പൗരത്വ ഭേദഗതി നിയമത്തിലെ ഒരു വകുപ്പില്‍ പോലും ഇന്ത്യയിലെ മുസ്ലിം ജനസമൂഹത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. അവരുടെ അവകാശത്തിന്മേല് കൈവെയ്ക്കുന്ന ഒന്നും ആ നിയമത്തിലില്ല. ഈ കാര്യം മുസ്ലിം ലീഗ് നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുള്ളതും മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. നിയമത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ പുറത്തുപോകേണ്ടിവരില്ല. (കാന്തപുരം മാതൃഭൂമി 16) എന്നിട്ടും നിഷ്കളങ്കരായ മുസ്ലീം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അവരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന മട്ടില്‍ സംഘടിതമായ ദുഷ്പ്രചാരണം നടത്തുന്നു. വിദ്യാസമ്പന്നരായ മുസ്ലിം വിഭാഗം പോലും ഈ രീതിയില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു.
പൗരത്വം ഇന്ത്യന്‍ ഭരണഘടനയുടെ ആറ് മുതല്‍ ഒന്‍പത് വരെയുള്ള അനുച്ഛേദങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ നിര്‍ണയിക്കേണ്ടതാണ്. ഇപ്പോള്‍ പൗരത്വമില്ലാത്തവര്ക്കെ ആ അനുച്ഛേദങ്ങള്‍ ബാധകമാവുകയുള്ളൂ എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇല്ലാത്ത പൗരത്വം നേടിയെടുക്കുന്നവരെക്കുറിച്ചാണ് ഭരണഘടനയുടെ രണ്ടാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. പൗരത്വം നല്‍കണമോ വേണ്ടയോ എന്നത് അന്തിമമായി തീരുമാനിക്കുന്നതിന് നിലവിലുള്ള പൗരത്വ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് അനുമതി നല്കിയിരിക്കുന്നു.
പൗരത്വം നേടാനുള്ള അവകാശം നിയമാവകാശമോ മൗലികാവകാശമോ അല്ല. ഇത് വ്യക്തമാക്കിക്കൊണ്ട് നിരവധി വിധികളാണ് നമ്മുടെ ബഹുമാനപ്പെട്ട സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ളത്. 1947 മാര്‍ച്ച്-1 നു ശേഷം ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാന് പ്രദേശത്ത് കുടിയേറി പാര്ത്തെങ്കില് അവരെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കുവാന്‍ സാധിക്കുകയില്ല. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. പൗരത്വം ഒരു മൗലികാവകാശമല്ല. നിയമപ്രകാരമുള്ള അവകാശം കൂടിയല്ല. കാരണം ഒരു വിദേശിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമോ ഇല്ലയോ എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരമാധികാരത്തില്‍പ്പെട്ടതാണ്. ഇപ്പോള്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ത്തിയിട്ടുള്ള പ്രധാനവാദം അത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ്. പതിനാലാം അനുച്ഛേദം ഇന്ത്യക്കകത്തുള്ള വിവേചനം നിഷിദ്ധമാക്കുന്നുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ ഇന്ത്യക്കകത്ത് താമസിക്കാനോ പ്രവേശിക്കാനോ പോലും അവകാശമില്ലാത്ത ആള്‍ക്ക് 14-ാം അനുച്ഛേദം എങ്ങനെ ബാധകമാക്കും?
1971 മുതല്‍ കോടിക്കണക്കിന് (രണ്ടര ദശലക്ഷം എന്നാണ് ഏകദേശ കണക്ക്). നിയമവിരുദ്ധ അനധികൃത കുടിയേറ്റം നടത്തിയ ബംഗ്ലാദേശ് പൗരന്മാര് പാക്കിസ്ഥാന് രൂപീകരണത്തോടെ ഇന്ത്യന്‍ പൗരന്മാരല്ലാതായി തീര്‍ന്നു. മതത്തിന്റെ പേരില്‍ മാത്രം രൂപീകരിച്ച രാജ്യമാണ് പാക്കിസ്ഥാന്. മുസ്ലിങ്ങളുടെ കക്ഷിയായ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ ആവശ്യപ്രകാരം മാത്രമാണ് പാക്കിസ്ഥാന് രൂപീകരണം ഉണ്ടായത്.
ഇസ്ലാമിക സ്വര്‍ഗ വാഗ്ദാനത്തില്‍ വിശ്വസിച്ച് യുപിയില്‍ നിന്നും ബീഹാറില്‍നിന്നും പഞ്ചാബില്‍നിന്നും ഒരുപാട് മുസ്ലിങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പാക്കിസ്ഥാനിലേക്ക് കുടിയേറി പാര്‍ക്കുകയുണ്ടായി. ഇവര്‍ മുജാഹിര്‍ എന്ന പേരിലാണ് പാക്കിസ്ഥാനില്‍ അറിയപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്കൊണ്ട് അവര്‍ക്ക് മനസ്സിലായി, തങ്ങളുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞുപോയെന്നും പഞ്ചാബി സുന്നികളുടെ മേല്ക്കോയ്മകളുള്ള പാക്കിസ്ഥാനില്‍ ഷിയാ അഹമ്മദീയ മുസ്ലിങ്ങള്‍വരെ രണ്ടാന്തരം പൗരന്മാരാണെന്നും. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മൃഗീയമായ രീതിയില്‍ ദ്രോഹിക്കപ്പെട്ടു. അവരുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞു. പലരും ഇന്ത്യയുള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളിലേക്കും രക്ഷപ്പെട്ടു. മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട രാജ്യത്തിന് അധികകാലം പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. കിഴക്കന്‍ പാക്കിസ്ഥാന് ബംഗ്ലാദേശായി. അവിടത്തെ സ്ത്രീകള്‍ പ്രധാനമായും ഹിന്ദുക്കള്‍ യഹിയാഖാന്റെ പട്ടാളക്കാരുടെ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. ആസാമിലേക്കും കല്‍ക്കട്ടയിലേക്കും അവര്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശ് സാമ്പത്തികമായി പിന്നോട്ട് പോയിക്കൊണ്ടിരുന്നു. മെച്ചപ്പെട്ട ജീവിത മാര്‍ഗ്ഗം തേടി ബംഗ്ലാദേശ് മുസ്ലിങ്ങള്‍ അതേ രൂപവും അതേ ഭാഷയും ഉള്ള ആസാമിലെ ബംഗാളി പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്തു. അതിര്‍ത്തി വേര്‍പെടുത്തിയിരുന്നില്ല എന്നുള്ളത് ഇവര്‍ക്ക് അനുഗ്രഹമായി മാറി. അങ്ങനെയാണ് ഇന്നിപ്പോള്‍ ഒരു കോടിയിലധികം അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ ആസാമില്‍ തമ്പടിച്ചിരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു കോണ്‍ഗ്രസ്സ് അവരില്‍ പലരേയും അനധികൃതമായി പൗരന്മാരാക്കി. പക്ഷേ ആസാമില്‍ അസ്വസ്ഥത പടര്‍ന്നുപിടിച്ച് തങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണും വനവും നിയമവിരുദ്ധമായി കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നു എന്ന പരാതി അക്രമാസക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങി. സുപ്രീംകോടതി 2005-ല്‍ ഇടപെട്ടുകൊണ്ട് രാജ്യത്തിന് ആസാം എന്നന്നേക്കുമായി നഷ്ടപ്പെടാതിരിക്കാന്‍ ശക്തവും ത്വരിതപരവുമായ നടപടികള്‍ എടുക്കണമെന്ന് കേന്ദ്ര ഗവണമെന്റിനോട് നിര്‍ദ്ദേശിച്ചു. ആസ്സാംകാരുടെ അരക്ഷിതാബോധം അപകടകരമായ നിലയിലേക്ക് നീങ്ങുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് രാജീവ് ഗാന്ധി ആണ് 1985-ല്‍ ആസ്സാം എകോഡ് ഉണ്ടാക്കിയത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ പ്രീണനനയം മൂലം കോണ്‍ഗ്രസ്സ് തയ്യാറായിരുന്നില്ല. അവസാനം പൗരത്വ രജിസ്റ്റര്‍ നിര്‍ബന്ധമായും വേണമെന്ന് സുപ്രീംകോടതി വീണ്ടും കല്പ്പിച്ചു.
മേല്‍പ്പറഞ്ഞ തര്‍ക്കമറ്റ വസ്തുതകളില്‍ നിന്ന് കയ്യേറ്റക്കാരും കുടിയേറ്റക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഭരണാധികാരികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. ഇസ്ലാമിക സ്വര്ഗ്ഗമന്വേഷിച്ച് പോയവരെ തിരിച്ച് ‘നരക’ത്തിലേക്ക് കൊണ്ടുവരാന്‍ ഒരു സര്‍ക്കാരിനും ബാധ്യതയില്ല. പ്രത്യേകിച്ചും ഈ രാജ്യത്ത് ജനിച്ചുവളര്‍ന്ന് സ്വന്തമായി ജീവിതം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ ജീവിതസൗകര്യംഒരുക്കാന് സര്‍ക്കാര്‍ പ്രയത്നിച്ചുകൊണ്ടിരിക്കുമ്പോള്. എന്നാല്‍ മതത്തിന്റെ പേരില്‍ മാത്രം പീഡിപ്പിക്കപ്പെട്ട് മാനഭംഗപ്പെടുത്തി ഇന്ത്യയില്‍ അഭയം തേടിയവര്‍ മാനുഷികപരിഗണന അര്‍ഹിക്കുന്നു. ഇത് ലോക രാഷ്ട്രീയ സമൂഹം അംഗീകരിച്ച തത്വം മാത്രം. വിദേശികള്‍ ഒരു സംഘടിത മതവിഭാഗത്തില്‍പ്പെട്ടതുകൊണ്ട് മാത്രം പരിഗണനയ്ക്ക് അര്‍ഹരാണെന്നുള്ള വാദം ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും അംഗീകരിക്കാന്‍ കഴിയുന്നതല്ല. മറ്റു രാജ്യങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നവരെ സ്വീകരിക്കാന്‍ ഭാരതത്തിന് പ്രത്യേക ബാധ്യതകളൊന്നുമില്ല.
ഈ വസ്തുത വ്യക്തമാക്കി മനസ്സിലാക്കിക്കൊണ്ടാണ് മന് മോഹന്‍സിങ്ങും 2012-ല്‍ സിപിഎമ്മിനും വേണ്ടി പ്രകാശ് കാരാട്ടും ബംഗ്ലാദേശി അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ മാനുഷിക പരിഗണന വേണമെന്ന് കേന്ദ്ര ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിച്ചത്. പൗരത്വ ഭേദഗതി നിയമം വഴി അവരുന്നയിച്ച ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചത്.
എന്നാല്‍ പ്രീണനത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പേരില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടപ്പോള്‍ നിര്‍ദോഷികളും വിദ്യാഭ്യാസപരമായി ഇപ്പോഴും പിന്നാക്കം നില്ക്കുന്നവരുമായി മുസ്ലിം സഹോദരന്മാരുടെ വികാരം വഴിതെറ്റിക്കുന്ന രീതിയില്‍ ഇളക്കിവിട്ടുകൊണ്ട് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഈ കക്ഷികള്‍ ശ്രമിക്കുന്നു. വിദേശികളോടുള്ള അവരുടെ അറിയപ്പെടുന്ന ആദരവിനും അഭിനിവേശത്തിനും പാവപ്പെട്ട ഇന്ത്യന്‍ മുസ്ലിങ്ങളെ ബലിയാടുകളാക്കുകയാണ്. തസ്ലിമ നസ്രിന് എന്ന മുസ്ലിം സ്ത്രീയെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുത് എന്നു പറയുന്നവരാണിവര്‍ കഷ്ടമാണ് അവര്‍ ചെയ്യുന്നത്. വര്‍ഗീയ ലഹളകളാണ് അവരുടെ ലക്ഷ്യമെന്ന് തോന്നുന്നു. ജനഗണമനയും വന്ദേമാതരവും നേതാജിയും നമുക്ക് തന്ന ബംഗാള്‍ നമ്മുടേതല്ലാതാക്കാനാണ് ഇവരുടെ ശ്രമം. രാജ്യസ്നേഹികള്‍ ജാഗരൂകരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: