ആഹ്ലാദകരമായ വ്യക്തിത്വവും ആംഗലഭാഷാ പ്രാവീണ്യവുമുള്ള ഊര്‍ജ്ജസ്വലരായ യുവതീയുവാക്കള്‍ക്ക് ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്മെന്റ് മേഖലകളിലും മറ്റും ജോലി നേടാന്‍ അനുയോജ്യമായ പാഠ്യപദ്ധതിയാണ് ബിഎസ്സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് (ബിഎസ്സി-എച്ച്എച്ച്എ). കോഴ്സിന്റെ നിയന്ത്രണം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റിനാണ്.
ഇന്ത്യയൊട്ടാകെ 73 ഹോട്ടല്‍ മാനേജ്മെന്റ് ഇന്സ്റ്റിറ്റ്യൂട്ടുകളിലായാണ് ‘ബിഎസ്സി-എച്ച്എച്ച്എ’ കോഴ്സ് നടത്തുന്നത്. ഇഗ്നോയുമായി അഫിലിയേഷനുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇരുപത്തിയൊന്നും വിവിധസംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഇരുപത്തിയാറും പൊതുമേഖലയില്‍ ഒന്നും സ്വകാര്യ മേഖലയില്‍ ഇരുപത്തിയഞ്ചും ഇന്‍സ്റ്റിറ്റ്യൂട്ടുകളാണുള്ളത്. ആകെ ഒന്‍പതിനായിരത്തോളം സീറ്റുകളിലാണ് പ്രവേശനം.
കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഏക ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് കോവളത്താണ് (www.ihmctkovalam.ac.in)സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് വെസ്റ്റ് ഹില്‍സ്, കോഴിക്കോട്. സ്വകാര്യ മേഖലയില്‍ മൂന്നാര്‍ കാറ്ററിങ് കോളജും വയനാട് ലക്കിടിയില്‍ ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റുമുണ്ട്.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ബെംഗളൂരു, ചണ്ഡിഗഢ്, ചെന്നൈ, ഗാന്ധിനഗര്‍, ഗോവ, ഗുരുദാസ്പൂര്‍, ഗുവാഹട്ടി, ഗ്വാളിയര്‍, ഹാജിപൂര്‍, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്നൗ, മുംബൈ, ന്യൂദല്‍ഹി, ഷില്ലോങ്, ഷിംല, ശ്രീനഗര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ്. ആകെ 4988 സീറ്റുകളുണ്ട്.
ആറ് സെമസ്റ്ററുകളായുള്ള മൂന്ന് വര്‍ഷത്തെ ഈ റഗുലര്‍ കോഴ്സിലൂടെ അതിഥി സല്‍ക്കാരവും ഹോട്ടല്‍ ഭരണ നിര്‍വഹണവും പഠിക്കാം. ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ വ്യവസായ മേഖലയ്ക്കാവശ്യമായ മികച്ച എക്സിക്യൂട്ടീവ്/മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് ‘ബിഎസ്സി’ എച്ച്എച്ച്എ കോഴ്സിന്റെ ലക്ഷ്യം.
എന്സിഎച്ച്എംജെഇഇ 2020: ഇന്ത്യയിലെ 73 അംഗീകൃത ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്ന 2020 വര്‍ഷത്തെ ‘ബിഎസ്സി എച്ച്എച്ച്എ’ കോഴ്സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സംയുക്ത പ്രവേശന പരീക്ഷ (എന്സിഎച്ച്എംജെഇഇ 2020) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25ന് ദേശീയ തലത്തില്‍ നടത്തും. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. ന്യൂമെറിക്കല്‍ എബിലിറ്റി & അനലിറ്റിക്കല്‍ ആപ്ടിട്യൂഡ്, റീസണിങ് & ലോജിക്കല്‍ ഡിഡക്ഷന്, ജനറല്‍ നോളഡ്ജ് & കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് ലാംഗുവേജ് ആപ്ടിട്യൂഡ് ഫോര്‍ സര്‍വീസ് സെക്ടര്‍ എന്നിവയില്‍ അറിവ് പരിശോധിക്കുന്ന ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും. മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും.
കഴിഞ്ഞവര്‍ഷത്തെ (എന്‍സിഎച്ച്എം ജെഇഇ 2019) സംയുക്ത പ്രവേശന പരീക്ഷയ്ക്ക് 30722 പേര് രജിസ്റ്റര്‍ ചെയ്തതില്‍ 25473 പേര് പരീക്ഷയില്‍ പങ്കെടുത്തു. ഇന്ത്യയിലെ 47 നഗരങ്ങളിലായി നൂറോളം പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. പരീക്ഷാര്‍ത്ഥികള്‍ക്കായി 4200 ടെസ്റ്റ് പ്രാക്ടീസിങ് സെന്ററുകളില്‍ സൗജന്യ പരിശീലനം നല്കി. ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റ് സൗകര്യവും ലഭ്യമാക്കി. ഇപ്പോള്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
ഭാരതീയര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം പ്രവേശന പരീക്ഷ അഭിമുഖീകരിക്കാം. ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ www.ntanchm.nic.in ജനുവരി ഒന്നിന് സജ്ജമാകും. വിശദവിവരങ്ങളടങ്ങിയ എന്സിഎച്ച്എംജെഇഇ2020 ഔദ്യോഗിക വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറും ഡിസംബര്‍ അവസാനം വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. അതിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വേണം അപേക്ഷിക്കേണ്ടത്.
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും, 2020 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ‘എന്സിഎച്ച്എംജെഇഇ2020’ ല്‍ പങ്കെടുക്കാം. അപേക്ഷ ഓണ്‍ലൈനായി ജനുവരി ഒന്നു മുതല്‍ സമര്‍പ്പിക്കാവുന്നതാണ്.
പഠനവിഷയങ്ങള്‍: ഫുഡ് പ്രൊഡക്ഷന്‍ മാനേജ്മെന്റ്, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, അക്കോമഡേഷന്‍ മാനേജ്മെന്റ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്.
ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഹൗസ് കീപ്പിങ്, ഹോട്ടല്‍ അക്കൗണ്ടന്‍സി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി, ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിങ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ടൂറിസം മാര്‍ക്കറ്റിങ്, ടൂറിസം മാനേജ്മെന്റ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. തിയറിയും പ്രാക്ടിക്കലുമുണ്ടാവും. ആറ് സെമസ്റ്ററുകളായുള്ള മൂന്ന് വര്‍ഷത്തെ റഗുലര്‍ കോഴ്സാണിത്. നിലവില്‍ മൂന്ന് ലക്ഷത്തോളമാണ് കോഴ്സ് ഫീസ്. നിരക്കില്‍ മാറ്റങ്ങളുണ്ടാകാം.
തൊഴില്‍ സാധ്യത: പഠിച്ചിറങ്ങുന്നവര്‍ക്ക് വിപുലമായ തൊഴില്‍ മേഖലകളാണുള്ളത്. നക്ഷത്ര ഹോട്ടലുകള്‍/അനുബന്ധ ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയില്‍ മാനേജ്മെന്റ്/എക്സിക്യൂട്ടീവ് ട്രെയിനിയായും, ഫ്ളൈറ്റ് കിച്ചന്, ഇന്ത്യന്‍ നേവി ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ഷിപ്പിങ് ആന്‍ഡ് ക്രൂയിസ് ലൈന്‍സ്, ടൂറിസം, റിസോര്‍ട്ട് മുതലായ മേഖലകളില്‍ സൂപ്പര്‍വൈസറി തസ്തികകളിലും തൊഴിലവസരങ്ങള്‍ ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് ഹോട്ടല്‍ വ്യവസായം ഉള്‍പ്പെടെയുള്ള സ്വയംതൊഴില്‍ സംരംഭങ്ങളിലേര്പ്പെടാം.
ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അദ്ധ്യാപകരാകുന്നതിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ‘ബിഎസ്സി എച്ച്എച്ച്എ’ ബിരുദമെടുത്ത് നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് എഴുതി യോഗ്യത നേടണം. എംഎസ്സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷനില്‍ ഉപരിപഠനവുമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: