കട്ടക്ക്: ആദ്യം തോറ്റു, പിന്നെ ജയിച്ചു. നിര്‍ണായകമായ മൂന്നാമത്തേത് തോല്‍ക്കുമെന്ന പ്രതീതി ഉണ്ടാക്കി വിജയിച്ചു. ആവേശം വാരിവിതറിയ കളിയില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. രോഹിത്തിനും കോഹ്ലിക്കും ജഡേജക്കും ഒപ്പം അവസാന നിമിഷം ഇന്ത്യയുടെ വിജയശില്‍പ്പിയായ ശാര്‍ദുല്‍ താക്കൂറിനും സല്യൂട്ട്. 316 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ സ്വപ്ന തുടക്കമാണ് നല്‍കിയത്. അര്‍ധസെഞ്ചുറിയോടെ മുന്‍നിര ബാറ്റ്സ്മാന്മാര് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. രോഹിത് ശര്‍മ 63 പന്തില്‍ 63 റണ്‍സ് നേടി.
കെ.എല്‍. രാഹുല്‍ 89 പന്തില്‍ 77 റണ്‍സ് എടുത്തു. നായകന് വിരാട് കോഹ്ലി 81 പന്തില്‍ 85 റണ്‍സ് നേടി ഇന്ത്യന്‍ സ്കോര്‍ മുന്നോട്ടു നയിച്ചു. ഇളകുന്ന മധ്യനിരയാണ് ഇത്തവണയും ഇന്ത്യക്ക് വിനയായത്. ശ്രേയസ് അയ്യരും ഋഷഭ് പന്തും ഏഴ് റണ്‍സ് വീതം എടുത്ത് കൂടാരം കയറി. കേദാര്‍ ജാദവിനും രണ്ടക്കം കടക്കാനായില്ല. വാലറ്റത്ത് ശാര്‍ദുല്‍ താക്കൂറിനെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയപോരാട്ടം അവസാനം ലക്ഷ്യത്തിലെത്തിച്ചെന്ന് പറയാം. ജഡേജ 26 പന്തില്‍ നിന്ന് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. താക്കൂര്‍ ആറ് പന്തില്‍നിന്ന് 17 റണ്‍സ് നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. വിന്‍ഡീസിനായി കീമോ പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ വിന്‍ഡീസ് അമ്പതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി. നായകന് കീറന്‍ പൊള്ളാര്‍ഡിന്റെയും നിക്കോളാസ് പൂരന്റെയും മികവിലാണ് വിന്‍ഡീസ് മികച്ച സ്കോറിലെത്തിയത്. ഓപ്പണര്‍മാരായ എവിന്‍ ലൂയിസ് 21നും ഷായ് ഹോപ്പ് 42 റണ്‍സിനും പുറത്തായി. റോസറ്റണ് ചെയ്സ് 38 റണ്‍സ് നേടി പുറത്തായി. ഷിമ്രോണ്‍ ഹേറ്റ്മയര്‍ 37 റണ്‍സ് എടുത്തു. നാല് വിക്കറ്റിന് 144 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ വിന്‍ഡീസിനെ പൊള്ളാര്‍ഡ്-പൂരന് സഖ്യം കരകയറ്റുകയായിരുന്നു. പൂരന് 64 പന്തില്‍ മൂന്ന് സിക്സും പത്ത് ഫോറും സഹിതം 89 റണ്‍സ് നേടി. നായകന് കീറണ്‍ പൊള്ളാര്‍ഡ് 51 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും സഹിതം 74 റണ്‍സ് നേടി പുറത്താകാതെനിന്നു. ഇന്ത്യക്കായി അരങ്ങേറ്റക്കാരന്‍ നവദീപ് സയ്നി രണ്ട് വിക്കറ്റ് വീഴ്ത്തി. ഫാസ്റ്റ് ബൗളര്‍ ശാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: