കുവൈറ്റ് സിറ്റി: സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് ഫാഹീല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ലൈഫ് ലൈന്‍ – ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി’ എന്ന വിഷയത്തില്‍ പൊതുപരിപാടി സംഘടിപ്പിച്ചു. മംഗാഫില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.എന്‍. സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ദേശീയ അവാര്‍ഡ് ജേതാവും, കുവൈറ്റില്‍ സുപ്രസിദ്ധ ഓങ്കോളജിസ്റ്റുമായ ഡോ. സുസോവന സുജിത് നായരും, ഇന്റേണല്‍ ട്രയിനറും, സിഐഎസ് വൈസ് പ്രസിഡന്റുമായ നിഷ ദിലീപും, വിഷയങ്ങള്‍ അവതരിപ്പിച്ചു. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള കാരണങ്ങളും, അതു കുറയ്ക്കാനും, ഒഴിവാക്കാനുമുള്ള, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, നിഷ ദിലീപ് വിശദീകരിച്ചു.
പുകവലി, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍, മദ്യപാനം തുടങ്ങിയവ മൂലം സ്വന്തം ശരീരത്തിനും, കുടുംബത്തിനും, സംഭവിക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ചും, ഇതില്‍ നിന്ന് എത്രയും പെട്ടന്ന് വിമുക്തി നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, ഡോ. സുസോവന സ്ഥിതിവിവരകണക്കുകള്‍ നിരത്തി വിശദീകരിച്ചു. കൂടാതെ, മൊബൈല്‍ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങള്‍ പോലെ വികരണ ശേഷിയുള്ള ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം മൂലം കുട്ടികളില്‍ സംഭവിക്കാനിടയുള്ള ആഘാതങ്ങളെ കുറിച്ചും ഡോ. സുസോവന ചൂണ്ടിക്കാട്ടി.
സദസ്യരുടെ മികച്ച പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടിയില്‍ ഉയര്‍ന്ന എല്ലാ സംശങ്ങള്‍ക്കും ഡോ. സുസോവനയും നിഷ ദിലീപും മറുപടി നല്കി. ജഗദീഷ് അവതാരകനായ ചടങ്ങില്‍ ബിന്ദു സുധീര്‍ സ്വാഗതവും, ബാലമുരുകന് നന്ദിയും പ്രകാശിപ്പിച്ചു. സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസിന്റെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ചും മുന്‍പ് അവതരിപ്പിച്ച വിവിധ പരിപാടികളെ കുറിച്ചും സിഐഎസ് ഫാഹീല്‍ ഏരിയ പ്രസിഡന്റ് സുധീര്‍ വി.മേനോന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: