അമ്മയ്ക്കും മകനും നേടിക്കൊടുത്തത്. ധനം നിമിത്തം അവര്‍ തമ്മിലുള്ള സ്നേഹം കുറഞ്ഞ് പരസ്പരം വെറുപ്പ് വളരാന്‍ കാരണമായി. ധനം മാത്രമല്ല ഈ പതനത്തിനു കാരണം. അവനവന്റെ ആവശ്യത്തിനുള്ളപണം കഴിഞ്ഞ് അധികമുള്ള ധനം പരോപകാരത്തിനായി ചെലവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: