കണ്ണൂര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന അമൃത് (അടല്‍ മിഷന് ഫോര്‍ റീജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്സ്ഫര്മേഷന്) പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 5000 വീടുകളില്‍ സൗജന്യമായി വാട്ടര്‍ കണക്ഷന് നല്‍കും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷയയില് ചേര്‍ന്ന ഉന്നതാധികാരസമിതിയിലാണ് തീരുമാനം.
കോര്പ്പറേഷനാക്കുന്നതിന് കണ്ണൂര്‍ മുനിസിപ്പാലിറ്റിയോട് കൂട്ടിച്ചേര്‍ത്ത പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, എടക്കാട് മേഖലകളില്‍ അമൃത് പൈപ്പ് കടന്നുപോകുന്ന റോഡുകളുടെ ഇരുവശത്തുമുള്ളവര്ക്കാണ് സൗജന്യ കണക്ഷന് നല്‍കുക. റോഡില്‍നിന്ന് അഞ്ചുമീറ്റര്‍ അടുത്ത് വീടുള്ളവര്ക്കാണ് സൗജന്യം കണക്ഷന്. പൈപ്പ് കടന്നുപോകുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ആവശ്യക്കാര്‍ക്കും പദ്ധതി വഴി വെള്ളം ലഭ്യമാക്കും. ഇതോടെ കണ്ണൂര്‍ നഗരത്തിലെയും കോര്‍പ്പറേഷന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്ത മുന്‍ പഞ്ചായത്തുകളിലെയും കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
വെളിയമ്പ്രയില്‍ പഴശ്ശി പദ്ധതിയിലെ ജല ശുദ്ധീകരണപ്ലാന്റിന്റെ ശേഷി 30 ലക്ഷം ലിറ്ററില്‍നിന്ന് 40 ലക്ഷം ലിറ്ററായി ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തി 80 ശതമാനം പൂര്‍ത്തിയായി. മാങ്ങാട്ടുനിന്ന് പഴശ്ശിയിലെ വെള്ളം കണ്ണൂരിലെത്തിക്കുന്നതിന് പൈപ്പ്ലൈന് നിര്‍മാണം പൂര്‍ത്തിയായി. പള്ളിക്കുന്നിലേക്കും പുഴാതിയിലേക്കുമായി 24 ലക്ഷം ലിറ്ററിന്റെ ഒരു ടാങ്ക് പള്ളിക്കുന്നിലും എടക്കാട്ടേക്കും എളയാവൂരിലേക്കുമായി എടക്കാട് അഭയനികേതനടുത്ത് 14 ലക്ഷം ലിറ്ററിന്റെയും സംഭരണി തയ്യാറാക്കി. പള്ളിക്കുന്ന്, പുഴാതി മേഖലയില്‍ 30 കിലോമീറ്ററോളം സ്ഥലത്ത് പൈപ്പിടാന്‍ ബാക്കിയുണ്ട്. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമമനുഭവിക്കുന്ന എടക്കാട്ടും എളയാവൂരുമായി 160ഓളം കിലോമീറ്റര്‍ പൈപ്പിടല്‍ ബാക്കിയുണ്ട്. ഇത് രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി നടക്കും.
പള്ളിക്കുന്നില്‍ സൂപ്രണ്ട് ഗേറ്റ് മുതല്‍ കൊയിലി ആശുപത്രി വരെയുള്ള ഭാഗത്ത് ദേശീയ പാതയോരത്ത് പൈപ്പിടാന്‍ ബാക്കിയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം മാര്‍ച്ച് 31നകം ഉദ്ഘാടനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: