കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവാദമായ മാര്‍ക്ക് ദാനത്തിലൂടെ വിജയികളായവരുടെ പരീക്ഷാഫലം റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നിയമ പോരാട്ടത്തിന്. പരീക്ഷാ ഫലം റദ്ദാക്കിയതിനും പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങുന്നതിനുമെതിരെ 18 വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ക്കൊപ്പം കൂടുതല്‍ വിദ്യാര്‍ത്ഥികളും കക്ഷി ചേരുമെന്നാണ് സൂചന.
മാര്‍ക്ക് ദാനത്തിലൂടെ പരീക്ഷ പാസായ 118 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഫലം റദ്ദാക്കിയെന്നും സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനുള്ളില്‍ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രേഡായി വിദ്യാര്‍ത്ഥികള്‍ക്ക് മെമ്മോ അയച്ചിരുന്നു. മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ഇടപെട്ട് നടത്തിയ മാര്‍ക്ക് ദാനം വിവാദമായതോടെയാണ് സിന്‍ഡിക്കേറ്റ് മാര്‍ക്ക് ദാനം റദ്ദാക്കിയത്.
ബിടെക് ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ ഒരു വിഷയത്തിന് ജയിക്കാന്‍ ഒരു മാര്‍ക്ക് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിദ്യാര്‍ത്ഥി സര്‍വകലാശാല അദാലത്തിനെ സമീപിച്ചത്. സര്‍വകലാശാലയിലെ എംപ്ലോയീസ് യൂണിയന് മുന്‍ നേതാവ് കൂടിയായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഇടപെടല്‍ മൂലം അദാലത്തിലൂടെ ജയിക്കാനാവശ്യമായ ഒരു മാര്‍ക്ക് അനുവദിച്ചു. പിന്നാലെയാണ് ഒരു വിഷയത്തില്‍ മാത്രം തോറ്റവര്‍ക്ക് ജയിക്കാനാവശ്യമായ അഞ്ച് മാര്‍ക്ക് വരെ മോഡറേഷന് നല്കാന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. സംഭവം വിവാദമായതോടെ തീരുമാനം റദ്ദാക്കി.
അതേസമയം, ഫലം റദ്ദാക്കാന്‍ സര്‍വകലാശാല ചട്ടപ്രകാരം സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. പാസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയ വിദ്യാര്‍ത്ഥികള്‍ അതുപയോഗിച്ച് ജോലിക്ക് കയറിയിരുന്നു. എന്നാല്‍, ഫലം റദ്ദാക്കിയതോടെ വിജയികളായവര്‍ വെട്ടിലായി. ഫലം റദ്ദാക്കിയതായി കാണിച്ച് കഴിഞ്ഞ ദിവസം സര്‍വകലാശാല നോര്‍ക്ക റൂട്ട്സിനെയും വിവരം അറിയിച്ചു.
ഇതിനിടെ, സര്‍വകലാശാലകളില്‍ അദാലത്ത് നടത്താന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്തായി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ട് നല്കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളില്‍ അദാലത്തില്‍ നടത്തിയതിന്റെ തെളിവാണ് പുറത്തായത്. അദാലത്തില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും സര്‍വകലാശാലകള്‍ സ്വന്തം നിലയില്‍ നടത്തിയതെന്നുമായിരുന്നു മന്ത്രിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: