തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദിയുരപ്പയ്ക്കു നേരെ ആക്രമണമുണ്ടായതിന് പിന്നില്‍ സംസ്ഥാന പോലീസ്. സ്പെഷ്യല്‍ ബ്രാഞ്ച് യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. ഇതര സംസ്ഥാന മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നാല്‍ സുരക്ഷ നല്‍കുന്നതും റൂട്ട് നിശ്ചയിക്കുന്നതും സമയം തീരുമാനിക്കുന്നതുമെല്ലാം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗവും സെക്യൂരിറ്റി ചുമതലയുള്ള എസ്പിയുമാണ്. ഇതിലെ സെക്യൂരിറ്റി വിഭാഗത്തിനാണ് റൂട്ട് നിര്‍ണയത്തിന്റെ പൂര്‍ണച്ചുമതല.
സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ജനങ്ങള്‍ക്ക് യാതൊരു കാരണവശാലും യാത്രാ റൂട്ടിന്റെ വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ഇക്കാര്യത്തില്‍ പൂര്‍ണ വീഴ്ചയാണ് സ്പെഷ്യല്‍ ബ്രാഞ്ചിനുണ്ടായത്. അവര്‍ തന്നെയാണ് അക്രമികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്ന് പോലീസിലെ ഒരു വിഭാഗം പറയുന്നു. 23 ന് രാത്രി തന്നെ യെദിയുരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധമുണ്ടായി. ഇന്നലെ രാവിലെ വിമാനത്താവളത്തിലും സുരക്ഷാ വീഴ്ചയുണ്ടായി. യൂത്ത് കോണ്‍ഗ്രസുകാര്‍ വാഹനത്തിന് അടുത്തു വരെയെത്തി. എന്നിട്ടും കണ്ണൂരിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗം നിര്‍ദേശിച്ചില്ല.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാടായിക്കാവിലേക്കും വൈകിട്ട് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കും പോകുന്ന വിവരം പോലീസിന് മാത്രമാണ് അറിവുണ്ടായിരുന്നത്. സ്വകാര്യ സന്ദര്‍ശനമായിരുന്നതിനാല്‍ അദ്ദേഹം തിരുവന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്ന സമയം പോലും തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞത് അദ്ദേഹം എത്തുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പാണ്.
എന്നാല്‍ കണ്ണൂരില്‍ വിമാനമിറങ്ങുന്ന സമയം മുതല്‍ പോകുന്ന റൂട്ട് പോലും പ്രതിഷേധക്കാര്‍ക്ക് ലഭിച്ചു. മാടായിക്കാവിലേക്ക് പോകാന്‍ നിരവധി വഴിയുണ്ടെങ്കിലും രാവിലെ മുതല്‍ പഴയങ്ങാടിയില്‍ എസ്എഫ്ഐ-യൂത്ത്കോണ്‍ഗ്രസ്സുകാര്‍ നിലയുറപ്പിച്ചിരുന്നു. ഒപ്പം ചില മാധ്യമ പ്രവര്‍ത്തകരും. എന്നിട്ടും ഈ വിവരം സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തില്ല. റൂട്ട് മാറ്റാനോ അക്രമികളെ നീക്കാനോ നടപടി സ്വീകരിച്ചില്ല. യെദിയുരപ്പ സമീപത്തെ പോലീസ് സ്റ്റേഷന് പരിധി കടന്ന വിവരം പോലും പ്രതിഷേധക്കാര്‍ക്ക് ചോര്‍ത്തി നല്കി. ഇതനുസരിച്ചാണ് അക്രമികള്‍ വാഹനത്തിനു നേരെ ചാടിവീണത്. മാത്രമല്ല എസ്കോര്‍ട്ട് വാഹനം നിര്‍ത്തി കൊടുത്ത് അക്രമികളെ സഹായിച്ചു.
തിരക്കുള്ള സ്ഥലമായിട്ടുപോലും പോലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചില്ല. അക്രമികള്‍ ചാടിവീണ ശേഷമാണ് പോലീസ് എത്തിയത്. ഇതെല്ലാം നടപ്പായത് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു ചോര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പോലീസുകാര്‍ തന്നെ സമ്മതിക്കുന്നു. നേരത്തെ കേരള മുഖ്യമന്ത്രിയുടെ റൂട്ട് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഒരു സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: