കൊച്ചി: പുതുതായി പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. മാമാങ്കത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിക്ക് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. സെന്‍ട്രല്‍ സിഐയ്ക്കാണ് അന്വേഷണച്ചുമതല.
സിനിമ പുറത്തിറങ്ങി രണ്ടാം ദിവസം മുതലാണ് വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച് തുടങ്ങിയത്. ടെലിഗ്രാമിലടക്കം വ്യാജന്മാര് പ്രത്യക്ഷപ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞു.
ഗോവിന്ദ് എന്ന പ്രൊഫൈലില്‍ നിന്നാണ് ടെലിഗ്രാമില്‍ പ്രിന്റ് അപ്ലോഡ് ചെയിതിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇക്കാര്യമുള്‍പ്പെടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ടെലിഗ്രാമില്‍ നിന്ന് ഇതിനോടകം നിരവധിപേരാണ് വ്യാജപ്രിന്റ് ഡൗണ്‍ലോഡ് ചെയ്തത്. ഡൗണ്‍ലോഡ് ചെയ്ത മുഴുവന്‍ പേരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.
സിനിമയെ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള നിയമവിരുദ്ധമായ പ്രവൃത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തേണ്ടത് വ്യവസായത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും ആന്റണി ജോസഫ് പറഞ്ഞു.
സിനിമക്കെതിരെ ചില ഡിജിറ്റല്‍ ക്വട്ടേഷന്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു സംശയിക്കുന്നതായും അത് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സിനിമയെ ഡീ ഗ്രേഡ് ചെയ്യണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്ത നിതിന്‍ എന്ന വ്യക്തിക്കെതിരേയും അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും ഫോണ്‍ നമ്പറും പോലീസിന് ലഭിച്ചിട്ടുണ്ട്. സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: