മലയാള ചെറുകഥാ ലോകത്തെ ചക്രവര്‍ത്തിയും കഥയുടെ കാലഭൈരവന് എന്ന പേര് അന്വര്‍ത്ഥവുമാക്കിയ കഥാകാരന്, വിശേഷണങ്ങള്‍ക്കപ്പുറത്ത് ആഗ്രഹിക്കുന്ന ഒന്നുണ്ട്, അത് മറ്റൊന്നുമല്ല സഹജീവികളില്‍ നിന്നുള്ള കറ കളഞ്ഞ സ്നേഹം. കഥകളിലൂടെ സ്നേഹം തേടിയുള്ള തീര്‍ത്ഥയാത്രയാണ് ടി. പത്മനാഭന് നടത്തിക്കൊണ്ടിരിക്കുന്നത്. സ്നേഹം പകര്‍ന്നു നല്‍കണമെന്ന നാട്ടിന് പുറത്തുകാരന്റെ മനസ്സുമായി ആധുനികതയിലേക്ക് നടന്ന കഥാകൃത്ത് ഇന്നത്തെ മനുഷ്യന്റെ ചെയ്തികള്‍ കണ്ടപ്പോള്‍ അത് കണ്ണീര് തുള്ളികളായി കടലാസുകളിലേക്ക് പടര്‍ന്നു.
പള്ളിക്കുന്നിലെ സഹവര്‍ത്തിത്വത്തിലധിഷ്ഠിതമായ പഴയ തലമുറ ഇല്ലായിരുന്നെങ്കില്‍ ടി. പത്മനാഭന് കഥകള്‍ ഉണ്ടാകുമായിരുന്നോ? ഇല്ല, ഉണ്ടാകുമായിരുന്നില്ല. അത്രമാത്രം പള്ളിക്കുന്നിലെ ഗ്രാമീണ സംസ്കാരം പത്മനാഭന് കഥകളില്‍ അന്തര്‍ലീനമായിട്ടുണ്ട്. കാച്ചിക്കുറുക്കിയ വൈലോപ്പിള്ളി കവിതകള്‍പോലെ അളന്നുമുറിച്ച് രാകിമിനുക്കിയതാണ് പത്മനാഭന് കഥകളിലെ ഓരോരോ വാക്കുകളും.
കഥയുടെ നളിന കാന്തി
കഥാകൃത്തിന്റെ ജീവിതത്തില്‍ സ്നേഹം, കരുണ, പ്രണയം തുടങ്ങിയവ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടോ അതൊക്കെ രചനകളെയും സ്വാധീനിച്ചിട്ടുണ്ട്. ആധുനികതയുടെ മാസ്മരിക ലോകം തേടിപ്പായുമ്പോള്‍ അവഗണിക്കപ്പെടുന്നവരുടെ വേദനകള്‍ പറയുന്ന കഥാകാരന്. മലയാള ചെറുകഥാലോകത്ത് ടി. പത്മനാഭനെന്ന് പറഞ്ഞാല്‍ അത് ഗൗരിയാണ്, പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്. അമ്മ, കടയനെല്ലൂരിലെ സ്ത്രീ, നളിനകാന്തി, കടല്‍ തുടങ്ങിയ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ സ്ത്രീകളുടെ വ്യത്യസ്തമായ മാനസികതലങ്ങള്‍ കഥാകൃത്തിനെ എത്രമാത്രം സ്വാധീനിച്ചുവെന്ന് കാണാന്‍ കഴിയും.
ഗൗരിയില്‍ കഥാകൃത്തിന്റെ വ്യത്യസ്തങ്ങളായ മാനസികഭാവങ്ങളാണ് നാം കാണുന്നത്. തനിക്ക് പറയേണ്ടത് എന്താണോ അത് വേറേ ഒരു വ്യക്തിയിലേക്ക് സന്നിവേശിപ്പിക്കാന്‍ കഥാകാരന് നടത്തിയ ശ്രമങ്ങള്‍ ഒരുപരിധിവരെ മാത്രമേ വിജയം കണ്ടുള്ളൂ. ഒരു ഘട്ടത്തില്‍ ആത്മനിയന്ത്രണം വിട്ട് എന്താണ് പറയാതിരിക്കാന്‍ ശ്രമിച്ചത് അത് അദ്ദേഹത്തെക്കൊണ്ട് ഒരു അദൃശ്യശക്തി പറയിപ്പിച്ചു. ഏറെക്കാലമായി മനസ്സില്‍ താഴിട്ടുവച്ച ആ രഹസ്യം അതേ നാമധേയത്തില്‍തന്നെ വെളിച്ചം കണ്ടു.
നിസ്വാര്‍ത്ഥമായ സ്നേഹക്കടല്‍
”എനിക്ക് ഒരു കഥയും ഇതുവരെയും പറഞ്ഞ് തന്നിരുന്നില്ലല്ലോ! ഞാനൊട്ടു ചോദിച്ചിരുന്നുമില്ല. എങ്കിലും എനിക്കാഗ്രഹമുണ്ട് പറയൂ. തെല്ലുനേരം ഓര്‍മകളിലായിരുന്ന അയാള്‍ പതുക്കെ പറയാന്‍ തുടങ്ങി.” ഇവിടെ നിന്നാണ് കഥയില്‍ ആ മാറ്റം നാം കാണുന്നത്. ഓരോ വായനയിലും പുതിയ പുതിയ തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന മാസ്മരികതകൊണ്ട് മഹാപ്രപഞ്ചം സൃഷ്ടിക്കാന്‍ ഗൗരി ഉള്‍പ്പെടെയുള്ള കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
നിസ്വാര്‍ത്ഥമായ സ്നേഹം തെറ്റിദ്ധരിക്കപ്പെടുമ്പോഴുണ്ടാകുന്ന വേദന കടല്‍ എന്ന കഥയില്‍ കാണുവാന്‍ കഴിയും. ഗ്രാമീണത നിറഞ്ഞ അന്തരീക്ഷത്തില്‍ ജനിച്ച്ജീവിച്ച അമ്മ ആധുനിക ഉപകരണങ്ങളോട് പൊരുത്തപ്പെട്ട് പോകാന്‍ കഴിയാതെ അത്ഭുതത്തോടുകൂടി നോക്കിനില്ക്കുന്നതാണ് അമ്മഎന്ന കഥയിലെ പ്രമേയം. പണത്തിന്റെ വലിപ്പം പ്രദര്‍ശിപ്പിക്കാനായി മക്കള്‍ അമ്മയ്ക്കുവേണ്ടി അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ച് വീട് അലങ്കരിക്കുമ്പോഴും ആ മനസ്സ് ഗ്രാമീണത തേടിയലയുകയാണ്. അമ്മ മക്കളില്‍ നിന്നാഗ്രഹിക്കന്നത് സ്നേഹമാണ്. അത് നല്‍കാതെ മക്കള്‍ സുഖം തേടി പായുന്നു. സ്നേഹത്തിന് പകരം സ്നേഹമല്ലാതെ മറ്റെന്ത് നല്‍കിയിട്ടും കാര്യമില്ലെന്ന് കഥാകൃത്ത് നമ്മെ ഓര്‍മിപ്പിക്കുന്നു.
എഴുത്തിലെ ആത്മനിര്‍വൃതി
ടി.പത്മനാഭന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച മാറ്റങ്ങളാണ് മലയാള ചെറുകഥയ്ക്ക് പുതിയ ദിശാബോധം നല്‍കിയത്. അതിന് വായനക്കാര്‍ നന്ദി പറയേണ്ടത് പളളിക്കുന്നിലെ ആ ഗ്രാമീണ സ്ത്രീയോടാണ്. പള്ളിക്കുന്നിലെ തറവാടുകളിലെ സ്ത്രീകളെല്ലാം പണ്ടുമുതലേ നല്ല വായനക്കാരും നിരവധി പുസ്തകങ്ങളുടെ ശേഖരത്തിനുടമകളുമായിരുന്നു. ആ പുസ്തക ശേഖരമാണ് ടി. പത്മനാഭനെന്ന കഥാകാരന്റെ ജനനത്തിന് ഒരു പരിധിവരെ നിമിത്തമായത്.
ഏത് കാലഘട്ടത്തിലേതെടുത്ത് വായിച്ചാലും ആ കാലവുമായി ഇഴുകിച്ചേര്‍ന്ന് പോകുന്നതാണ് പത്മനാഭന്റെ കഥകള്‍. അഴിമതി വിരുദ്ധസമരം നടക്കുന്ന ഇക്കാലത്ത് അറുപതികളുലെഴുതിയ ഉദ്യോഗ സംബന്ധമായ പ്രമേയമുള്ള കഥകള്‍ മലയാളി പുനര്‍വായനയ്ക്ക് വിധേയമാക്കണം. പത്മനാഭന് കഥകള്‍ അമര്‍ത്യങ്ങളാണെന്നതില്‍ തര്‍ക്കമില്ല. കഥകളിലെ മൗനം നല്കുന്ന അര്‍ത്ഥം എത്രയോ വലുതാണ്.
മൗനത്തിന്റെ ദിവ്യപ്രപഞ്ചം
മലയാള കഥാലോകത്ത് ഒരിക്കലും വിസ്മരിക്കാനാവാത്ത ഗൗരി, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, അമ്മ തുടങ്ങിയ മിക്ക രചനകളിലും സ്ത്രീ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. ഒരു കാലഘട്ടം മുതല്‍ ടി. പത്മനാഭനെന്ന എഴുത്തുകാരനെ സ്വാധീനിച്ച വ്യക്തിയാണ് തങ്കം. തങ്കം സ്വയമെടുത്തണിഞ്ഞ മൗനത്തിന്റെ മൂടുപടം മലയാളിക്ക് പത്മനാഭനിലൂടെ സമ്മാനിച്ചതാകട്ടെ എക്കാലത്തെയും മികച്ച സൃഷ്ടികളായ ഒരുകൂട്ടം കഥകള്‍. മൗനത്തിലൂടെ പ്രിയപത്നി തങ്കം തീര്‍ത്ത ആ ദിവ്യപ്രപഞ്ചം അവരുടെ പ്രിയപ്പെട്ട പപ്പേട്ടനിലൂടെ കഥകളായി വെളിച്ചം കണ്ടു.
ടി. പത്മനാഭന് കഥകളില്‍ പലപ്പോഴും കര്‍ക്കശക്കാരിയും സ്നേഹനിധിയുമായ വീട്ടമ്മയായി തങ്കം, കടന്നുവരുന്നുണ്ട്. മനുഷ്യന് ഹാ, എത്ര മഹത്തായ പദം, കത്തുന്ന രഥചക്രം, അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്, ജീവന്റെ വഴി, നളിനകാന്തി, പൂച്ചകളുടെ വീട്, ഭാഷയും ഭാവനയും തുടങ്ങിയ കഥകളില്‍ അവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. പക്ഷേ അവര്‍ ഭര്‍ത്താവിന്റെ കഥകളെക്കുറിച്ച് പരസ്യമായി സംസാരിക്കാറില്ല. കഥകളില്‍ അവരെക്കുറിച്ച് എന്ത് പരാമര്‍ശം നടത്തിയാലും ഒട്ടും നീരസം പ്രകടിപ്പിക്കാതെ അമ്മായി (ഈ ലേഖകന്റെ അച്ഛന്റെ അമ്മാവന്റെ ഭാര്യയാണ് തങ്കം) അതില്‍ അഭിമാനം കൊള്ളുമായിരുന്നു. ഒരുപക്ഷേ തന്റെ എതിര്‍പ്പ് ഭര്‍ത്താവിന്റെ മനസ്സിനെ വിഷമിപ്പിച്ചേക്കാമെന്ന് കരുതി സ്വയം മിണ്ടാതിരുന്നതായിരിക്കാം.
പപ്പേട്ടന് എങ്ങനെയുണ്ട്?
എഴുതിയ കഥകളെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗംതന്നെയായിരുന്നു. ഭര്‍ത്താവിന്റെ എഴുത്തില്‍ പരോക്ഷമായ സ്വാധീനം അവര്‍ എപ്പോഴും ചെലുത്തിയിരുന്നു. മൗനത്തിലൂടെ തീര്‍ത്ത ഭൗതിക സാഹചര്യങ്ങള്‍ ഭര്‍ത്താവിന്റെ മികച്ച സൃഷ്ടികള്‍ക്കുള്ള പ്രചോദനമാകുന്നതില്‍ അവര്‍ അഭിമാനിക്കാറുണ്ട്. പ്രശസ്തിയുടെ കൊടുമുടിയില്‍ ഭര്‍ത്താവ് വിരാജിക്കുമ്പോഴും അവര്‍ മൗനത്തിന്റെ മൂടുപടം സ്വയമെടുത്ത് അണിയുകയായിരുന്നോ? പലതും കൂട്ടിവായിക്കുമ്പോള്‍ അവര്‍ അത് സ്വയം സ്വീകരിച്ച് വീടിനുള്ളില്‍ ഒതുങ്ങി കൂടുകയായിരുന്നു. കഥകളെക്കുറിച്ച് അവര്‍ മൗനം പൂകിയാലും ഭര്‍ത്താവിന്റെ ഓരോരോ സാമൂഹ്യ ഇടപെടലുകള്‍ അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു.
പരിപാടികള്‍ക്ക് ക്ഷണിക്കാനായി വന്നവരോട് കഥാകൃത്ത് പരുക്കനായി പെരുമാറുകയും അവരെ വീട്ടില്‍നിന്ന് ഇറക്കി വിടുകയും ചെയ്യുന്നത് അകത്തുനിന്ന് കേട്ട് കടന്നുവന്ന ഭാര്യ ചോദിക്കുന്നുണ്ട്. എന്തിനാണ് എല്ലാവരെയും ഇങ്ങനെ വെറുപ്പിക്കുന്നത്? ടി. പത്മനാഭന്‍തന്നെ കഥയിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ പറയേണ്ടി വന്നതില്‍ കഥാകൃത്ത് പിന്നീട് ഖേദിക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മൗനിയായി നടന്നപ്പോഴും അവര്‍ എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. ഹൈദരബാദില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ അമ്മാവന് ക്ഷീണിതനായി വീണപ്പോള്‍ ആ വിവരം ഞങ്ങള്‍ അമ്മായിയില്‍നിന്ന് മറച്ചുവച്ചു. പക്ഷേ പിറ്റേദിവസം പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ അവര്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. പപ്പേട്ടന് ഒന്നുമില്ല, പൂര്‍ണ ആരോഗ്യത്തോടെ ഉടന്‍ തിരിച്ചുവരുമെന്ന് എല്ലാവരോടും ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു. ചിക്കന്‍ഗുനിയ മൂര്‍ച്ഛിച്ച് അമ്മാവനെ ആശുപത്രിയിലാക്കിയ സമയം എന്റെ വീട്ടിലേക്ക് അവര്‍ നിരന്തരമായി ഫോണ്‍ ചെയ്യുമായിരുന്നു. പപ്പേട്ടന് എങ്ങനെയുണ്ട്, ആരും ഒന്നും എന്നോട് പറയുന്നില്ല എന്ന പരിഭവമായിരിക്കും അതിലേറെയും.
‘കീരിയും പാമ്പും’ സ്നേഹവും
അമ്മായിയുടെ വേദന നിറഞ്ഞ ആശുപത്രി കാലഘട്ടത്തിലാണ് ഞാന്‍ അവരുമായി ഏറെ അടുക്കുന്നത്. ”അമ്മാവന് പാവമാ, എല്ലാവരോടും ദേഷ്യപ്പെട്ട് സംസാരിക്കും എന്നേയുള്ളു. മനസ്സില്‍ ഒന്നുമില്ല. ആരോടെങ്കിലും ദേഷ്യപ്പെട്ടാല്‍ അന്ന് മുഴുവന്‍ വിഷമിച്ചിരിക്കുന്നത് കാണാം. മനസ്സില്‍ എല്ലാവരോടും സ്നേഹം മാത്രമേയുളളു. പക്ഷേ അത് പ്രകടിപ്പിക്കുന്നത് ഇങ്ങനെയായിപ്പോയി. എന്തുചെയ്യാം.” വീട്ടില്‍ വീണ് വലതുകാലിന്റെ എല്ലുപൊട്ടി ആശുപത്രിയില്‍ കിടന്ന ദിവസങ്ങളില്‍ പപ്പേട്ടനെക്കുറിച്ച് പറയാന്‍ അവര്‍ക്ക് നൂറ് നാവായിരുന്നു. അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം എന്നെ അമ്പരപ്പിച്ചു. ഭാര്യയും താനും കീരിയും പാമ്പും പോലെയാണെന്ന് ടി. പത്മനാഭന്‍തന്നെ കഥകളിലൂടെ പലപ്പോഴും സൂചിപ്പിച്ച് വയ്ക്കുന്നുണ്ട്. പക്ഷേ അതെല്ലാം വെറും വെള്ളക്കടലാസില്‍ കോറിയിട്ട കറുത്ത അക്ഷരങ്ങളായി അവശേഷിക്കുന്ന തരത്തിലായിരുന്നു അമ്മായിയുടെ പപ്പേട്ടന് വര്‍ണന.
ആശുപത്രിയില്‍ കിടന്ന സമയത്ത് ഒരു ദിവസം വൈകിട്ട് മയക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന അമ്മായി പറഞ്ഞു. ”കുട്ടാ (അവര്‍ എന്നെ അങ്ങനെയാണ് വിളിക്കാറ്) നീ ഇപ്പോള്‍ വീട്ടില്‍ പോകണം. പപ്പേട്ടനെ തനിച്ചാക്കരുത്, രാത്രി അവിടെ കിടന്നോ…ഞങ്ങള്‍ കിടക്കുന്ന കട്ടില് വളരെ വലുതാണ് കുട്ടി അവിടെ കിടന്നോ ….” അതും പറഞ്ഞ് എന്റെ കൈയ്യും പിടിച്ച് വിദൂരതയിലേക്ക് കണ്ണുനട്ട് അവര്‍ ഏറെ നേരം കിടന്നു. ”കുട്ടാ നീ വേഗം ഞങ്ങളുടെ വീട്ടിലേക്ക് പോയ്ക്കോ….പപ്പേട്ടന് വഴക്കൊന്നും പറയില്ല. ഞാന്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണെന്ന് പറഞ്ഞോളൂ…”അത് പറയുമ്പോള്‍ അവരുടെ ശബ്ദമിടറുന്നുണ്ടായിരുന്നു. ശരിക്കും അവര്‍ തമ്മിലുള്ള കറ കളഞ്ഞ സ്നേഹം അന്ന് ഞാന്‍ കണ്ടു.
കഥകളിലെ നിശ്ശബ്ദ പ്രേരണ
അമ്മാവനെ തനിച്ചാക്കുന്നതില്‍ അവര്‍ ഏറെ ദുഃഖിതയായിരുന്നു. അത് അവര്‍ പലപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്നു. തന്റെ അസുഖത്തെക്കുറിച്ച് പൂര്‍ണമായും ഭര്‍ത്താവിനെ അറിയിക്കരുതെന്ന് ഇടയ്ക്കിടയ്ക്ക് പറയും. അതിന് കാരണമായി അവര്‍ പറഞ്ഞത് പപ്പേട്ടന് അതൊന്നും താങ്ങാന്‍ കഴിയില്ലെന്നാണ്. പൊതുപരിപാടികള്‍ക്ക് പോയാല്‍ കണ്ടതും കേട്ടതുമായ പലതിനെക്കുറിച്ചും അവര്‍ തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നു. അമ്മായിയാകട്ടെ വീട്ടില്‍നിന്ന് അധികം പുറത്തുപോകാറില്ലെങ്കില്‍ കൂടി കിട്ടുന്ന വിവരങ്ങളെല്ലാം ഭര്‍ത്താവുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. രണ്ടുപേരും അന്യോന്യം ചര്‍ച്ച ചെയ്തേ കാര്യങ്ങള്‍ ചെയ്തിരുന്നുള്ളൂ. പക്ഷേ അത് പുറത്ത് പ്രകടിപ്പിക്കാത്തതായിരുന്നു അവരുടെ വിജയം. എന്ത്തന്നെയായാലും ടി. പത്മനാഭന് കഥകള്‍ രൂപംകൊള്ളുന്നതില്‍ തങ്കം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുത്തിന് ഭൗതിക സാഹചര്യങ്ങളൊരുക്കി അവര്‍ നല്കിയ അകമഴിഞ്ഞ പിന്തുണ മലയാള ഭാഷയ്ക്ക് സമ്മാനിച്ചത് അമൂല്യ രത്നങ്ങളാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയുമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: